ഹജ്ജ്: 85000 ഇന്ത്യന്‍ തീര്‍ഥാടകരെത്തി; അടിയന്തരസാഹചര്യം നേരിടാന്‍ സിവില്‍ ഡിഫന്‍സിന് വിപുല കര്‍മപദ്ധതി

ഹജ്ജിലെ അടിയന്തരസാഹചര്യം നേരിടാന്‍ സിവില്‍ ഡിഫന്‍സിന് വിപുല കര്‍മപദ്ധതി
അമീര്‍ മുഹമ്മദ് ബിന്‍
നായിഫ് ബിന്‍ അബ്ദുല്‍അസീസി
മക്ക: ഇന്ത്യയില്‍നിന്ന് മദീനയിലേക്കുള്ള തീര്‍ഥാടകരുടെ വരവ് പൂര്‍ത്തിയായി. ജിദ്ദയിലേക്കുള്ള ഈ മാസം 9 വരെ തുടരും. കേരളത്തില്‍നിന്ന് കരിപ്പൂര്‍ വഴിയുള്ള ഹാജിമാരുടെ വരവ് കൃത്യനിഷ്ഠതയോടെ തുടരുന്നു.
ഇന്ത്യയില്‍നിന്ന് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അസീസിയയില്‍ പാര്‍പ്പിടം ഒരുക്കിയതിനാല്‍ അവിടെനിന്ന് ഹറമിലേക്കുള്ള വാഹന സൗകര്യവും വര്‍ധിപ്പിച്ചു. അസീസിയയില്‍നിന്ന് ഹറമിലേക്ക് ബസ് സര്‍വീസുകളുടെ എണ്ണം എണ്‍പതാക്കി ഉയര്‍ത്തി. അജ്‌യാദ്, ക്ലോക്ക് ടവര്‍ ടണല്‍, ബാബു സലാം എന്നിവിടങ്ങളിലേക്ക് ഇടതടവില്ലാതെയാണ് ബസ് സര്‍വീസ് നടത്തുന്നത്.
ബ്രാഞ്ച് നമ്പര്‍ എട്ടിനു കീഴില്‍ താമസിക്കുന്ന ഹാജിമാര്‍ അജ്‌യാദ്, മക്ക ബസ് സ്റ്റേഷനുകളില്‍ നിന്നാണ് ബസ് കയറേണ്ടത്. 9, 10, 11 ബ്രാഞ്ചിനു കീഴിലുള്ള..
 ഹാജിമാര്‍ ക്ലോക്ക് ടവറിനു കീഴിലുള്ള ബസ് സ്റ്റാന്റില്‍ നിന്നാണ് ബസ് സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. 12, 13 ബ്രാഞ്ചിനു കീഴിലെ താമസക്കാര്‍ക്ക് സഫ, മര്‍വ പരിസരത്തുള്ള ബാബു സലാം സ്റ്റേഷനില്‍നിന്നുമാണ് ബസ് കയറേണ്ടത്.
ഓരോ നിസ്‌കാരവേളയിലും ഹാജിമാരെ ബസിലെത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും സന്നദ്ധ സേവന സംഘങ്ങള്‍ ഉള്‍പ്പെടെ നിരവധി വളണ്ടിയര്‍മാര്‍ തീര്‍ഥാടകരുടെ സഹായത്തിനായുണ്ട്.
ഹാജിമാരുടെ ക്യാമ്പുകള്‍ വ്യക്തമാക്കുന്ന വ്യത്യസ്ത നിറങ്ങളിലുള്ള ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ട്. എളുപ്പത്തില്‍ ബ്രാഞ്ചുകളുടെ എണ്ണം മനസ്സിലാക്കി തീര്‍ഥാടകരെ ബസ് സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടുന്നതിന് ഇത് സഹായകരമായി.

അടിയന്തരസാഹചര്യം നേരിടാന്‍ സിവില്‍ ഡിഫന്‍സിന് വിപുല കര്‍മപദ്ധതി
ജിദ്ദ: തീര്‍ഥാടകരുടെ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തി ഹജ്ജിനിടയിലെ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ സിവില്‍ ഡിഫന്‍സിനെ സജ്ജമാക്കുന്ന കര്‍മപദ്ധതിക്ക് ആഭ്യന്തരമന്ത്രാലയം രൂപം നല്‍കി. മക്ക, മദീന എന്നിവിടങ്ങളിലെയും ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന പുണ്യനഗരികളിലെയും തീര്‍ഥാടകര്‍ക്കും തദ്ദേശവാസികള്‍ക്കും അത്യാഹിതങ്ങളും അപകടങ്ങളും ഒഴിവാക്കി സുരക്ഷ പ്രദാനം ചെയ്യുന്നതിനുള്ള പഴുതടച്ച പദ്ധതികളാണ് ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാരസമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസിന്‍െറ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സഅ്ദ് ബിന്‍ അബ്ദുല്ല തുവൈജിരി വ്യക്തമാക്കി.
മുന്‍ അനുഭവങ്ങളുടെയും പുതിയ സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ ഹജ്ജിനിടയിലുണ്ടാകാനിടയുള്ള അപകടസാധ്യതകള്‍ വിലയിരുത്തി ഓരോന്നും ഇനം തിരിച്ച് നേരിടുന്ന രീതിയാണ് സിവില്‍ ഡിഫന്‍സിനു കീഴില്‍ ആവിഷ്കരിച്ചിരിക്കുന്നത്. മഴ, വെള്ളപ്പൊക്കം, അഗ്നിബാധ, കെട്ടിടങ്ങളുടെ തകര്‍ച്ച തുടങ്ങിയ ഏതു വിപത്തും നേരിടാനും അപകടത്തില്‍ നിന്നു പരമാവധി ആളുകള്‍ക്ക് സുരക്ഷ നല്‍കാനും ഗവണ്‍മെന്‍റിന്‍െറ വിവിധ വകുപ്പുകളുമായും സ്വകാര്യ ഏജന്‍സികളുമായും സഹകരിച്ചുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനിഷ്ടസംഭവങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും അത്യാഹിതങ്ങളില്‍ പെടുന്നവര്‍ക്ക് ഞൊടിയിടയില്‍ ആതുരസേവനം ലഭ്യമാക്കുന്നതിനും അപകടത്തിന്‍െറ തീവ്രത കുറക്കുന്നതിനുമുള്ള എല്ലാ ഉപാധികളും ഒരുക്കങ്ങളും സിവില്‍ ഡിഫന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സഅ്ദ് തുവൈജിരി അറിയിച്ചു.
തീര്‍ഥാടകര്‍ക്കും പുണ്യനഗരികളിലെ താമസക്കാര്‍ക്കുമിടയില്‍ സുരക്ഷ സംബന്ധിച്ച ബോധവത്കരണത്തിനും വിപുലമായ സന്നാഹമൊരുക്കിയിട്ടുണ്ട്. വിവിധ നാടുകളില്‍ നിന്നു ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ പുണ്യനഗരികളിലെ ചുമതല വഹിക്കുന്ന ത്വവാഫ സ്ഥാപനങ്ങള്‍, വിവിധ ഹജ്ജ് മിഷനുകള്‍ എന്നിവര്‍ക്കെല്ലാം സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും അത് കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡുകളും ഇലക്ട്രോണിക് ഡിസ്പ്ളേ സംവിധാനവും മാര്‍ഗനിര്‍ദേശക ഗൈഡുകളും വാര്‍ത്താമാധ്യമങ്ങളും സന്നദ്ധസേനാ സേവനവുമൊക്കെ ഇതിനായി ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെയും അവരുടെ സേവകരുടെയും സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിവിധ നാടുകളില്‍ നിന്നെത്തുന്നവരില്‍ നിന്ന് ഉണ്ടാകാതെ നോക്കണമെന്നും അനിഷ്ടസാഹചര്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി സിവില്‍ ഡിഫന്‍സിനെ അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള പുത്തന്‍ മാധ്യമസങ്കേതങ്ങളും ബോധവത്കരണത്തിന് ഉപയോഗിക്കുന്നുണ്ട്.
സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തിരിക്കുന്ന ദൗത്യം തനിച്ചു നിര്‍വഹിക്കാനാവുന്നതല്ലെന്നും എല്ലാവരും കൂട്ടായ സഹകരണത്തോടെ മാത്രമേ അത് വിജയിപ്പിച്ചെടുക്കാനാവുകയുള്ളൂ എന്നും തുവൈജിരി ഓര്‍മിപ്പിച്ചു. 18 വകുപ്പുകളുമായി ചേര്‍ന്നാണ് സിവില്‍ ഡിഫന്‍സിന്‍െറ പ്രവര്‍ത്തനം. ലോകത്തുതന്നെ അതുല്യമായൊരു സേവനസംരംഭമാണ് ഹജ്ജുനാളുകളിലേത്. ഇത്തവണ ഹറം വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുന്നതിനാല്‍ അതിന്‍െറ പ്രയാസങ്ങള്‍ തീര്‍ഥാടകര്‍ക്കില്ലാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. സാഹചര്യത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് ദൈവത്തിന്‍െറ അതിഥികളായെത്തുന്നവര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം കാഴ്ചവെക്കാന്‍ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ക്കാവുമെന്ന് തുവൈജിരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
kondotty: തീര്‍ഥാടകര്‍ക്ക് യാത്രാമംഗളം നേരാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തി. തിങ്കളാഴ്ച 12 ഓടെയാണ് മന്ത്രി എത്തിയത്.
സിറാജ് ഇബ്രാഹിംസേട്ട്, ബഷീറലി ശിഹാബ് തങ്ങള്‍, എന്നിവരും ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് നടന്ന പ്രാര്‍ഥനയ്ക്ക് അബ്ബാസലി ശിഹാബ് നേതൃത്വംനല്‍കി. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അതിഥികളെ സ്വീകരിച്ചു.