കഅബക്ക് ഇനി പുതിയ കിസ്‌വ

മക്ക: കഅബയെ പുതിയ കിസ്‌വ ധരിപ്പിച്ചു. ഇന്നലെ സുബ്ഹി നിസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ ഇരു ഹറം കാര്യ വിഭാഗം പ്രതിനിധിയായി കിസ്‌വ ഫാക്ടറി മാനേജര്‍ ഡോ. മുഹമ്മദ് ബാജൂദയുടെ നേതൃത്വത്തില്‍ 86 ജീവനക്കാരാണ് കിസ്‌വ മാറ്റല്‍ ചടങ്ങ് പൂര്‍ത്തിയാക്കിയത്.
അഴിച്ചു മാറ്റിയ പഴയ കിസ്‌വ കിസ്‌വ നിര്‍മ്മാണ ഫാക്ടറിയിലേക്ക് കൊണ്ടുപോയി. ദുല്‍ഹിജ്ജ ഒന്നിന് ഈ കിസ്‌വ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരുടെ കൈവശമെത്തിയിരുന്നു. അതോടൊപ്പം കഅബയുടെ പൂട്ടും ഇന്നലെ മാറ്റി. ഇലക്ട്രിക് കോണി സ്ഥാപിച്ച് ഏതാനും പേര്‍ കഅബയുടെ മുകളില്‍ കയറിയാണ് പഴയ കിസ്‌വ അഴിച്ചുമാറ്റല്‍ തുടങ്ങിയത്.
ശേഷം പുതിയത് നിവര്‍ത്തി കഅബയുടെ മുകളിലേക്ക് ഉയര്‍ത്തി. മുകളില്‍ ബന്ധിപ്പിച്ച ശേഷം നാലു ഭാഗങ്ങളിലേക്കും നാലു ഭാഗങ്ങളിലേക്കും വിരിക്കുകയായിരുന്നു.
ഡിസൈനര്‍മാരടക്കമുള്ള 240 ജീവനക്കാരാണ് കിസ്‌വ നിര്‍മ്മിച്ചത്. 16 മീറ്റര്‍ നീളമാണ് കിസ്‌വക്കുള്ളത്. ഇത് നിര്‍മ്മിക്കാന്‍ 22 മില്യണ്‍ റിയാല്‍ ചെലവായതായി കിസ്‌വ ഫാക്ടറി മാനേജര്‍ ഡോ. മുഹമ്മദ് ബാജൂദ അറിയിച്ചു. 700 കിലോ പട്ട്, 120 കിലോ സ്വര്‍ണം, വെള്ളി നൂലുകള്‍ എന്നിവ ഇതിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.