തിരൂരങ്ങാടി: ഇസ്ലാമിക സര്‍വകലാശാലാ മേധാവികളുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സഊദിയിലേക്ക് യാത്രതിരിച്ചു.ആഗോള തലത്തിലെ ഇസ്ലാമിക സര്‍വകലാശാലകളുടെ പൊതുവേദിയായ ദ ഫെഡറേഷന് ഓഫ് യൂനിവേഴ്സിറ്റീസ് ഓഫ് ഇസ്ലാമിക് വേള്‍ഡിന്റെ ജനറല്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാണ് അദ്ദേഹം റിയാദിലേക്ക് പുറപ്പെട്ടത്. ഈ മാസം 26,27,28 തിയ്യതികളില്‍ റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ സര്‍വകലാശാലകളുടെ ഭരണനിര്‍വണം, അക്കാദമിക് സഹകരണം, ഗുണനിലവാര വര്‍ധന തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
അറുപതോളം മുസ്ലിം രാഷ്ട്ര പൊതുവേദിയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സി (ഒ.ഐ.സി) ന്റെ വിദ്യാഭ്യാസ-ശാസ്ത്ര-ഗവേഷണ വിഭാഗമായ ഇസിസ്കോയുടെ കീഴില്‍ മൊറോക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷനില്‍ ദാറുല്‍ ഹുദാ സര്‍വകലാശാലക്ക് അംഗത്വം ലഭിച്ചത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം യൂനിവേഴ്സിറ്റികള്‍ക്ക് ഫെഡറേഷനില്‍ അംഗത്വമുണ്ട്.