തീര്‍ത്ഥാടക പ്രവാഹത്തില്‍ മക്ക

ബലിപെരുന്നാള്‍ ഒക്ടോബര്‍ 16ന്  മക്ക: ഖലീലുല്ലാഹി ഇബ്രാഹിം നബി (അ) മുഖേന അല്ലാഹു നടത്തിയ പ്രോജ്വല വിളംബരത്തിനു ഉത്തരമേകി നാനാദിക്കുകളില്‍നിന്നുള്ള തീര്‍ഥാടക ലക്ഷങ്ങളുടെ പുണ്യഭൂമിയിലേക്കുള്ള പ്രവാഹത്തില്‍ പ്രശോഭിതമായി പുണ്യമക്ക. ജീവിതത്തില്‍ നിര്‍ബന്ധമായ കര്‍മാനുഷ്ഠാനത്തിനായി കരയും കടലും താണ്ടിയുള്ള പ്രവാഹത്തില്‍ തീര്‍ഥാടകരുടെ ചുണ്ടില്‍ ഒരേയൊരു മന്ത്രം. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്...
തിങ്കളാഴ്ച സാര്‍ഥകമാകാന്‍ പോകുന്ന പുണ്യകര്‍മത്തിനുള്ള തയ്യാറെടുപ്പിലാണ് അല്ലാഹുവിന്റെ അതിഥികള്‍. മനസ്സും ശരീരവും അല്ലാഹുവിലര്‍പ്പിച്ച് ഏറ്റവും മഹിതമായ അനുഷ്ഠാനത്തിനായി തീവ്രമായ കാത്തിരിപ്പിന്റെ നിറവാണ് തീര്‍ഥാടകരുടെ മുഖങ്ങളില്‍ പ്രതിഫലിക്കുന്നത്.
തങ്ങളുടെ ജീവിതാഭിലാഷം പൂര്‍ത്തീകരിക്കപ്പെടുന്നത് കാത്ത് ദിവസങ്ങളോളം ഹാജിമാര്‍ പ്രതീക്ഷയുടെ പുല്‍ത്തകിടുകളില്‍ മക്കയിലും മദീനയിലും താമസമുറപ്പിക്കുകയായിരുന്നു. നട്ടുച്ചയിലെ സൂര്യകിരണങ്ങളെ വകവെക്കാതെ തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ ഹറമും പരിസരവും നിസ്‌കാരവേളകളില്‍ സമുദ്രസമാനമാംവിധം അല്ലാഹുവിന്റെ വിരുന്നുകാര്‍ നിറഞ്ഞുനില്‍ക്കുകയാണ്.
ഈ സീസണിലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഏറ്റക്കുറച്ചില്‍ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഹജ്ജ് മന്ത്രാലയവും അനുബന്ധ വകുപ്പുകളും. ഹജ്ജ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് തീര്‍ഥാടകര്‍ക്കൊരുക്കിയ സൗകര്യങ്ങള്‍ ഇന്നലെ വിലയിരുത്തി-- എം.വി.എ അബൂശുഐബ്