മുക്കം മുസ്‌ലിം യതീംഖാന സെക്രട്ടറി മോയിമോന്‍ ഹാജി |
കോഴിക്കോട്: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ശിഹാബ്തങ്ങള്‍ അവാര്‍ഡ് മുക്കം മുസ്‌ലിം അനാഥാലയത്തിന്റെ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.ഇ മോയിമോന്‍ഹാജിക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ ജീവകാരുണ്യ സേവന രംഗത്തെ വ്യക്തികള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 15001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. സാന്ത്വന മേഖലയില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന അധ്യാപകനുള്ള അവാര്‍ഡിന് തിരൂര്‍ക്കാട് എ.എം ഹൈസ്‌കൂള്‍ അധ്യാപകനും മലപ്പുറം ജില്ലാ കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറിയുമായ ഉമ്മര്‍ അറക്കലിനെ തെരഞ്ഞെടുത്തു. 5001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡിന് പാലക്കാട് മുണ്ടൂര്‍ ഹയര്‍സെക്കന്ററിയിലെ പി.യു ചിത്ര (കോലാലംമ്പൂര്‍ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മൂന്ന് സ്വര്‍ണ്ണ പതക്കങ്ങള്‍ നേടിയ താരം), കോഴിക്കോട് ശിവപുരം ഗ.ഹയര്‍സെക്കന്ററിയിലെ എന്‍.കെ അഭിഷേക് (ദേശീയ ചിത്രരചനാ പുരസ്‌കാര ജേതാവ്), വയനാട് മുട്ടില്‍ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററിയിലെ തന്‍സില മെയ്യാരക്കണ്ടി (തായ്‌പേയ് ഏഷ്യന്‍ ഗേള്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് അന്താരാഷ്ട്ര സെമിനാറില്‍ ഇന്ത്യന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞടുത്തു. 3001 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
കോഴിക്കോട് ഹൈസന്‍ ഹെറിറ്റേജില്‍ 18ന് നാലു മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും. മികച്ച അധ്യാപകനുള്ള അവാര്‍ഡ് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും സമ്മാനിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രകാശന്‍ മുഖ്യാതിഥിയാവും.
മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ സംസാരിക്കും. 'പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍' വിദ്യാഭ്യാസ സെമിനാര്‍ 2.30ന് ഡോ.എം.ജി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും.
കരിക്കുലം വിദഗ്ധ സമിതി അംഗം ഡോ.റോസമ്മ ഫിലിപ്പ്, ഡോ.ഫസല്‍ ഗഫൂര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയമുഹമ്മദ്, ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, ട്രഷറര്‍ വി.കെ മൂസ, സെക്രട്ടറി അബ്ദുല്ല വാവൂര്‍, ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ അസീസ് പങ്കെടുത്തു.