ഹജ്ജിന് മുമ്പുള്ള വെള്ളിയാഴ്ച; ഹറം നിറഞ്ഞൊഴുകി

വെള്ളിയാഴ്ച നിറഞ്ഞൊഴുകിയ ഹറം (വിദൂര ദ്രശ്യം) 
മക്ക: പാപമുക്തി തേടിയെത്തിയ തീര്‍ഥാടക ലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് വിശുദ്ധ ഹറം നിറഞ്ഞൊഴുകി. ഹജ്ജിന് മുമ്പുള്ള അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരാല്‍ ഹറമും പരിസര പ്രദേശവും നിറഞ്ഞുകവിഞ്ഞു. ഇന്നലെ ഹറമില്‍ ജുമുഅ നിസ്‌കാരത്തില്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ പങ്കാളികളായി. ജുമുഅ നിസ്‌കാരത്തിന് ശൈഖ് സാലിഹ്ബിന്‍ മുഹമ്മദ് ആല്‍താലിബ് നേതൃത്വം നല്‍കി. ഹജ്ജ് ആരാധനയാണ്. അതിനെ ഉല്ലാസ യാത്രയായി കാണരുത്. ജീവിതത്തിലെ പാപക്കറകള്‍ കഴുകിക്കളയാനും പ്രായശ്ചിത്ത വിചാരത്തോടെ നല്ല ജീവിതത്തിലേക്ക് മടങ്ങാനുമുള്ള മാര്‍ഗമാണ് പരിശുദ്ധ ഹജ്ജ്. ഇമാം തീര്‍ഥാടകരെ ഉത്‌ബോധിപ്പിച്ചു. 
അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. ആവര്‍ത്തിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിനേക്കാള്‍ ആദ്യം നിര്‍വഹിക്കുന്ന ഹജ്ജ് കുറ്റമറ്റതാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഇമാം വിശ്വാസി സമൂഹത്തോട് പറഞ്ഞു. പുണ്യഭൂമിയുടെ പവിത്രത കാത്തുസൂക്ഷിക്കാനും ഇമാം ഹാജിമാരോട് ആവശ്യപ്പെട്ടു. ഖുത്ബയില്‍ ഉടനീളം ആത്മസംയമനം പാലിക്കാനും തന്നെക്കാള്‍ മറ്റുള്ളവരുടെ സൗകര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഇമാം ഉണര്‍ത്തി. ജുമുഅയില്‍ പങ്കെടുക്കുന്നതിന് രാത്രി മുതല്‍ തന്നെ തീര്‍ഥാടകര്‍ ഹറമില്‍ സ്ഥാനം പിടിച്ചിരുന്നു.
സുബ്ഹി നിസ്‌കാരത്തോടെ ഹാജിമാരുടെ കുത്തൊഴുക്കായി. നേരം പുലര്‍ന്നപ്പോഴേക്കും ഹറം..
നിറഞ്ഞുകവിഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കു മുമ്പുതന്നെ നാലു പ്രധാന കവാടങ്ങളിലും പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ചുവപ്പ് സിഗ്നല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇതോടെ മുസല്ല വിരിച്ച് ഹാജിമാര്‍ ഹറം പള്ളിക്ക് ചുറ്റുവട്ടത്തുള്ള തിരുമുറ്റത്തും റോഡുകളിലുമായി നിസ്‌കാര നിരകള്‍ തീര്‍ത്തു. കിലോമീറ്ററുകള്‍ക്കകലെ വരെ റോഡുകളില്‍ നട്ടുച്ച വെയിലിലും അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. ജുമുഅ നിസ്‌കാര ശേഷം മസ്ജിദുല്‍ ഹറമിന്റെ നാനാവഴികളിലൂടെ ഒഴുകിയെത്തിയ തീര്‍ഥാടക സമൂഹത്തിന് സൗകര്യമൊരുക്കി സുരക്ഷ സൈന്യം നിലയുറപ്പിച്ചിരുന്നു. പള്ളിയുടെ അകത്തേക്ക് പ്രവേശിക്കുന്നതിനും തിരിച്ചെത്തുന്നതിനും സുരക്ഷ സംഘത്തോടൊപ്പം സ്‌കൗട്ട് സംഘവും സഹായിച്ചു.
ട്രാഫിക് തിരക്കുമൂലം അസീസിയയില്‍നിന്ന് മക്കയിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് അസീസിയയിലുള്ള ഇന്ത്യന്‍ ഹാജിമാര്‍ക്ക് ജുമുഅക്ക് എത്താന്‍ കഴിഞ്ഞില്ല. അവര്‍ അസീസിയയിലെ പള്ളികളിലായിരുന്നു ജുമുഅ നിര്‍വഹിച്ചത്. മറ്റു പ്രദേശങ്ങളിലുള്ള ഹാജിമാരെല്ലാം നേരത്തെ തന്നെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മലയാളി ഹാജിമാരില്‍ ഒട്ടുമിക്ക ആളുകളും വാഹനസൗകര്യം കാത്തുനില്‍ക്കാതെ നേരത്തെ അസീസിയയില്‍നിന്നും മറ്റു വാഹനങ്ങളിലായി ജുമുഅ നിര്‍വഹിക്കാനെത്തി. ഹാജിമാരെ താമസ സ്ഥലങ്ങളിലെത്തിക്കുന്നതിന് ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മക്കയിലെ കെ.എം.സി.സി ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരും ഇന്നലെയും കര്‍മനിരതരായി-- എം.വി.എ അബൂശുഐബ്