സൂക്ഷിക്കുക, അസൂയ മാരകാഗ്നിയാണ്

പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും അറബി സാഹിത്യകാരനുമായ അബ്ബാസ് മഹ്മൂദുല്‍ അക്കാദിനെ സമീപിച്ച ഒരു യുവ എഴുത്തുകാരന്റെ സങ്കടം ഇതായിരുന്നു: 'ഞാന്‍ എന്തെഴുതിയാലും ചില പത്രങ്ങള്‍ എനിക്കെതിരില്‍ വിമര്‍ശന ശരങ്ങള്‍ എയ്തുവിടുകയാണ്. ഞാന്‍ വളര്‍ന്നു വരുന്നതിലുള്ള അസൂയയാണ് അതിന് പിന്നില്‍'. അക്കാദ് വിമര്‍ശനങ്ങള്‍ പ്രസിദ്ധീകരിച്ച പത്രങ്ങളുമായി വീണ്ടും തന്റെ മുമ്പിലെത്താന്‍ നിര്‍ദ്ദേശിച്ചു. യുവാവ് വന്നപ്പോള്‍ അവയെല്ലാം അടുക്കിവെച്ച് പിന്നെ അതിന് മുകളില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു. 'ഇതാ, ഈ വിമര്‍ശനങ്ങളെല്ലാം നിന്റെ കാല്‍ക്കീഴിലാണ്. നീ അവക്ക് മുകളിലും. അസൂയകന്‍മാര്‍ നിന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന അത്രയും നീ ഭൂമിയില്‍നിന്ന് ഉയര്‍ന്നുകൊണ്ടേയിരിക്കും.' അക്കാദ് യുവാവിനെ ധരിപ്പിച്ചു. പ്രസിദ്ധ അറബി കവി അബൂതമ്മാം പാടിയ ഒരു ഈരടിയുടെ ആശയം ഇങ്ങനെ:
'ഒരു മനുഷ്യന്റെ മഹത്വത്തിന്
പ്രചാരണം നല്‍കാന്‍ ദൈവം ഉദ്ദേശിച്ചാല്‍
കുറേ അസൂയകന്‍മാരുടെ
നാവുകളെ അവന് വേണ്ടി ഒരുക്കും'
ഒരു മനുഷ്യനും അവനെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞ് പരത്തുന്ന കുറ്റങ്ങളില്‍ വേവലാതിപ്പെടേണ്ട. ഒരു വിമര്‍ശനത്തിനും വിധേയമായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അയാള്‍ ഒന്നുമല്ലെന്നാണ്. പ്രസിദ്ധ സഊദി എഴുത്തുകാരനായ ആഇദുല്‍ ഖര്‍നി സൂചിപ്പിക്കും പോലെ 'നിസ്സാരന്‍മാരോട് ആരെങ്കിലും അസൂയ കാണിക്കാറുണ്ടോ? കല്ലിനെയും മണ്ണിനെയും ആരാണ് ആക്ഷേപിക്കുക? 'ദഇല്‍ ഖല്ഖ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ചോദിക്കുന്നതാണ് കൂടുതല്‍ ശരി: 'ഒരു ചത്ത നായയെ ആരെങ്കിലും തല്ലാറുണ്ടോ? ' അപ്പോള്‍ അസൂയാലുക്കളോട് ഒരു നിലക്ക് നന്ദി പറയുകയാണ് വേണ്ടത്. കാരണം അവര്‍ ഒരു ചെലവുമില്ലാതെ സൗജന്യമായി പരസ്യം നല്‍കുകയല്ലേ? അതിനാല്‍ അസൂയകന്‍മാരെ അവഗണിച്ച് അവരുടെ മനോവിഷമം വര്‍ധിപ്പിക്കും വിധം കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിലും ബഹുമതികള്‍ നേടുന്നതിലും വ്യാപൃതരാവുകയാണ് വേണ്ടത്. മുതനബ്ബി ചോദിക്കുംപോലെ 'നീ എന്തിനവരെ കുറ്റപ്പെടുത്തുന്നു? നീ അവര്‍ക്കൊരു ശിക്ഷയാണ്.'
എന്താണ് ഒരാള്‍ അസൂയ കാണിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം. പ്രസിദ്ധ പണ്ഡിതനായ ഇബ്‌നുല്‍ ജൗസീ പറയുന്നു : 'ഒരു മനുഷ്യനും തന്നേക്കാള്‍ മറ്റൊരാള്‍ ഉയര്‍ന്നു വരുന്നത് ഇഷ്ടപ്പെടുകയില്ല. സ്‌നേഹിതന്‍ തന്നോടൊപ്പമെത്തുന്നത് കണ്ടാല്‍ അവന് കുണ്ഠിതം. അതവന് ഇഷ്ടമല്ല.'
എന്നാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ മനോഭാവം എന്തായിരിക്കണം. പ്രവാചകന്‍ പറയുന്നു: 'തനിക്കെന്തോ ഇഷ്ടം, അത് തന്റെ സഹോദരനും വേണമെന്നാഗ്രഹിക്കാതെ നിങ്ങളില്‍ ഒരാള്‍ക്കും സത്യവിശ്വാസിയാകാന്‍ കഴിയുകയില്ല'. ഇതിന് വിരുദ്ധമായ നിലപാടാണ് അസൂയ. മനുഷ്യ സാഹോദര്യത്തിന് ഒരിക്കലും നിരക്കാത്ത സ്വഭാവമാണിത്. ശത്രുതക്കും ചതിക്കും നിഗൂഢ മാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനുമെല്ലാം പ്രേരിപ്പിക്കുന്നത് അസൂയയാണ് അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ദുര്‍വികാരം തന്നെ. എന്താണ് അസൂയ? തനിക്ക് തുല്യമായോ തന്നേക്കാള്‍ കൂടുതലോ മറ്റൊരാള്‍ പണം, പ്രശസ്തി, വിജ്ഞാനം, നേതൃത്വം, അധികാരം, സ്വാധീനം, ബഹുമാനം, ജനസമ്മതി തുടങ്ങിയ എന്തെങ്കിലും സവിശേഷത നേടുമ്പോള്‍ മനസില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയും പൊറുതിമുട്ടും. ഇത് ചിലപ്പോള്‍ അപരന് ഇടിവ് സംഭവിക്കാനോ നാശം വരുത്താനോ ഗൂഢ പ്രവര്‍ത്തനത്തിലേര്‍പെടാന്‍പോലും പ്രേരിപ്പിക്കുന്നു. അവന്റെ സവിശേഷതകള്‍ നഷ്ട്ടപ്പെട്ട് തനിക്ക് താഴെ എത്തുമ്പോള്‍ മാത്രമേ മനസിന് സമാധാനമുണ്ടാവുകയുള്ളൂ. ആഇദുല്‍ ഖര്‍നി വ്യക്തമാക്കുംപോലെ 'നീ അവന്റെ ധനം മോഷ്ടിച്ചതോ, അവന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതോ ഒന്നുമല്ല നിന്നോട് അസൂയപ്പെടാനുള്ള കാരണം.'
ഓരോ മനുഷ്യനും തനിക്ക് ജീവിതത്തില്‍ കൂടുതല്‍ നന്മ കൈവരേണമെന്ന് ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നവനാണ്. എന്നാല്‍ തനിക്കത് നേടാന്‍ കഴിയാതെ വരികയും അപരന് അത് സിദ്ധിക്കുകയും ചെയ്യുമ്പോള്‍ കണ്‍കുളിര്‍മയുണ്ടാകാനാണ് മനുഷ്യ സാഹോദര്യം ആവശ്യപ്പെടുന്നത്. അതിന് പകരം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'കണ്ണുകടി'യാണ് അനുഭവപ്പെടുന്നതെങ്കില്‍ അത് എത്രമാത്രം നീചവും അധാര്‍മികവുമായ സ്വഭാവമാണ്. മറ്റൊരാള്‍ക്ക് ദോഷം വരേണമെന്ന് ആഗ്രഹിക്കുകയും അവന് നന്മ കൈവരുമ്പോള്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്നവന്റെ മനസ് എത്രമാത്രം മലീമസമായിരിക്കും.
മാധ്യമങ്ങള്‍ക്ക് ആരെപ്പറ്റിയും ഏതിനെപ്പറ്റിയും ആരോപണമുന്നയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് വെപ്പ്. തിന്മക്കെതിരിലുള്ള ശബ്ദമെന്ന പട്ടുതട്ടമിട്ടാണ് അവ ന്യായീകരിക്കപ്പെടുന്നത്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ അവയില്‍ ചിലതിന്റെയെല്ലാം പിന്നില്‍ അസൂയ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്താം.
അസൂയ എന്ന രോഗത്തിന് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. ആദ്യ പിതാവായ ആദമിന്റെ രണ്ട് പുത്രന്‍മാര്‍ - ഖാബീലും ഹാബീലും. രണ്ടാമത്തവന്റെ ബലി ദൈവം സ്വീകരിച്ചു. ഒന്നാമത്തവന്റേത് സ്വീകരിച്ചില്ല. ഉള്ളില്‍ അസൂയ ജ്വലിച്ചു. ഖാബീല്‍ തന്റെ സഹോദരനെ വധിച്ചു. ഈ സംഭവം വിവരിക്കുന്നതിലൂടെ ഖുര്‍ആന്‍ അസൂയക്കടിപ്പെടുന്നതിനെ സൂക്ഷിക്കാന്‍ എല്ലാ മനുഷ്യരോടും ആഹ്വാനം ചെയ്യുകയാണ്.
യേശു വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി സുവിശേഷമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗമനം വേദക്കാരെല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹം അവരുടെ ജനതയില്‍ നിയുക്തനാകുമെന്ന പ്രതീക്ഷക്ക് വിരുദ്ധമായി അറബികളില്‍ നിന്നാണ് വന്നത്. ഈ ബഹുമതി അറബികള്‍ക്ക് ലഭിച്ചതിലുള്ള അസൂയയാണ് മുഹമ്മദ് നബിയെ അവിശ്വസിക്കാന്‍ വേദക്കാരെ പ്രേരിപ്പിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
അസൂയ, തീ വിറകിനെയെന്നപോലെ മനുഷ്യന്റെ കര്‍മങ്ങളെ തിന്നു നശിപ്പിക്കുമെന്ന് പ്രവാചകന്‍ താക്കീത് ചെയ്യുന്നു. രണ്ട് വിശന്ന ചെന്നായ്ക്കള്‍ മൃഗത്തൊഴുത്തില്‍ കടന്നാല്‍ വരുത്തുന്ന നാശത്തേക്കാള്‍ മാരകമായ നാശമാണ് അസൂയ വിശ്വാസിയുടെ മതത്തിന് വരുത്തുക.' - തിരുമേനി വ്യക്തമാക്കി. 'മോനെ, ആരോടും ഒട്ടും അസൂയയുമില്ലാതെ പകലും രാത്രിയും കഴിച്ചുകൂട്ടുക' - അദ്ദേഹം ഉപദേശിക്കുന്നു.

ഒരു ബിസിനസ്സുകാരന് മറ്റൊരാള്‍ ഉയര്‍ന്നു വരുമ്പോള്‍ മനസില്‍ ഒരു കിറുകിറുപ്പ്. തൊട്ടടുത്ത കച്ചവടക്കാരന്‍ തന്റെ തൊഴിലിനും വരുമാനത്തിനും ഭീഷണിയാകുമോ എന്ന ആശങ്കയാണ് അയാളോടുള്ള അസൂയക്ക് കാരണം. എന്നാല്‍ അസൂയ എന്ന ഈ മഹാ വിപത്തിനെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട മതപണ്ഡിതന്‍മാര്‍ തമ്മില്‍ അസൂയ കാണിച്ചാലോ? ഇമാം ഗസ്സാലി തുറന്നടിക്കുന്നത് ഇങ്ങനെ: 'പണ്ഡിതന്മാര്‍ വിജ്ഞാനംകൊണ്ട് ധനവും സ്ഥാനമാനങ്ങളും മോഹിക്കുമ്പോള്‍ പരസ്പരം അസൂയ കാണിക്കുന്നു. ജനങ്ങള്‍ക്ക് മറ്റൊരു പണ്ഡിതനോട് മനസില്‍ ബഹുമാനമുണ്ടായാല്‍ തന്നോടുള്ള ബഹുമാനം കുറയുമെന്ന് അവര്‍ ഭയപ്പെടുന്നു.' തിന്മക്കെതിരില്‍ ശബ്ദമുയര്‍ത്തേണ്ടവര്‍തന്നെ അസൂയ എന്ന തിന്മക്ക് അടിപ്പെട്ടവരായാലോ.

അസൂയ പാപമാണെങ്കിലും അഭികാമ്യമായ രണ്ട് സന്ദര്‍ഭങ്ങള്‍ മതം ചൂണ്ടിക്കാണിക്കുന്നു. രണ്ട് കാര്യത്തിലേ അസൂയ (മറ്റവനേ കവച്ചുവെക്കേണമെന്ന മത്സരബുദ്ധി) പാടുള്ളൂവെന്ന് ഉണര്‍ത്തിക്കൊണ്ട് പ്രവാചകന്‍ പറയുന്നു: ഒന്ന്, അറിവ് നേടി അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന വിഷയത്തില്‍. രണ്ട്, ദൈവം തന്ന ധനം ദാനം ചെയ്ത് മുമ്പിലെത്തേണമെന്ന കാര്യത്തില്‍.
ആരുടെയൊക്കെ മനസിലാണ് തന്നോട് അസൂയയുള്ളതെന്ന് ഒരു മനുഷ്യനും അറിയുകയില്ല. അവന്‍ തനിക്ക് ഉപദ്രവമേല്‍പിക്കാന്‍ നിഗൂഢമായ പല മാര്‍ഗങ്ങളും ഉപയോഗിച്ചേക്കാം. കവി പറഞ്ഞതുപോലെ:
'ഏത് ശത്രുതയെയും നശിപ്പിക്കാം-
അസൂയകന്റെ ശത്രുത ഒഴികെ.'
അതിനാല്‍ 'അസൂയകന്റെ ദ്രോഹത്തില്‍നിന്ന് നീ എന്നെ രക്ഷിക്കേണമേ, നാഥാ' എന്ന് പ്രാര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ മനുഷ്യനോടാവശ്യപ്പെടുന്നു.- പി. മുഹമ്മദ് കുട്ടശ്ശേരി(ചന്ദ്രിക)