ശൈഖുനാ പി.പി. ഉസ്‌താദ്; ലളിതമായ ജീവിതത്തിന്റെ മടക്കം

മ്മെ വിസ്മയിപ്പിച്ചു കളയുന്ന ചില ജീവിതങ്ങളുണ്ട്. ഒരിക്കലും അവരെ പോലെ ജീവിക്കാന്‍ കഴിയാതിരിക്കുമ്പോഴും ആ ജീവിതം കൊതിച്ചു പോകാറുണ്ട് നമ്മള്‍. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ എന്ന വിശ്രുത പണ്ഡിതന്റെ ജീവിതം അത്തരത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്നതായിരുന്നു. ഉന്നതങ്ങളിലിരിക്കുമ്പോള്‍ വിനയം കാണിക്കുകയും വലിയ പദവികളുമായി ജീവിക്കുമ്പോഴും ലാളിത്യം പുലര്‍ത്തുകയും ചെയ്യുകയെന്നത് അപൂര്‍വമായ ഒരു സിദ്ധിയാണ്. ആ സിദ്ധി വിശേഷണത്തിന് എല്ലാ അര്‍ത്ഥത്തിലും അര്‍ഹനായ മഹാവ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച സമസ്ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍.
കോഴിക്കോട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ മല്‍സരിക്കുന്ന സമയം. പാറന്നൂര്‍ ഉസ്താദിനെ കാണാന്‍ സ്ഥാനാര്‍ത്ഥി വീട്ടിലെത്തി. ഓടിട്ട ചെറിയൊരു വീടിന്റെ കോലായില്‍ കെ. മുരളീധരനെ സ്‌നേഹത്തോടെ ഇരുത്തി ഏറെ നേരം അദ്ദേഹം സംസാരിച്ചു.ഇറങ്ങാന്‍ നേരത്ത് മുരളീധരന്‍ പറഞ്ഞു. ഉസ്താദേ, ഈ വീടൊന്ന് പൊളിച്ച് ഇത്തിരി കൂടി സൗകര്യപ്പെടുത്തണം നമുക്ക്. തന്റെ സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ അദ്ദേഹം മറുപടി പറഞ്ഞു. ഞാന്‍ മരിക്കുവോളം എനിക്ക് താമസിക്കാന്‍ ഈ വീട് തന്നെ ധാരാളം. മുരളീധരന്‍ കോഴിക്കോട്ട് നിന്ന് മല്‍സരിച്ച് ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടു. മരണം വരെയും ആ കൊച്ചുവീട്ടില്‍ തന്നെയാണ് പാറന്നൂര്‍ ഉസ്താദ് ജീവിച്ചത് ഒട്ടും മോടികൂട്ടാതെ.
ചിലരുടെ മുഖത്ത് നോക്കുമ്പോള്‍ നാം കണ്ണെടുക്കാതെ നോക്കി നിന്നു പോകാറുണ്ട്. അത്തരമൊരു മുഖമായിരുന്നു അദ്ദേഹത്തിന്. ഒരു കുഞ്ഞിന്റെ സകല നിഷ്‌കളങ്കതയും നിറഞ്ഞു നിന്ന മുഖം. മുഖത്തുള്ളതെല്ലാം അകത്തുമുണ്ടായിരുന്നു. ഒട്ടും കാപട്യമില്ലാതെ അദ്ദേഹം സംസാരിച്ചു. ആരെയും കുത്തി നോവിക്കാതെ, ആരോടും പരിഭവം പറയാതെ, ആര്‍ക്കുമൊരു ഭാരമാവാതെ, അത്യസാധാരണമായ ലാളിത്യം ജീവിതത്തിലും സ്വഭാവത്തിലും പുലര്‍ത്തിയ ഒരു മഹാവ്യക്തിത്വമായിരുന്നു പി.പി. ഉസ്താദ്. വാക്കും പ്രവൃത്തിയും ഒന്നാകുന്നത് കുറഞ്ഞുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വാക്ക് പറയാനുള്ളത് മാത്രമാവുകയും പ്രവൃത്തിയില്‍ പറയുന്നതിന്റെ നിഴലാട്ടം പോലുമില്ലാതിരിക്കുകയും ചെയ്യുന്ന പുതിയ കാലത്തും പ്രവൃത്തിക്കുന്നത് മാത്രം പറഞ്ഞു ജീവിച്ച ഒരാളായിരുന്നു അദ്ദേഹം. ഒരു സത്യവിശ്വാസിക്കുണ്ടാവേണ്ട സ്വഭാവഗുണങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പുലര്‍ത്തിയിരുന്നു അദ്ദേഹം. കൊച്ചു കുട്ടികളോട് പോലും ആദരവോടെ മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ.
തന്റെ ചുറ്റും വളര്‍ന്നു പന്തലിക്കുന്ന പുതിയ കാലത്തിന്റെ ആഡംബരങ്ങളുടെ മായാലോകം അദ്ദേഹത്തെ ഒട്ടും ആകര്‍ഷിച്ചിരുന്നില്ല. ആ പളപളപ്പുകളിലേക്കൊന്നും ഒരിക്കലും അദ്ദേഹത്തിന്റെ ദൃഷ്ടി പാഞ്ഞിരുന്നില്ല. തന്റെ ചെറിയ ജീവിതത്തിന്റെ തുരുത്ത് ഈ ആഡംബരക്കാഴ്ചകളില്‍ നിന്ന് ദൂരെയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടാവാം ഒരു ബഹളങ്ങളിലേക്കും അദ്ദേഹം ഇറങ്ങി നടന്നില്ല.
പണത്തിന്റെയും പദവികളുടെയും പ്രലോഭനങ്ങളിലേക്ക് വീണുപോകുന്നവരുടെ എണ്ണം കൂടിവരുന്ന പുതിയ കാലത്ത് പി.പി. ഉസ്താദ് വിശ്വാസത്തിന്റെ പ്രതിരോധമായി ജീവിച്ചുവെന്നത് ശ്രദ്ധേയമാണ്. മോഹഭംഗങ്ങളില്ലാതെ ജീവിക്കാന്‍ കഴിഞ്ഞ ഭാഗ്യവാനായിരുന്നു അദ്ദേഹം. എന്തുകൊണ്ടെന്നാല്‍ മോഹങ്ങളെ അതിജയിക്കാന്‍ അദ്ദേഹത്തിന്റെ വിശ്വാസ ദാര്‍ഢ്യതക്ക് സാധ്യമായിരുന്നു. വലിയ വീടോ വില കൂടിയ വാഹനങ്ങളോ പത്രാസുള്ള വസ്ത്രങ്ങളോ ജീവിത പരിസരങ്ങളിലേക്കു കടന്നു വരുന്നത് പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ഒരു വാക്കു കൊണ്ട് പോലും ഒരാളെയും നോവിക്കാതെയായിരുന്നു ആ ജീവിതം. കുത്തുവാക്കുകളോ പരിഹാസങ്ങളോ കൊച്ചാക്കലുകളോ ഇല്ലാത്ത സംസാരം. ഒരു ചെറുപുഞ്ചിരി സദാ വിടര്‍ന്നുനിന്ന മുഖലാവണ്യം. തന്റെ ജീവിതത്തിന്റെ ലക്ഷ്യമറിഞ്ഞുള്ള ലളിതമായ ജീവിതം. ധൂര്‍ത്തും അഹങ്കാരവുമില്ലാതെ, എല്ലാവരോടും ഒരേപോലെ പെരുമാറി അദ്ദേഹം തന്റെ കാലം ജീവിച്ചു തീര്‍ത്തു.
ഒരു മനുഷ്യന് ഇത്ര ലളിതമായും ജീവിക്കാം എന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തി.
 തന്റെ വരുമാനത്തിലൊതുങ്ങാത്തതൊന്നും ചെയ്യാതെ, ചെറിയ ജീവിതം നയിക്കുമ്പോഴും താനെത്ര ഭാഗ്യവാനെന്ന് സ്വയം ആത്മനിര്‍വൃതി കൊണ്ട് ആ ജീവിതം അദ്ദേഹം ആസ്വദിച്ചു തീര്‍ത്തു. ആരോടും ശത്രുത പുലര്‍ത്താതെ, ഒരാളോടും പ്രതികാരവാഞ്ഛയില്ലാതെ സഫലമായ ഒരു ജീവിതം. മഹാപാണ്ഡിത്യത്തിന്റെ നെറുകയിലിരിക്കുമ്പോഴും ഒരു നാട്ടിന്‍പുറത്തുകാരന്റെ എല്ലാ നന്മകളും അദ്ദേഹം കാത്തു സൂക്ഷിച്ചു. അറിവിന്റെ ആഴങ്ങളിലും ജീവിതത്തെ കൂടുതല്‍ ലളിതമാക്കാനുള്ള മുത്തുകള്‍ പരതി നടന്നതായിരുന്നു ആ ജീവിതം.
ഒട്ടും നിരാശനല്ലാതെ ജീവിച്ചുവെന്നതായിരുന്നു ആ വലിയ മനുഷ്യന്റെ ഏറ്റവും വലിയ നേട്ടം. ആരെയും തന്നോട് ചേര്‍ത്ത് അണച്ചു കൊണ്ടുള്ള ആ ജീവിതം ഒരുപാട് പേരുടെ ജീവിതത്തെ മാറ്റി മറിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഈ വിയോഗം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വല്ലാതെ ഒറ്റപ്പെടുത്തിക്കളയുമെന്നതാണ് നേര്.-- നജീബ് കാന്തപുരം(ചന്ദ്രിക)