ബെല്‍ജിയത്തില്‍ പള്ളികള്‍ക്ക് നേരെ അക്രമം; നേതാക്കള്‍ അപലപിച്ചു

ചുമരുകളില്‍ അസഭ്യ വാചകങ്ങളും സ്വസ്തിക ചിഹ്നവും വരച്ചു വെച്ചു
ജെങ്ക് : ജെങ്ക് നഗരത്തിലെ പള്ളികള്‍ക്ക് നേരെ നടന്ന അക്രമത്തെ ബെല്‍ജിയം മുസ്‍ലിം നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഹീനവും നികൃഷ്ടവുമായ പ്രവര്‍ത്തനം എന്നാണ് അതിക്രമത്തെ ഇ.എം.ബി (മുസ്‍ലിം എക്സിക്യുട്ടീവ് ബെല്‍ജിയം) ചെയര്‍മാ‍ന്‍ സെമസ്റ്റി‍ന്‍ ഉഗുര്‍ലു വിശേഷിപ്പിച്ചത്. പ്രശ്നത്തോട് സമാധാനപരമായി മാത്രമേ പ്രതികരിക്കാവൂ എന്നും അമു‍സിംകള്‍ക്കായി പള്ളി ഭാരവാഹികള്‍ വീടിന്റെ വാതിലുക‍ള്‍ തുറന്നിടണമെന്നും അദ്ദേഹം അഭ്യത്ഥിച്ചു.ബെല്‍ജിയം സര്‍ക്കരിന്റെ ഔദ്യോഗിക വക്താക്ക‍ള്‍ സംഭവത്തെ അപലപിക്കുകയും നഗരത്തില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചക്കു ശേഷമാണ് ജെങ്ക് നഗരത്തിലെ മൂന്ന് പള്ളികളില്‍ അതിക്രമിക‍ള്‍ അഴിഞ്ഞാടിയത്. ചുമരുകളില്‍ അസഭ്യ വാചകക‍ള്‍ എഴുതി വെച്ച ഇവ‍ര്‍ സ്വസ്തിക ചിഹ്നവും വരച്ചു വെച്ചു. പള്ളിക്ക് പുറത്ത് പന്നിയുടെ തല ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുസ്‍ലിംകല്‍ക്കെതിരെയുള്ള അക്രമണം രാജ്യത്ത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മാര്‍ച്ചില്‍ അക്രമികളുടെ മര്‍ദ്ദനമേറ്റ് ഒരു പള്ളി ഇമാം മരണപ്പെട്ടിരുന്നു. പത്ത് ദശലക്ഷം ജനസംഖ്യയുള്ള ബെല്‍ജിയത്തി‍ല്‍ അഞ്ച് ലക്ഷത്തിനടുത്ത് മുസ്‍ലിംകളും മുന്നൂറ് പള്ളികളും ഉണ്ട്.