ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.
എന്നാല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ, ജനമനസ്സുകളില്‍ മുഹര്‍റത്തിന്റെ സ്മരണകള്‍ ജ്വലിപ്പിച്ചു നിറുത്തുന്ന മഹാസംഭവമായി നമ്മുടെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ധിക്കാരിയും അഹങ്കാരിയും അക്രമിയുമായ ഒരു ഭരണാധികാരിയുടെ ദയനീയ പതനവും, അങ്ങേയറ്റം ദുര്‍ബലമായ ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതെ, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും നടന്ന ദിനം എന്ന നിലക്കാണ് ആശൂറാഅ് ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്.