വിവാഹ പ്രായം; തെറ്റിദ്ധാരണ പരത്തുന്നത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത്- സമസ്ത

മലപ്പുറം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ഏകാഭിപ്രായ മാണുള്ളതെന്നും അല്ലെന്ന് വരുത്തി തീര്‍ക്കാന്‍ മെനഞ്ഞുണ്ടാക്കിയ ചില പത്ര വാര്‍ത്ത മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തതും അടിസ്ഥാന രഹിതവുമാണെന്നും സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജന:സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്, എസ്.വൈ.എസ് സംസ്ഥാന ജന:സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി മുക്കം ഉമര്‍ ഫൈസി, എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ജന:സെക്രട്ടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വിവാഹ പ്രായത്തില്‍ ശരീഅത്ത് നിയമം ഭേദഗതി വരുത്തരുതെന്നും സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമുള്ള സമസ്തയുടെ നിലമാടിനൊപ്പമാണ് സമൂഹമുള്ളത്. ശൈശവ വിവാഹം നടത്താന്‍ ആരും വാശി പിടിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്യുന്നില്ല. പ്രത്യേക സാഹചര്യത്തില്‍ അപൂര്‍വ്വമായി നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങളെ കുറ്റകൃത്യമായി കണക്കാക്കി ശിക്ഷപ്പെടുന്നത് ഭരണഘടന മുസ്‌ലിം സമുദായത്തിന് നല്‍കിയ മൗലികാവകാശത്തിന്റെ ധ്വംസനവും മുസ്‌ലിം വെക്തി നിയമത്തിന്റെ മേലിലുള്ള കടന്ന് കയറ്റവുമാണ്. ഇതിനെതിരെയാണ് മത സംഘടനകള്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. മത വിരോധികളും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന ചില തല്‍പര കക്ഷികളും ഉണ്ടാക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് വാര്‍ത്ത പ്രാധാന്യം നല്‍കി സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.