മുസ്‌ലിം വ്യക്തിനിയമ സംരക്ഷണം; പോരാട്ട കഥകള്‍..(3)

സുപ്രീംകോടതി വിധി മറികടക്കാന്‍വേണ്ടി, 1986 മെയ് 6ാം തീയതി രാജീവ്ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മുസ്‌ലിം വുമന്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ്) ആക്ട്, 1986 എന്ന പേരില്‍ ഒരു നിയമം പാസാക്കുകയും വിവാഹ മോചിതകള്‍ക്കുള്ള ജീവനാംശം ശരീഅത്ത് നിയമത്തിന് അനുസൃതമാക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര വിജയമായിരുന്നു അത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ഈ നിയമത്തിന്റെ സാധുതക്കെതിരെ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. സുപ്രീംകോടതിയില്‍ അതിനെ ചോദ്യംചെയ്തുകൊണ്ട് ധാരാളം റിട്ടുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കൂടാതെ, ചില ഹൈക്കോടതികളില്‍നിന്ന് അതിനെതിരെ വിധികളും വന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നിയമ വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു പ്രശ്‌നം വഖഫ് വരുമാനത്തിനുള്ള ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ടതായിരുന്നു. മുന്‍ രാഷ്ട്രപതിയായിരുന്ന ശ്രീ. വെങ്കിട്ടരാമന്‍ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇന്‍കംടാക്‌സ് നിയമത്തില്‍ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം, ഇന്‍കംടാക്‌സ് നല്‍കുന്നതില്‍നിന്ന് ഒഴിവാകണമെങ്കില്‍, എല്ലാ വഖഫുകളും അവരുടെ എല്ലാ സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കുകയും ആ പണം ദേശസാല്‍കൃത ബാങ്കുകളില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സെക്യൂരിറ്റികളിലോ നിക്ഷേപിക്കുകയും ചെയ്യണമായിരുന്നു. ഈ നിയമം നടപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍, വഖഫുകള്‍ക്ക് അവരുടെ വിവിധയിനം ചെലവുകള്‍ക്ക് ബാങ്കില്‍നിന്നുള്ള പലിശ ഉപയോഗിക്കേണ്ടി വരുമായിരുന്നു.

പലിശ ഇസ്‌ലാമില്‍ നിഷിദ്ധമായതിനാല്‍ അത് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍, പ്രസ്തുത നിയമത്തിനെതിരായി മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നേതാക്കന്‍മാര്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായി, പിന്നീട് ശ്രീ. എന്‍.ടി തിവാരി ധനമന്ത്രിയായപ്പോള്‍ വഖഫ് സ്വത്തുക്കളെ ഈ നിയമത്തില്‍നിന്ന് ഒഴിവാക്കുകയുണ്ടായി.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അടുത്ത ലക്ഷ്യം, വഖഫ് നിയമങ്ങള്‍ ശരീഅത്ത് അനുസൃതമാക്കുകയും വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യാനാവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തിക്കിട്ടുക എന്നതായിരുന്നു. 1984ല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ധൃതിപിടിച്ച് ഒരു ബില്ല് അവതരിപ്പിച്ചു. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനുള്ള ഫലപ്രദമായ ഒരു പദ്ധതിയും അതിലില്ലായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രതിനിധികള്‍ നിയമമന്ത്രിയുമായി ബന്ധപ്പെട്ട് വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മൂന്ന് ദിവസത്തിനുശേഷം പൊടുന്നനെ ഈ ബില്ല് പാസാക്കുകയാണുണ്ടായത്. ബോര്‍ഡ്, രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള അധികൃതരുമായി ബന്ധപ്പെടുകയും മുസ്‌ലിം സംഘടനകളും വ്യക്തികളും ആയിരക്കണക്കില്‍ ടെലിഗ്രാമുകളും കത്തുകളും അയച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു.
ബോര്‍ഡ് ഈ ബില്ല് നടപ്പാക്കുന്നതിനെതിരെ എതിര്‍ക്കുകയും അതില്‍ ഭേദഗതികള്‍ ആവശ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1995ല്‍ പുതിയ വഖഫ് നിയമം പ്രഖ്യാപിക്കപ്പെട്ടു. പൂര്‍ണമായും തൃപ്തികരമാണെന്ന് പറഞ്ഞുകൂടെങ്കിലും, ബോര്‍ഡിന്റെ വിവിധ നിര്‍ദേശങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ച ഈ 'ആക്ടി'ന് കീഴില്‍ വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവര്‍ ചില വിഷയങ്ങളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കൂടുതല്‍ സമഗ്രവും കുറ്റമറ്റതുമായ ഒരു വഖഫ് നിയമം സമീപ ഭാവിയില്‍ ആവിഷ്‌കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
മുസ്‌ലിം വ്യക്തി നിയമത്തിന്റെയും ശരീഅത്തിന്റെയും സംരക്ഷണത്തിനുവേണ്ടി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാലാകാലം നടത്തിയ വിജയകരമായ പരിശ്രമങ്ങളുടെ ഒരു ഹ്രസ്വ വിവരണമാണ് മേലെ നല്‍കിയത്. അതില്‍നിന്ന് ഒരു കാര്യം വ്യക്തമാകും. ഭരണഘടനാദത്തമായ മുസ്‌ലിം വ്യക്തി നിയമത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിയമ നടപടികള്‍ സ്വീകരിക്കുന്നതോ, കോടതികളെ സമീപിക്കുന്നതോ നിയമ നിര്‍മ്മാണമോ നിയമ ഭേദഗതിയോ ആവശ്യപ്പെടുന്നതോ ഒരു മഹാ അപരാധമോ നിയമ ലംഘനമോ അല്ല. അങ്ങനെയാണെങ്കില്‍ മുസ്‌ലിംകള്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. ചെയ്താല്‍തന്നെ വിജയിക്കുമായിരുന്നില്ല.
മാറിവരുന്ന സാഹചര്യങ്ങളിലേക്കും ആവശ്യങ്ങളുമനുസരിച്ച് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും എത്രയോ നിയമങ്ങളും ഉത്തരവുകളും റദ്ദാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്. കോടതികളും അവയുടെ വിധികളും ഉത്തരവുകളും മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍പോലും എത്ര തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നിരിക്കെ, രാജ്യത്തെ ഒരു പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ തങ്ങളുടെ വ്യക്തിനിയമങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമന നിര്‍മ്മാണങ്ങളെയും കോടതി വിധികളെയും സര്‍ക്കാര്‍ ഉത്തരവുകളെയും മറ്റും മാറ്റണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്?
(ഡോ. ഇ.കെ അഹമ്മദ്കുട്ടിയുടെ ലേഖനത്തിലെ ചില വിവരങ്ങള്‍ക്ക് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ന്യൂഡല്‍ഹി പ്രസിദ്ധീകരിച്ച 'ദി ഇഷ്യൂ ഓഫ് മുസ്‌ലിം പേഴ്‌സണല്‍ ലോ ഇന്‍ഡ്രൊഡക്ഷന്‍ ആന്റ് അനാലിസിസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം ലോ ബോര്‍ഡ് എച്ചീവ്‌മെന്റ്‌സ് ആന്റ് ആക്ടിവിറ്റീസ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഫിസിയോളജി, മെത്തലോള്‍ജി ആന്റ് എച്ചീവ്‌മെന്റ്‌സ്, ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് - ഒരു ലഘു പരിചയം (മലയാള പരിഭാഷ) എന്നീ കൃതികളോട് കടപ്പാട്-ചന്ദ്രിക.)