വിവാഹം; പലരും പലതട്ടില്‍

25 വയസ്സ് ആകാതെ ഒരു പെണ്‍കുട്ടിയും വിവാഹിതയാകരുതെന്ന് ജസ്റ്റിസ് ശ്രീദേവി. ഇതിനുമുമ്പുള്ള വിവാഹം പുരുഷാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി ഒരു വിഭാഗം മത മേലധ്യക്ഷന്മാര്‍ പാവപ്പെട്ട പെണ്‍കുട്ടികളെ ഇരയാക്കി നടത്തുന്നതാണത്രെ. വിവാഹ പ്രായം പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചയ്ക്കാന്‍ ആവശ്യപ്പെടുന്നതും ഒന്നിലധികം സ്ത്രീകളെ സ്വന്തം ശാരീരികാവശ്യങ്ങള്‍ക്ക് മാത്രമായി വിവാഹം ചെയ്യുന്നതും നികൃഷ്ട കര്‍മ്മമാണെന്നും ജസ്റ്റിസ് പറഞ്ഞതായാണ് വാര്‍ത്ത.
2006 - ല്‍ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ 18 വയസ്സ് നിര്‍ണയിച്ചത് മതിയായില്ലെന്നാവും ജസ്റ്റിസിന്റെ വിലയിരുത്തല്‍. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വല്ലാതെ വ്യാകുലപ്പെടുന്ന കൂട്ടത്തിലാണ് ജസ്റ്റിസ്. മുസ്‌ലിം പെണ്‍കുട്ടികളാണെങ്കില്‍ പറയുകയേ വേണ്ട. മുസ്‌ലിം പണ്ഡിതന്മാര്‍ യോഗം ചേര്‍ന്ന് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ തെരഞ്ഞ് പിടിച്ച് കെട്ടിച്ചയ്ക്കാന്‍ ഒരുമ്പിട്ടിറങ്ങി എന്ന് കേട്ടപ്പോഴേ ജസ്റ്റിസിന് വിങ്ങിപൊട്ടല്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു എന്ന് വേണം നിരീക്ഷിക്കാന്‍. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പദവി കൈകാര്യം ചെയ്ത സമയങ്ങളില്‍ ചില സ്ത്രീപീഢനങ്ങള്‍ കാണുകയും ചിലത് തീരെ കാണാതിരിക്കുകയും ചെയ്തത് ശ്രദ്ധേയമായ ജസ്റ്റിസിന്റെ നീതി..
ബോധം മാലോകരാല്‍ വാഴ്ത്തപ്പെട്ടതാണ്. മുസ്‌ലിം പ്രമാണിമാരുടെ വിക്ക്‌നസ്സാണ് പെണ്ണുകെട്ടല്ലെന്ന് നിരീക്ഷിച്ച സഖാവ് പിണറായി വിജയന്റെ യുവജന മഹിളകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വേദിയായത് കൊണ്ട് കൂടിയാവാം ജസ്റ്റിസ് വല്ലാതെ വാചാലയായത്.
ഇന്ത്യാ മഹാരാജ്യത്തിന്റെ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ വിവാഹ പ്രായം കുറക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നു എന്ന് പ്രസ്താവിച്ചത് കഴിഞ്ഞ ദിവസമാണ്. മമതശര്‍മയുടെ ഈ അഭിപ്രായം ഏത് വിഭാഗത്തിന്റെ ആധിപത്യം നിലനിര്‍ത്താനാണെന്ന് ജസ്റ്റിസ് പറഞ്ഞതായി പത്ര വാര്‍ത്തയില്‍ കണ്ടില്ല. മാനഭംഗം പോലെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നേരത്തെയുള്ള വിവാഹമാണ് അഭികാമ്യം എന്നുകൂടി ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ കൂട്ടി ചേര്‍ത്തിരിക്കുന്നു. മാനഭംഗം എന്ന് കേള്‍ക്കുനമ്പോഴേക്കും അന്തരംഗം കോരിത്തരിച്ച് ഓടിയെത്തുന്ന ജസ്റ്റിസ് ശ്രീദേവി മമത ശര്‍മയെന്ന മാവിലായിക്കാരിയെ പരിചയപ്പെട്ടിട്ടുണ്ടാവില്ല.
മുതിര്‍ന്ന പൗരന്മാരുടെ പ്രായപരിധി 18 ല്‍ നിന്നും 16 ആയി കുറക്കമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ശുപാര്‍ശ ചെയ്തത് ഈയിടെയാണ്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍ കുട്ടി ബലാല്‍ക്കാരത്തിന് വിധേയമായി കൊലചെയ്യപ്പെട്ടതിന്റെയും ബോംബെയിലെ പത്രപ്രവര്‍ത്തക മാനഭംഗത്തിന് ഇരയായതിന്റെയും പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
ഏതായാലും പ്രായനിര്‍ണയത്തിന്റെ കാര്യത്തില്‍ പലരും പല തട്ടിലായിരിക്കുന്നു. ദേശീയ വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സനുള്ള അഭിപ്രായമല്ല മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീദേവിക്കുള്ളത്. കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായമല്ല കേന്ദ്രമന്ത്രി സഭക്കുള്ളത്. ഒമ്പത് മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായമല്ല കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുള്ളത്. എല്ലാം വ്യത്യസ്തം. ഇനി തീര്‍പ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. മുസ്‌ലിം സംഘടനാ നേതൃത്വം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന്റെ സാഗത്യം പിടികിട്ടിയത് ഇപ്പോഴാണ്.-മുസ്തഫ മുണ്ടുപാറ
- SKSSF STATE COMMITTEE