ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ച് തന്നിട്ടുണ്ട്. അതില്‍ പെട്ടതാണ് വിവാഹം, വിവാഹ മോചനം, സ്വത്തിലുള്ള അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമ (മുസ്‌ലിം പേഴ്‌സണല്‍ ലോ) ത്തിനനുസൃതമായി പ്രവര്‍ത്തിക്കാനും തീരുമാനിക്കാനുമുള്ള അവകാശം. ഇന്ത്യയിലെ മുസ്‌ലിം വ്യക്തി നിയമത്തിലോ ഇസ്‌ലാമിക ശരീഅത്തിലോ 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടിലോ' മുസ്‌ലിം പുരുഷന്‍മാരുടെയോ സ്ത്രീകളുടെയോ വിവാഹപ്രായം നിര്‍ണയിക്കപ്പെട്ടിട്ടില്ല.
എന്നാല്‍ 2006ലെ 'ശിശു വിവാഹ നിരോധ നിയമ'ത്തില്‍ അത് യഥാക്രമം 21ഉം 18ഉം ആയി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഈ വൈരുധ്യം ഇല്ലാതാക്കിയിട്ടില്ലെങ്കില്‍, അനിവാര്യമായ ചില സാഹചര്യങ്ങളില്‍ വിവാഹിതരാകേണ്ടിവരുന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രയാസം നേരിടേണ്ടിവരുമെന്ന് മാത്രമല്ല അത് ഭരണ ഘടനാദത്തമായ മുസ്‌ലിംകളുടെ മൗലികാവകാശങ്ങളുടെ ലംഘനമായിത്തീരുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വേണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെടുന്നതും അതിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കാനാലോചിക്കുന്നതും വലിയൊരു തെറ്റായി ചിത്രീകരിച്ച് ചില കക്ഷികള്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലൊ. ഇങ്ങനെയൊരു ആവശ്യമുന്നയിക്കുന്നത് ഒരു പുതിയ
കാര്യമല്ല.
കാര്യമല്ല.
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മാത്രമല്ല, മറ്റ് പല വിഷയങ്ങളിലും 'മുസ്‌ലിം വ്യക്തി നിയമത്തിന്റെ' പരിരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി അതിനെതിരായി വരാനിടയുള്ള നിയമ നിര്‍മ്മാണങ്ങള്‍ തടയാനോ പുതിയ നിയമനിര്‍മ്മാണം ആവശ്യപ്പെടാനോ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കിട്ടാനോ പാര്‍ലമെന്റിലൂടെയും കോടതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഇന്ത്യയിലെ മുസ്‌ലിംകള്‍ മുമ്പും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയിലും വിജയിച്ചിട്ടുമുണ്ട്.
നൂറ്റാണ്ടുകളോളം മുസ്‌ലിംകളുടെ ഭരണത്തിലായിരുന്നുവല്ലോ ഈ രാജ്യം. ആ ഭരണകര്‍ത്താക്കളില്‍ പലരും ശരിയായ മതനിഷ്ഠയുള്ളവരായിരുന്നു എന്ന് പറയാനാവുകയില്ലെങ്കിലും മുസ്‌ലിംകളുടെ ജീവിത മണ്ഡലങ്ങളില്‍ പലതിലും അവര്‍ ഇസ്‌ലാമിക ശരീഅത്തായിരുന്നു നടപ്പാക്കിയിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭരണം കയ്യടക്കിയപ്പോള്‍ അവര്‍ പടിപടിയായി ശരീഅത്ത് നിയമങ്ങള്‍ നിഷ്‌കാസനം ചെയ്യാനും തല്‍സ്ഥാനത്ത് അവരുണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യമായി അവര്‍ 1886ല്‍ 'ഫൗജ്ദാരീ' അഥവാ ക്രിമിനല്‍ നിയമ വ്യവസ്ഥയും അതിനുശേഷം 'ശഹാദാത്ത്' (തെളിവ്) നിയമവും മുആഹദ: (കരാര്‍) നിയമവും റദ്ദാക്കി. അവസാനം ബ്രിട്ടീഷ് സര്‍ക്കാര്‍ നിക്കാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ 'മുസ്‌ലിം വ്യക്തി നിയമങ്ങളി'ലേക്ക് തിരിയുകയും അവ റദ്ദാക്കാന്‍ ആലോചിക്കുകയും ചെയ്തു. അതിനുവേണ്ടി അവര്‍ ഒരു 'റോയല്‍ കമ്മീഷനെ' നിയമിച്ചു. കമ്മീഷന്‍ അംഗങ്ങള്‍ നാലുതവണ യോഗംചേര്‍ന്ന് ചര്‍ച്ച ചെയ്‌തെങ്കിലും വ്യക്തി നിയമങ്ങള്‍ മാറ്റിയാല്‍ അത് മുസ്‌ലിംകളുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും അവരുടെ മത സ്വാതന്ത്ര്യത്തിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്ന നിഗമനത്തിലെത്തുകയാണ് ചെയ്തത്. അങ്ങനെ ബ്രിട്ടീഷ് ഭരണകൂടം പ്രസ്തുത ശ്രമത്തില്‍നിന്ന് പിന്‍വാങ്ങുകയും മുസ്‌ലിംകള്‍ ശരീഅത്ത് നിയമങ്ങളും ഹിന്ദുക്കള്‍ 'ധര്‍മ്മശാസ്ത്ര'വും പിന്തുടരേണ്ടതാണെന്ന് തീരുമാനിക്കുകയുമുണ്ടായി. ഈ വിജയം സാധ്യമായത് അക്കാലത്തെ മുസ്‌ലിം നേതാക്കളുടെയും പണ്ഡിതന്‍മാരുടെയും ശക്തമായ എതിര്‍പ്പും അവസരോചിതമായ ഇടപെടലുകളും കൊണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായുണ്ടായ നിര്‍ണ്ണായക വിജയമായിരുന്നു, 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട്'. ആ നിയമ നിര്‍മ്മാണത്തിനു നിമിത്തമായത് ഒരു മുസ്‌ലിം വനിത തന്റെ സഹോദരനെതിരായി കോടതിയില്‍ കൊടുത്ത അസാധാരണമായ ഒരു കേസായിരുന്നു. തനിക്ക്, മരിച്ചുപോയ പിതാവിന്റെ സ്വത്തില്‍നിന്ന് ശരീഅത്ത് അനുസരിച്ച് അവകാശപ്പെട്ട ഓഹരി ലഭിക്കണമെന്നായിരുന്നു അവളുടെ വാദം. എന്നാല്‍ പ്രതിയായ സഹോദരന്‍ തങ്ങള്‍ ജാതി കൊണ്ട് ഹിന്ദു സമുദായവുമായി ബന്ധപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണെന്നും ഹിന്ദുക്കള്‍ക്കിടയില്‍ പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്നും ഈ സമ്പ്രദായം തങ്ങളുടെ കുടുംബത്തില്‍ ദീര്‍ഘകാലമായി തുടര്‍ന്നുവരുന്നതാണെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ശരീഅത്ത് നിയമം ബാധകമല്ലെന്നുമുളള മറുവാദമുന്നയിക്കുകയാണ് ചെയ്തത്.
'ആചാര' (കസ്റ്റം) ത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന 'റോമന്‍ നിയമ' (റോമന്‍ ലോ) ത്തില്‍നിന്ന് ഉല്‍ഭൂതമായ ബ്രിട്ടീഷ് നിയമ (ബ്രിട്ടീഷ് ലോ) ത്തിലും 'ആചാരം' ഒരു പ്രധാന നിയമ സ്രോതസ്സായി പരിഗണിക്കപ്പെട്ടിരുന്നു. അതുകൊണ്ട്, ആ ബ്രിട്ടീഷ് കോടതി സഹോദരന്റെ വാദം സ്വീകരിച്ചു അയാള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. അങ്ങനെ സഹോദരിക്ക് പിതാവിന്റെ സ്വത്തില്‍നിന്ന് ശരീഅത്ത് പ്രകാരം ലഭിക്കേണ്ട ഓഹരി നിഷേധിക്കപ്പെട്ടു. ക്രൂരമായ ഈ നീതി നിഷേധത്തിന്നെതിരെ രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകവും ശക്തവുമായ രോഷവും പ്രതിഷേധവും ഉയര്‍ന്നു. മുസ്‌ലിം പണ്ഡിതന്‍മാരും സമുദായ നേതാക്കളും ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. അവര്‍ നടത്തിയ ശക്തമായ പോരാട്ടത്തിന്റെയും എതിര്‍പ്പിന്റെയും ഫലമായി അവസാനം ബ്രിട്ടീഷ് ഭരണകൂടം 'മുസ്‌ലിം വ്യക്തി നിയമ'ങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കുന്ന, ഒരു നിയമം പാസാക്കി. അതാണ് 1937ലെ 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട്'. ഈ ആക്ട് പ്രകാരം വിവാഹം, വിവാഹ മോചനം, ഖുല്‍അ്, ളിഹാര്‍, വിവാഹം ദുര്‍ബലപ്പെടുത്തല്‍, അനന്തരാവകാശം, ഒസ്യത്ത്, ദാനം തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ രണ്ട് കക്ഷികളും മുസ്‌ലിംകളാണെങ്കില്‍ ആചാരങ്ങളും പതിവ് സമ്പ്രദായങ്ങളും എന്തായാലും ശരീഅത്ത് നിയമം മാത്രമേ ബാധകമാകൂ എന്ന് തീരുമാനിക്കപ്പെട്ടു.
അങ്ങനെ ബ്രിട്ടീഷ് ഭരണകാലത്ത് 'ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട്' മുസ്‌ലിം വ്യക്തി നിയമത്തിന്റെ ശക്തമായ രക്ഷാകവചമായി നിലനിന്നു. പിന്നീട് ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടന നിലവില്‍ വന്നപ്പോള്‍ എല്ലാ സമുദായങ്ങള്‍ക്കും അവരവരുടെ മത നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ സാധിക്കത്തക്കവിധം അതില്‍ വിശ്വാസ സ്വാതന്ത്ര്യവും മനസാക്ഷി സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. തല്‍ഫലമായി രാജ്യത്തെ മുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തി നിയമങ്ങളുടെ പരിരക്ഷ ഉറപ്പ് വരുത്തപ്പെട്ടു.
നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഭരണഘടനയിലെ 44ാം ഖണ്ഡിക (ആര്‍ട്ടിക്ക്ള്‍ 44) യില്‍ ഉള്‍പ്പെടുത്തപ്പെട്ട 'മാര്‍ഗ നിര്‍ദ്ദേശക തത്വങ്ങളി' (ഡയരക്ടീവ് പ്രിന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി) ല്‍പ്പെട്ട 'യൂനിഫോം സിവില്‍കോഡ്' എന്ന ആശയം മുസ്‌ലിം വ്യക്തി നിയമത്തിന്റെ തലക്ക് മുകളില്‍ ഭീഷണിയായി 'ഡമോക്ലസിന്റെ വാളു'പോലെ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നു. 'മാര്‍ഗ നിര്‍ദേശക തത്വ'ങ്ങളിലൊന്നായി 'ഏക സിവില്‍കോഡ്' എന്ന ലക്ഷ്യം ഉള്‍ക്കൊള്ളിച്ചപ്പോള്‍ ഭരണഘടനാ നിര്‍മ്മാണ വേളയില്‍ 'ഭരണഘടന' നിര്‍മ്മാണ സഭയിലെ മൗലാനാ ഹസ്രത്ത് മോഹാനി, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് തുടങ്ങിയ മുസ്‌ലിം അംഗങ്ങള്‍ എതിര്‍ക്കുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെങ്കിലും അത് വിജയിച്ചില്ല. അങ്ങനെ, മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും ശത്രുക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മുസ്‌ലിം വ്യക്തി നിയമത്തെ അപകടപ്പെടുത്താനുള്ള ആയുധമായി ആ വകുപ്പ് ഇപ്പോഴും ഭരണഘടനയില്‍ അവശേഷിക്കുന്നു.
അത്തരം ശ്രമങ്ങളിലൊന്നായിരുന്നു 1964 നവംബറില്‍ മഹാരാഷ്ട്ര അസംബ്ലിയിലെ മുസ്‌ലിം നാമധാരി ഒരംഗം ബഹുഭാര്യത്വം നിയന്ത്രിക്കാന്‍ ഒരു ബില്‍ അവതരിപ്പിച്ചത്. അതേ വര്‍ഷം ഡിസംബറിലും ഇതേ വിഷയത്തില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ തന്നെ രണ്ടാമതൊരു ബില്ലും അവതരിപ്പിക്കപ്പെട്ടു. ഈ ബില്ലിനെയും തങ്ങള്‍ 'മതേതരത്വ' വാദികളാണെന്ന് തെളിയിക്കാന്‍ ചില മുസ്‌ലിം നാമധാരികളായ മെമ്പര്‍മാര്‍ പിന്തുണച്ചു.
1963ല്‍ കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം വ്യക്തി നിയമം പരിഷ്‌കരിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചു. മുസ്‌ലിം വ്യക്തി നിയമത്തില്‍ ഭേദഗതി വരുത്തി ഏക സിവില്‍ കോഡ് നടപ്പാക്കുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം. അപകടം മണത്തറിഞ്ഞ രാജ്യത്തെ എല്ലാ മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതന്‍മാരും ഒറ്റക്കെട്ടായി ഈ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ ഈ സംഘടിത പ്രതിഷേധം അവഗണിക്കാന്‍ കഴിയാതെ ഇന്ത്യാ ഗവണ്‍മെന്റ് ആ ശ്രമത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു.
1972 ഓഗസ്ത് 31ന് കേന്ദ്ര നിയമ മന്ത്രി അശോക് കുമാര്‍ സെന്‍, രാജ്യസഭയില്‍ പ്രഖ്യാപിച്ചു: അത്തരമൊരു കമ്മീഷന്‍ നിയമിക്കുക എന്ന ആശയം ഗവണ്‍മെന്റ് ഉപേക്ഷിച്ചിരിക്കുന്നു. മുസ്‌ലിംകളില്‍ ഭൂരിപക്ഷവും മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യുന്നതിന് എതിരാണ്. ന്യൂനപക്ഷങ്ങളുടെ വ്യക്തി നിയമങ്ങള്‍ അവരുടെ ഇച്ഛക്കെതിരായി ഭേദഗതി ചെയ്യാന്‍ ഗവണ്‍മെന്റിന് ഉദ്ദേശ്യമില്ല.'
മുസ്‌ലിം വികാരത്തെ മാനിച്ച് ഭരണം ആ നീക്കം ഉപേക്ഷിച്ചെങ്കിലും മുസ്‌ലിം വ്യക്തിനിയമം നിഷ്‌കാസനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഏക സിവില്‍കോഡ് വാദികളായ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കള്‍ നടത്തിക്കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ മുസ്‌ലിം നാമധാരികളായ ചില സ്വയംപ്രഖ്യാപിത 'സെക്കുലറിസ്റ്റു'കളും ഉണ്ടായിരുന്നു. അവരുടെ ശ്രമങ്ങള്‍ക്ക് തടയിടാനും മുസ്‌ലിം വ്യക്തിനിയമം സംരക്ഷിക്കാനും മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളും നേതാക്കളും പണ്ഡിതന്‍മാരും സംഘടിതമായി പ്രയത്‌നിച്ചുകൊണ്ടിരുന്നു. ആ പ്രയത്‌നങ്ങളുടെ ഫലമായാണ് 1972ല്‍ ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകരിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ശരീഅത്തിന്റെയും മുസ്‌ലിം വ്യക്തി നിയമത്തിന്റെയും സംരക്ഷണത്തിനുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും നായകത്വം വഹിച്ചത് ഈ സമിതിയാണ്.(തുടരും)