പ്രവാചക പ്രകീര്‍ത്തനംകൊണ്ട് ജീവിതം നവീകരിക്കുക: നൗഷാദ് ബാഖവി

കോഴിക്കോട്: പ്രവാചക പ്രകീര്‍ത്തനംകൊണ്ട് ജീവിതം നവീകരിക്കണമെന്നും പ്രവാചക കുടുംബത്തെ മാതൃകയാക്കി ലോകത്തിന്റെ ജീര്‍ണതകളെ അതിജയിക്കാന്‍ സമൂഹത്തിന് സാധിക്കണമെന്നും പ്രഭാഷകനും പണ്ഡിതനുമായ എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് പറഞ്ഞു.
അല്‍ജിഫായ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് 'അഹ്‌ലുബൈത്തിലെ രാജകുമാരന്‍ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥനയാണ് ജീവിതത്തിന്റെ ഏറ്റവും വലിയ ശക്തി. പ്രാര്‍ത്ഥന നടത്താന്‍ നന്‍മയുള്ള ഹൃദയവും ശരീരവും സൃഷ്ടിക്കാന്‍ സാധിക്കണം. അതിനു യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് മടങ്ങണം- അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഭാഷണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉമറലി ശിഹാബ് അധ്യക്ഷത വഹിച്ചു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നജീബ് കാന്തപുരം, മുക്കം മോയിമോന്‍ ഹാജി, കെ.പി.സി.സി ജന.സെക്രട്ടറി ടി.സിദ്ദിഖ്, സി.പി ഷഫീഖ് പാലാഴി, സഹീര്‍ കിഴ്‌ശ്ശേരി സംസാരിച്ചു.