മമ്പുറം മഖാമില്‍ അമുസ്ലിംകള്‍ക്കും സൗജന്യ അരിവിതരണം

80 ഓളം അമുസ്ലിം കുടംബങ്ങള്‍ക്കും 400-ഓളം മുസ്ലിം കുടുംബങ്ങള്‍ക്കുമാണ് ഇപ്പോള്‍ മാസാന്തം അരി നല്‍കി വരുന്നത്
തിരൂരങ്ങാടി: ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല മമ്പുറം തങ്ങളുടെ മഖ്ബറയിലേക്ക് തീര്‍ത്ഥാടക വിശ്വാസികള്‍ കൊണ്ടുവരുന്ന അരി, മഹല്ലിലെ പാവപ്പെട്ടവര്‍ക്ക് മാസാന്തം സൗജന്യമായി നല്‍കികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി, മഖാം നടത്തിപ്പുകാരായ ചെമ്മാട് ദാറുല്‍ഹുദാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പ്രദേശത്തെ അര്‍ഹരായ അമുസ്ലിംകള്‍ക്കും വിതരണം ആരംഭിച്ചു. മഖാമിന്റെ ഭരണം ദാറുല്‍ ഹുദാ ഏറ്റെടുത്തതിന് ശേഷമാണ് ഈ അരി പ്രദേശത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. മഹല്ലിലെ ദീനി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ഇഹ്‌സാസുല്‍ ഇസ്ലാം സംഘം മുഖേനയാണ് വ്യവസ്ഥാപിതമായി ഇത് ബന്ധപ്പെട്ടവരുടെ കൈകളിലെത്തിക്കുന്നത്.
എം. ഇബ്രഹീം ഹാജി, പോക്കര്‍കുട്ടി ഹാജി, എ.കെ മൊയ്തീന്‍ കുട്ടി, പി.ടി അഹമ്മദ് ഹാജി, കെ.പി സൈതലവി തുടങ്ങയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ 80 ഓളം അമുസ്ലിം കുടംബങ്ങള്‍ക്കും നാനൂറോളം മുസ്ലിം കുടുംബങ്ങള്‍ക്കുമാണ് ഇപ്പോള്‍ മാസാന്തം അരി നല്‍കി വരുന്നത്.