'മൈ ബ്ലഡ് ഫോര്‍ യു' രക്തദാതാവ് ഇനി വിരല്‍തുമ്പില്‍


കോഴിക്കോട്: പെട്ടെന്ന് 'ഒ' നെഗറ്റീവ് രക്തം വേണം?!... ഈ ഗ്രൂപ്പില്‍പെട്ട ദാതാവിനെ എവിടെ നിന്നു കിട്ടും?. അമേരിക്കയിലായാലും കോഴിക്കോട് പേരാമ്പ്രയിലായാലും നിങ്ങള്‍ ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്നുപോകാം. ഇവിടെ നിങ്ങളെ സഹായിക്കാനായി 'ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി' കോഴിക്കോട് സ്വദേശി രംഗത്ത്. 
'മൈ ബ്ലഡ് ഫോര്‍ യു' എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം നിങ്ങളുടെ അടുത്തുള്ള രക്തദാതാവിനെ പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കും. കോഴിക്കോട് പേരാമ്പ്ര സ്വദേശി വിനില്‍ ചന്ദ്രനാണ് ഇതിനു പിറകില്‍. ദേശീയ രക്തദാന ദിനമായ ഇന്ന് മുതല്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ലോകത്ത് എവിടെ നിന്നും ഉപയോഗിക്കുകയും ചെയ്യാം. മൈ ബ്ലഡ് ഫോര്‍ യു എന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് www.mybloodforyou.com എന്ന വെബ്‌സൈറ്റില്‍ നിന്നോ ഗൂഗിള്‍ പ്ലേയില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം . 
ഇതില്‍ പേരും മറ്റു വിവരങ്ങളും ചേര്‍ത്ത് റജിസ്റ്റര്‍ ചെയ്യുന്നതോടെ നിങ്ങള്‍ ഒരു രക്തദാതാവ് ആകും. 17നും 65നും ഇടയില്‍ പ്രായമുള്ളവരെയാണ് രക്തദാതാവായി രേഖപ്പെടുത്തുക. ഒടുവില്‍ രക്തം ദാനം ചെയ്ത തീയതിയും രേഖപ്പെടുത്തും. രക്തം ആവശ്യമുള്ളയാള്‍ക്ക് രക്ത ഗ്രൂപ്പും ദൂരപരിധിയും ചേര്‍ത്ത് സെര്‍ച്ച് ചെയ്താല്‍ ഏറ്റവും അടുത്തുള്ള രക്തദാതാവിന്റെ ടവര്‍ ലൊക്കേഷനും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ലഭിക്കും. 
അതായത് 50 കിലോമീറ്റര്‍ പരിധിയിലുള്ള ദാതാക്കളുടെ പട്ടികയാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഏറ്റവും അടുത്തുള്ള വ്യക്തിയുടെതു മുതല്‍ ക്രമമായി അതു ലഭിക്കും. രക്തഗ്രൂപ്പ് ആവശ്യപ്പെടുന്നയാളുടെ വിവരങ്ങളും ലഭിക്കും. ഇത് പരിശോധിച്ച് വ്യക്തത വരുത്താനുള്ള സാഹചര്യം ദാതാവിനും ലഭിക്കും. 
രക്തദാതാവായി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മറ്റൊരു ദാതാവിന്റെ സേവനം ആവശ്യപ്പെടാന്‍ കഴിയൂ. ഒരിക്കല്‍ രക്തം ദാനം ചെയ്ത് 65 ദിവസം കഴിഞ്ഞാല്‍ മാത്രമേ വീണ്ടും ഒരാളെ ദാതാവിന്റെ പട്ടികയിലുള്‍പ്പെടുത്തൂ. കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അനുസരിച്ച് സംവിധാനം കാര്യക്ഷമമാകും.വ്യക്തിയുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയില്ലെന്നും ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭിക്കുന്ന തരത്തില്‍ ആപ്ലിക്കേഷന്‍ അപ്‌ലോഡ് ചെയ്യുന്ന ജോലികള്‍ നടക്കുകയാണെന്നും വിനില്‍ ചന്ദ്രന്‍ പറഞ്ഞു. പേരാമ്പ്ര പാറാട്ടുപാറ ചാന്ദ്‌നിയില്‍ റിട്ട. അധ്യാപകന്‍ ചന്ദ്രന്‍ പള്ളിക്കരയുടെയും ലീലയുടെയും മകനാണ് വിനില്‍. 
മണിയൂര്‍ എന്‍ജിനിയറിങ് കോളജില്‍ നിന്നു ബിടെക്കും, കോഴിക്കോട് ഐ.സി.എസ്.ആറില്‍ നിന്നും ആന്‍ഡ്രോയിഡ് കോഴ്‌സും പൂര്‍ത്തിയാക്കി. ടീച്ചറായ ജിന്‍സിയും സുഹൃത്തുക്കളായ മിഥുന്‍ മുഹമ്മദ്,ലിനിത്ത്, സരുണ്‍ എന്നീ സുഹൃത്തുക്കളും വിനിലിനെ സഹായിക്കാനുണ്ടായിരുന്നു.