- മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കു കാരണം ബസ്സുകള്‍ ഓട്ടം നിര്‍ത്തി വെച്ചു.
- ആദ്യ പൊതു ദർശനം മടവൂര്‍ സി.എം മഖാമിൽ
- അന്ത്യ ശ്വാസം വലിക്കുമ്പോള്‍ ശൈഖുന 3 തവണ ശഹാദത്ത് കലിമ ഉരുവിട്ടുവെന്ന് ദൃക്‌സാക്ഷികള്‍
- മയ്യിത്ത് നമസ്‌കാരം നടന്നത് നിരവധി തവണ


ദീര്‍ഘകാലം തന്റെ കര്‍മമണ്ഡലമായിരുന്ന മടവൂര്‍ സി.എം മഖാമിലേക്കാണ് ആദ്യം മയ്യിത്ത് കൊണ്ടുപോയത്. മയ്യിത്ത് മടവൂരിലെത്തുന്നു എന്നറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നായി പതിനായിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. അര മണിക്കൂര്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചെങ്കിലും നിരവധി ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങേണ്ടിവന്നു. രണ്ട് മണിയോടെയാണ് സ്വദേശമായ പാറന്നൂരിലെത്തിച്ചത്. ആയിരക്കണക്കായ മഹല്ലുകളില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് അപ്പോഴേക്കും പാറന്നൂരിലേക്ക് ഒഴുകിയെത്തിയത്. ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടുകയായിരുന്നു ഇന്നലെ. മരണവിവരം അറിഞ്ഞതുമുതല്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നരിക്കുനിയിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. നരിക്കുനി അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. നരിക്കുനി അങ്ങാടി നിറഞ്ഞുകവിഞ്ഞതോടെ ഗതാഗതക്കുരുക്ക് കാരണം ഉച്ചമുതല്‍ പാലത്ത് കുമാരസ്വാമി വഴി കോഴിക്കോട്ടേക്കുള്ള ബസ്സുകള്‍ ഓട്ടം നിര്‍ത്തി. തങ്ങളുടെ ആത്മീയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനുള്ള നിര കിലോമീറ്ററുകളോളം നീണ്ടു.
ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററുടെ നേതൃത്വത്തില്‍ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് എല്ലാവര്‍ക്കും മയ്യിത്ത് ഒരു നോക്കുകാണാന്‍ സൗകര്യമൊരുക്കിയത്. വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. രാത്രി ഒമ്പത് മണിയോടെ താന്‍ ഖാസിയായ പാറന്നൂര്‍ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
