അറഫാസംഗമം ഇന്ന്‌;ഒത്തു ചേരുന്നത് തീര്‍ത്ഥാടക സഹസ്രങ്ങള്‍

അറഫാസംഗമത്തിൽ നിന്ന് 
വിശുദ്ധ ഹജ്ജ് കര്‍മത്തിലെ സുപ്രധാന അനുഷ്ഠാനമായ അറഫ സംഗമത്തിന് കാലം സാക്ഷ്യംനില്‍ക്കുന്ന ദിവസമാണിന്ന്. മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയുടെ തെക്കുകിഴക്കായി ഉദ്ദേശം 22 കി.മീ. അകലെ സ്ഥിതിചെയ്യുന്ന അറഫ എന്ന സ്ഥലത്ത് സമ്മേളിക്കുന്നതാണീ കര്‍മം. ഇന്നലെമുതല്‍ പ്രാര്‍ഥനാനിര്‍ഭരരായി മിനായിലെ തമ്പുകളില്‍ കഴിയുന്ന അവര്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് അറഫയിലേക്ക് പ്രയാണം ആരംഭിക്കുന്നത്. സൂര്യവെയില്‍ നട്ടുച്ചക്ക് കനക്കുമ്പോഴാണ് അറഫയിലെ ആരാധനകള്‍ക്കും ചൂടുപിടിക്കുന്നത്. ഒരു മരതണല്‍പോലും പണ്ടില്ലാതിരുന്ന മരുകാട്ടില്‍ എന്താണിങ്ങനെ ജനം വെയിലില്‍ നിന്ന് പ്രാര്‍ഥിക്കുന്നത്? അതേപ്പറ്റി പ്രമുഖ ഇറാനിയന്‍ ദാര്‍ശനികനായ അലി ശരീഅത്തിതന്നെ നിരീക്ഷിക്കുന്നു: ചരിത്രത്തില്‍ മനുഷ്യര്‍ പലരും ചെയ്തതുപോലെ സൂര്യവെളിച്ചത്തില്‍നിന്ന്, സ്വാതന്ത്ര്യത്തില്‍നിന്ന്, ജനക്കൂട്ടത്തില്‍നിന്ന് ആരും ഓടിപ്പോകരുത്. 
എപ്പോഴും ജനങ്ങളുടെ കൂടെ നില്‍ക്കുക -അതാണ് അറഫ ഉദ്ബോധിപ്പിക്കുന്നത്.
ജ്ഞാനം, തിരിച്ചറിവ് എന്നിവയാണ് അറഫ എന്ന അറബി പദത്തിന്‍െറ അര്‍ഥങ്ങളില്‍ പ്രധാനം. ഹാജിമാര്‍ ജീവിത യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അത് തിരിച്ചുപിടിക്കുന്ന സ്ഥലമാണ് അറഫ. ഭൗതിക ഭ്രമത്തരായാണ് മനുഷ്യര്‍ എന്നും ജീവിക്കുന്നത്. ജീവിതത്തില്‍ പരമാവധി സുഖിക്കുക, ആനന്ദത്തിലാറാടുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.
അതിനപ്പുറം ജീവിതം മറ്റൊന്നുമല്ലാത്തവരാണ് ഏറെ. സുഖലോലുപരാകാന്‍ സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങള്‍ എന്നിവ വേണം. അവ നേടിയെടുക്കാന്‍ കൈയൂക്കുള്ളവന്‍, ഇല്ലാത്തവനെ കീഴൊതുക്കിയും ചവിട്ടിയരച്ചുമാണ് ലോകം മുമ്പോട്ട് കുതിക്കുന്നത്. ഈയൊരവസ്ഥയില്‍ ആരാണ് മനുഷ്യന്‍, തന്‍െറ ജീവിതലക്ഷ്യമെന്ത്, എവിടെ നിന്നാണ് ജീവിതയാത്ര തുടങ്ങിയത്, എവിടെയാണത് അവസാനിക്കുക എന്ന തിരിച്ചറിവാണ് അറഫയിലെ ജനസഞ്ചയം ഏറ്റുവാങ്ങുന്നത്. ദൈവത്തില്‍നിന്ന് വന്ന് ദൈവത്തിലേക്ക് തന്നെ മടങ്ങിപ്പോവുന്നതിനിടയിലെ ഒരു ഇടത്താവളം മാത്രമാണ് ജീവിതം. അഥവാ ഭൗതിക ജീവിതം നശ്വരമാണ്; അനശ്വരജീവിതം പരലോകത്തേതാണ്. മരണമെന്ന അലംഘനീയ യാഥാര്‍ഥ്യത്തോടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴുന്നു. അതിനാല്‍ ചുരുങ്ങിയ കാലത്തെ തന്‍െറ ജീവിതത്തിനിടയില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടപ്പാടുകള്‍ തിരിച്ചറിഞ്ഞുവേണം ജീവിതയാത്ര തുടരാനെന്ന പാഠമാണ് അറഫ നല്‍കുന്നത്. ഹജ്ജിലെ മുഴുവന്‍ കര്‍മവും വിശ്വാസിയെ ജീവിതനശ്വരത ഓര്‍മപ്പെടുത്തുന്നുണ്ട്. മരണശേഷം പുതപ്പിക്കുന്ന കഫന്‍പുടവയിലെ രണ്ട് വെള്ളത്തുണി കഷണങ്ങളാണ് അവന്‍ സ്വയമെടുത്ത് ഇഹ്റാം തുണിയായി ഹജ്ജില്‍ ശരീരത്തില്‍ ചുറ്റുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ മിനായിലെ തമ്പിലാണ് കൂടുതല്‍ നാള്‍ തീര്‍ഥാടകര്‍ പാര്‍ക്കുന്നത്. പരിമിത സൗകര്യമേ ആ തമ്പുകള്‍ക്കകത്തുള്ളൂ. നിലത്താണ് കിടപ്പ്. ചരിഞ്ഞോ മറിഞ്ഞോ കിടക്കാന്‍ തോന്നിയാല്‍ കൈയും കാലും മറ്റു തീര്‍ഥാടകരുടെ മേല്‍ തട്ടുമാറ് ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട ഇടം തുലോം ചെറുത്. അഥവാ മിനായിലെ ഇടുങ്ങിയ ‘ഖബറി’ല്‍ കിടന്ന്, വരാനുള്ള ജീവിതത്തെ കൂടി പരിശീലിക്കുകയാണ് ഹാജിമാര്‍.
ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ കിടന്ന് ഇന്ന് (ദുല്‍ഹജ്ജ്-ഒമ്പത്) ദൈവത്തിന്‍െറ വിചാരണക്കുവേണ്ടി മഹ്ശറാ (പരലോകത്തെ സംഗമസ്ഥാനം) മൈതാനിയിലേക്ക് പോകുന്നതുപോലെയാണ് അറഫാ മൈതാനിയില്‍ എത്തിയുള്ള സംഗമം. കഫന്‍പുടവ, ഇടുങ്ങിയ സ്ഥലത്തെ കിടത്തം, മൈതാനത്തെ ഒത്തുചേരല്‍ എന്നിവ മൂന്നും ചേര്‍ന്ന് തീര്‍ഥാടകനെ ജീവിതയാഥാര്‍ഥ്യം പഠിപ്പിക്കുകയാണ്. മതിമറന്ന ഭൗതികതയല്ല, ലക്ഷ്യബോധത്തോടെയുള്ള ഇഹലോകജീവിതമാണ് ആവശ്യമെന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ ഗൗരവതരമായ മറ്റേത് അനുഷ്ഠാനമാണ് മനുഷ്യര്‍ക്കുള്ളത്? നശ്വരമായ ഭൗതിക ജീവിതത്തില്‍ മനുഷ്യന്‍ കരസ്ഥമാക്കേണ്ടത് ദൈവിക തൃപ്തിയാണ്. ആ വലിയ പാഠം ഏറ്റവുമധികം തിരിച്ചറിഞ്ഞവര്‍ മാനവതക്ക് വഴികാട്ടി, മുന്നില്‍നടന്ന പ്രവാചകന്മാരാണ്. അവരിലെ കുലപതിയാണ് ഇബ്റാഹീം. എല്ലാ പ്രമുഖ മതസ്ഥരും ആദരിക്കുകയും തങ്ങളുടെ നേതാവായി അംഗീകരിക്കുകയും ചെയ്യുന്ന പ്രവാചകനാണ് ഇബ്റാഹീം. തന്‍െറ ജീവിതയാത്രയില്‍ മക്ക മണലാരണ്യത്തിലെത്തി ദൈവിക കല്‍പനപ്രകാരം കഅ്ബാ മന്ദിരം ആ മഹാനുഭാവന്‍ പണിതുയര്‍ത്തി. കഅ്ബയിലേക്ക് ദൈവിക കല്‍പനപ്രകാരം ജനത്തെ ഹജ്ജിന് ക്ഷണിച്ചതും ഇബ്റാഹീം തന്നെ. ആ പ്രവാചകന്‍െറയും കുടുംബത്തിന്‍െറയും ത്യാഗനിര്‍ഭരവും സമര്‍പ്പണ സന്നദ്ധവുമായ ജീവിതം മാനവരാശിക്ക് മഹനീയ മാതൃകയാണ്. അവ വിശുദ്ധ ഖുര്‍ആനില്‍ സവിസ്തരം ഇതള്‍വിരിഞ്ഞിട്ടുണ്ട്. മാനവികതയുടെ പ്രോദ്ഘാടകനും മനുഷ്യസംസ്കാരത്തിന്‍െറ രാജശില്‍പിയുമായ ഇബ്റാഹീം, മക്ക കേന്ദ്രമാക്കി മൂന്ന് സുപ്രധാന പ്രാര്‍ഥനകള്‍ ദൈവത്തോട് നടത്തിയിട്ടുണ്ട്. ഒന്ന്, എന്‍െറ തലമുറയെ മക്കയില്‍ നിന്‍െറ മന്ദിരത്തിനരികെ ഞാന്‍ താമസിപ്പിച്ചത് നിനക്ക് മാത്രം വഴിപ്പെട്ട് അവര്‍ ജീവിക്കാനാണ്. അക്കാരണത്താല്‍ നാഥാ, ജനശ്രദ്ധ നീ അവരിലേക്ക് തിരിക്കണം. 
രണ്ട്, അവര്‍ക്ക് നീ ഭക്ഷണവിഭവങ്ങള്‍ നല്‍കുക. മൂന്ന്, ഈ നാടിനെ സമാധാനവും ശാന്തിയും കളിയാടുന്ന മണ്ണാക്കി എന്നെന്നും നിലനിര്‍ത്തുക. ഏകദൈവ വിശ്വാസത്തോടൊപ്പംതന്നെ ഭൗതികതയുടെ അടിസ്ഥാനാവശ്യങ്ങളായ അന്നവും സമാധാനവും കൂടിയാണ് മാനവികതക്ക് പുലരേണ്ടതെന്നാണ് ഇസ്ലാമിക ദര്‍ശനം ആഗ്രഹിക്കുന്നതെന്ന് ഈ പ്രാര്‍ഥന വ്യക്തമാക്കുന്നു. ദൈവമാര്‍ഗത്തില്‍ സര്‍വം സമര്‍പ്പിച്ച ഇബ്റാഹീം, വാര്‍ധക്യത്തില്‍ ലഭിച്ച ഇസ്മാഈല്‍ എന്ന സന്താനത്തെ പോലും സ്വപ്നദര്‍ശനത്തെതുടര്‍ന്ന് ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായി. ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതിനെ ജന്മംതന്ന നാഥനുതന്നെ സമര്‍പ്പിക്കാന്‍ സര്‍വാത്മനാ സജ്ജമാകുന്ന വിധേയത്വം. ദൈവത്തിനാകട്ടെ ആ പൈതലിന്‍െറ ഇളംചോരയായിരുന്നില്ല, ഇബ്റാഹീമിന്‍െറ സന്നദ്ധതാ പരീക്ഷണമായിരുന്നു ഉദ്ദേശ്യം. തീര്‍ഥാടകര്‍ ഹജ്ജില്‍ തങ്ങുന്ന മിനായിലായിരുന്നു ഇബ്റാഹീം പുത്രബലിക്ക് സന്നദ്ധമായത്. അതിനെ സ്മരിച്ചാണ് ബലികര്‍മം ഹജ്ജ് അനുഷ്ഠാനമായും ഹജ്ജിന് പോവാത്തവര്‍ നാട്ടില്‍ ചെയ്യേണ്ട കര്‍മമായും നിലനിര്‍ത്തിയിരിക്കുന്നത്. വിലപ്പെട്ടതെന്തും ദൈവത്തിന് സമര്‍പ്പിക്കാമെന്ന പ്രതിജ്ഞകൂടിയാണ് ഹാജിമാര്‍ അറഫയില്‍ മുഴക്കുന്നത്. പുത്രബലിക്കു സന്നദ്ധനായ ഇബ്റാഹീമിനെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ചെകുത്താന്‍ വന്നു. പക്ഷേ, ചെകുത്താന്‍െറ ദുഷ്ചിന്തകള്‍ക്ക് വശംവദനാകാതെ പിശാചിനെ ഇബ്റാഹീം എറിഞ്ഞോടിച്ചുവെന്നാണ് ചരിത്രം. മനുഷ്യജീവിതത്തില്‍ കടന്നുവരുന്ന എല്ലാതരം പൈശാചികതകളെയുമാണ് ഹജ്ജില്‍ കല്ലേറ് കര്‍മം നടത്തുന്നതിലൂടെ തീര്‍ഥാടകര്‍ എറിഞ്ഞോടിക്കുന്നത്. ചുരുക്കത്തില്‍ ജീവിതത്തിന്‍െറ പൈശാചികതകളില്‍പെടാതെ സര്‍വം ദൈവത്തിനര്‍പ്പിച്ച് ഭൗതികജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഹജ്ജ് കര്‍മത്തിലൂടെ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചത്.
ചരിത്രത്തിന്‍െറ പ്രയാണത്തില്‍ അറഫ നല്‍കുന്ന ഇത്തരം തിരിച്ചറിവുകളെ മനുഷ്യ നാഗരികതയില്‍ വീണ്ടും ഉയര്‍ത്തി നാട്ടുകയാണ് മുഹമ്മദ് നബിയും ഹജ്ജ് നിര്‍വഹണത്തിലൂടെ ചെയ്തത്. ഒരു ലക്ഷത്തിലധികം വരുന്ന അനുയായികള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിച്ച പ്രവാചകന്‍, അറഫയിലും മിനായിലും നടത്തിയ പ്രഭാഷണങ്ങള്‍ ഈ തിരിച്ചറിവുകളെയാണ് അടയാളപ്പെടുത്തുന്നത്. ഹജ്ജ്, അതിന്‍െറ സകലവിധ ആത്മീയ ഭാവങ്ങള്‍ക്കുമൊപ്പംതന്നെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍െറ വിളംബരഭൂമി കൂടിയായി മാറുകയായിരുന്നു നബിയുടെ അറഫാ പ്രഭാഷണത്തില്‍: മനുഷ്യരുടെ ജീവന്‍, സമ്പത്ത്, അഭിമാനം എന്നിവ ഈ ദിവസംപോലെ, ഈമാസംപോലെ, ഈ സ്ഥലം പോലെ പവിത്രമാണ്. അതിനുമീതെ ആരും അന്യായമായി കൈവെക്കരുത്. പലിശ, കുടിപ്പക ഉള്‍പ്പെടെ എല്ലാ അനിസ്ലാമികതകളും മാനവരാശിയില്‍നിന്ന് ഞാന്‍ എന്നെന്നേക്കുമായി നിര്‍ത്തല്‍ചെയ്തിരിക്കുന്നു. സ്ത്രീകളോട് മാന്യമായിവേണം പെരുമാറാന്‍. ഒരാള്‍ക്ക്, അപരന്‍ തൃപ്തിപ്പെട്ട് നല്‍കാത്തതൊന്നും നിങ്ങള്‍ മറ്റുള്ളവരില്‍നിന്ന് കവര്‍ന്നെടുത്ത് അനുഭവിക്കരുത്. അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍, ദൈവഭയം കൊണ്ടല്ലാതെ ഒരു മേന്മയുമില്ല. പൈശാചികതക്കടിപ്പെട്ട് പരസ്പരം കഴുത്തറക്കുന്നതിനുപകരം നിങ്ങള്‍ ഏകോദര സഹോദരങ്ങളാവുക തുടങ്ങി അന്തസ്സോടെ ജീവിക്കാനും അഭിമാനം കാത്തുസംരക്ഷിക്കാനുമുള്ള വിളംബരമായി ആ പ്രഭാഷണം. ഇവ ഓരോ വര്‍ഷവും കണ്ണിലും കാതിലും ഹൃത്തിലും ആവാഹിച്ചെടുത്ത് ജീവിക്കുന്നവരാകുകയെന്ന പാഠവും അറഫ ഏവരെയും ഓര്‍മപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഞാന്‍ കൈമാറിയിരിക്കുന്ന സന്ദേശം ലോകാവസാനം വരേക്കുമുള്ളവര്‍ക്ക് കൈമാറണമെന്നും പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജീവിതനൗക ആടിയുലയാതിരിക്കാനുള്ള ഏകപരിഹാരം ദിവ്യഗ്രന്ഥമായ ഖുര്‍ആനിനെയും എന്‍െറ ജീവിതമാതൃകയെയും മുറുകെ പിടിക്കുകയെന്നതാണെന്നും പ്രവാചകന്‍ അറഫയില്‍വെച്ച് ഉദ്ബോധിപ്പിച്ചു.
ഭൂതലത്തില്‍ ഏറ്റവും കൂടുതല്‍ ജനം ഓരോ വര്‍ഷവും സംഗമിക്കുന്ന ഇടം ഒന്നു മാത്രമേയുള്ളൂ -അറഫ. ലാളിത്യം, സാഹോദര്യം, അച്ചടക്കം, ദൈവിക വിധേയത്വം എന്നിവ കാഴ്ചവെക്കുന്ന അനിര്‍വചനീയ സന്ദര്‍ഭം കൂടിയാണത്. അമേരിക്കയിലെ നീഗ്രോ മുസ്ലിം നേതാവും പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍ക്കം എക്സ് തന്‍െറ ആത്മകഥയില്‍ ഹജ്ജിലെ ഈ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. ഇബ്റാഹീമിന്‍െറയും മുഹമ്മദിന്‍െറയും, പരിശുദ്ധ വേദപുസ്തകത്തിലെ മറ്റ് പ്രവാചകന്മാരുടെയും ജന്മഗേഹമായ ഈ പുരാതന വിശുദ്ധഭൂമിയില്‍ വിവിധ വര്‍ണക്കാരും വംശക്കാരുമായ ആളുകള്‍ പുലര്‍ത്തിയതിനു തുല്യമായ സാഹോദര്യ മനോഭാവത്തിനും ആതിഥ്യമര്യാദക്കും മുമ്പൊരിക്കലും ഞാന്‍ സാക്ഷിയായിട്ടില്ല. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്തതൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ വ്യത്യസ്ത നിറക്കാര്‍. പക്ഷേ, ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്‍െറയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. (മാല്‍കം എക്സിന്‍െറ ആത്മകഥ; പേ: 438, 439 ഐ.പി.എച്ച്; കോഴിക്കോട് 12)
ഇന്ന് മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ഥനയില്‍ കഴിയുക. ഉച്ചക്ക് അവിടത്തെ മസ്ജിദ് നമിറയില്‍നിന്ന് നടത്തപ്പെടുന്ന പ്രഭാഷണത്തിന് അവരും ലോകത്തോടൊപ്പം കാതോര്‍ക്കും. ലോകജനതയെ പൊതുവിലും മുസ്ലിം ലോകത്തെ വിശേഷിച്ചും അഭിസംബോധന ചെയ്യുന്നതാണ് ഈ പ്രഭാഷണത്തിന്‍െറ ഉള്ളടക്കം. അറഫാ ദിനത്തിന്‍െറ പ്രാധാന്യത്തെപ്പറ്റി മുഹമ്മദ് നബി പറഞ്ഞു: ‘അല്ലാഹുവിങ്കല്‍ അറഫാ ദിവസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു ദിവസമില്ല. അന്ന് അല്ലാഹു ഭൂമിയോട് ഏറ്റവും അടുത്തുവരും. എന്നിട്ട്, ആകാശവാസികളോട് ഭൂവാസികളെക്കുറിച്ച് അഭിമാനത്തോടെ പറയും-എന്‍െറ അടിമകളെ നോക്കൂ! ജടപിടിച്ചവരും പൊടിപറ്റിയവരുമായി വിദൂരദിക്കുകളില്‍നിന്ന് അവര്‍ എന്‍െറ അടുത്തുവന്നിരിക്കുന്നു. എന്‍െറ കാരുണ്യം മാത്രം കാംക്ഷിച്ചുകൊണ്ട്. എന്‍െറ ശിക്ഷ അവര്‍ കണ്ടിട്ടില്ല.’
അറഫാ ദിനത്തേക്കാള്‍ കൂടുതല്‍ നരകവിമോചിതരുണ്ടാകുന്ന മറ്റൊരു ദിവസവും കാണപ്പെടുകയില്ലെന്നും നബി അരുളിയിട്ടുണ്ട്. എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാര്‍ഥനയാണ് അറഫയില്‍ തീര്‍ഥാടകര്‍ നടത്തുന്നത്. മുസ്ലിം സമൂഹം ദേശീയ-അന്തര്‍ദേശീയതലങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളില്‍നിന്ന് മോചനം അഭ്യര്‍ഥിച്ചും നാഥനോട് കേഴുന്ന ഇടമാണിത്. സകലവിധ പ്രയാസങ്ങളും സഹിച്ച് അറഫയില്‍ സമ്മേളിക്കുന്ന ഹജ്ജ് തീര്‍ഥാടകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നോമ്പനുഷ്ഠിക്കുന്നത് മുസ്ലിംകള്‍ക്ക് പ്രതിഫലാര്‍ഹമായ കര്‍മമാണ്.