അംഗോളയിൽ ഇസ്‍ലാമിന് നിരോധനമില്ല; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അംഗോള എംബസി

പള്ളികള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകളും ശരിയല്ല:ഇമാം ശെയ്‌ഖ്‌ ഉസ്‌മാന്‍ ഇബ്‌നു സെയ്‌ദ് 
ലുവാണ്ട: രാജ്യത്ത് ഇസ്‍ലാം നിരോധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അംഗോള. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലുള്ള അംഗോള എംബസിയാണ് രാജ്യത്ത് ഇസ്‍ലാം നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്.
ഇസ്‍ലാമടക്കമുള്ള മുഴുവ‍ന്‍ മതങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തന-പ്രചാരണ സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള പ്രചരങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും എംബസി പുറത്തിറക്കിയ പ്രസ്‍താവയി‍ല്‍ പറയുന്നു. 
പള്ളികള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട്‌ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന്‌ അംഗോളയിലെ നൂറുല്‍ ഇസ്‌ലാം പള്ളിയിലെ ഇമാം ശെയ്‌ഖ്‌ ഉസ്‌മാന്‍ ഇബ്‌നു സെയ്‌ദും അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആഫ്രിക്കന്‍ രാജ്യമായ അംഗോള ഇസ്ലാം മതം നിരോധിച്ചെന്നും പള്ളികള്‍ പൊളിച്ചുനീക്കല്‍ ആരംഭിച്ചെന്നും സാംസ്‌കാരികമന്ത്രിയെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളി‍ല്‍ വാര്‍ത്ത വന്നത്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ, ഗവര്‍ണര്‍ ബെന്റോ ബെന്റോ സാംസ്കാരിക മന്ത്രി റോസ ക്രൂസ്‌ സില്‍വ എന്നിവരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍പ്രാധാന്യത്തോടെ അന്താരാഷ്ട മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്‍ലാം മതം നിരോധിക്കുന്നത് എന്ന ഞെട്ടലോടെയാണ് ലോകം ഈ വാര്‍ത്ത കേട്ടത്.
ഇസ്‍ലാമിനെ നിയമ വിധേയമാക്കാനുള്ള അപേക്ഷ നീതിന്യാ മനുഷ്യാവകാശ വകുപ്പ് തള്ളിക്കളഞ്ഞിരിക്കുന്നു എന്നും അതിനാ‍ല്‍ രാജ്യത്ത് ഇനി മുസ്‍ലിം ആരാധനാലയങ്ങളോ വേഷ വിധാനങ്ങളോ അനുവദിക്കില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുക‍ള്‍. നിരവധി മസ്‍ജിദുക‍ള്‍ അടച്ചുപൂട്ടിയതായും ചില പള്ളികളുടെ മിനാരങ്ങള്‍ തകര്‍ത്തതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് സാമുദായിക സ്പര്‍ദ്ധ
വളര്‍ത്താനുള്ള ശ്രമം മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നാണ് എംബസി പറയുന്നത്. പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ ഒരാഴ്ചത്തേക്ക് രാജ്യത്തിന് പുറത്താണ് എന്നും ഔദ്യോഗിക വിശദീകരണം പിന്നീട് ഉണ്ടാകുമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുസ്‌ലിംകള്‍ക്ക് പുറമെ, 38 ശതമാനം കത്തോലിക്കരും 15 ശതമാനം പ്രൊട്ടസ്റ്റന്റുകളും അംഗോളയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 18.5 മില്യ‍ന്‍ വരുന്ന ജനസംഖ്യയില്‍ തൊണ്ണൂറായിരത്തില്‍ താഴെ മാത്രം വരുന്ന അതീവ ന്യൂനപക്ഷമാണ് അംഗോളയിലെ മുസ്‌ലിംകള്‍. പശ്ചിമാഫ്രിക്ക, ലെബനന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.