ഇന്ത്യന്‍ ഹാജിമാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി മിനയില്‍ ഓഫീസ് ഇന്നുമുതല്‍ പ്രവര്‍ത്തിക്കും: മന്ത്രി ഗുലാം നബി

 ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘം
മക്ക: ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തിയവര്‍ക്ക് സുഗമമായി ഹജ്ജ് ചെയ്യാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘം തലവന്‍ മന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു.
മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പും ആസ്പത്രിയും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും സന്ദര്‍ശിച്ച ശേഷം മക്ക അജ്‌യാദ് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹാജിമാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പൂര്‍ണതോതിലുള്ള ഓഫീസ് മിനയില്‍ പ്രവര്‍ത്തിക്കും. ഇന്ത്യന്‍ ഹാജിമാരുടെ ചുമതല 34 മുതവ്വിഫുമാര്‍ക്കാണ്. ഏഴ് കോ-ഓര്‍ഡിനേറ്റര്‍മാരും 142 ഡോക്ടര്‍മാരും 149 പാരാമെഡിക്കല്‍ സ്റ്റാഫും 34 ഹജ്ജ് ഓഫീസര്‍മാരും 195 ഹജ്ജ് അസിസ്റ്റുമാരുമുള്‍പ്പെടെ 544 അംഗ ഉദ്യോഗസ്ഥസംഘം ഇവിടെ പരിചരണത്തിനായി ഹജ്ജ് വേളയിലുണ്ടാകും.
ഇതിന് പുറമെ തീര്‍ഥാടകരെ സഹായിക്കുന്നതിന് വളണ്ടിയര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണവും ചികിത്സയും ട്രെയിന്‍ യാത്രാ സൗകര്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നും 265 സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവഴി 14600 പേരാണ് ഹജ്ജിനെത്തിയത്.
ഇന്ത്യയില്‍നിന്ന് 135938 പേരാണ് ഹജ്ജ് നിര്‍വഹിക്കുന്നത്. 686 പേര്‍ക്ക് വിവിധ രോഗങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി. മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യത്തോടൊപ്പം മക്കയിലെ താമസ സ്ഥലങ്ങളില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കുന്ന പദ്ധതിയെക്കുറിച്ച് അംബാസഡറുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു.
സഹോദരിമാരായ തീര്‍ഥാടകര്‍ക്ക് അവരുടെ വിലപ്പെട്ട സമയം ഭക്ഷണം പാചകം ചെയ്യുന്നതിനായി നീക്കിവെക്കുന്നത് ഒഴിവാക്കാന്‍ ഇതുസഹായിക്കും. ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ബാത്ത്‌റൂമുകളുടെ അപര്യാപ്തത പരാതിയായി ഉയര്‍ന്നിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ പാര്‍പ്പിട കേന്ദ്രങ്ങളെക്കുറിച്ചുള്ള പരാതിയും കുറഞ്ഞിട്ടുണ്ട്.
നാട്ടില്‍ ഇറങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ സംസം വെള്ളം എത്തിക്കുന്നതുപോലെ കാരക്കയും എത്തിക്കാനുള്ള സാഹചര്യവും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഊദി ചാനല്‍ നിരോധിച്ചതായുള്ള വാര്‍ത്ത ശരിയല്ലെന്നും ഒരു രാജ്യത്തിന്റെയും ചാനല്‍ സംപ്രേഷണം ഇന്ത്യ നിരോധിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അംബാസഡര്‍ ഹാമിദലി റാവു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹമ്മദ് കിദ്വായി, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ ശൈഖ് എന്നിവരും പങ്കെടുത്തു.