വിവാഹ പ്രായം; വസ്തുത തിരിച്ചറിയാതെ വിമര്‍ശിക്കുന്നത് പ്രതിഷേധാര്‍ഹം, ഖത്തീബുമാര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഉദ്‌ബോധനങ്ങള്‍ നടത്തുക : SKJU തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷന്‍

തിരൂരങ്ങാടി : വിവാഹപ്രായ വിവാദത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഖത്തീബുമാര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഉദ്‌ബോധനങ്ങള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തിരൂരങ്ങാടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു
ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വിവാഹപ്രായത്തിന്റെ പേരില്‍ മത പണ്ഡിതരുടെ നിലപാടിനെ വിമര്‍ശിക്കുന്നതിന് പിന്നില്‍ ശരീഅത്ത് വിരുദ്ധതയാണെന്നും ഇസ്‌ലാമില്‍ പ്രത്യേക പ്രായ പരിധി നിര്‍ണ്ണയിക്കാത്ത സാഹചര്യത്തില്‍ പതിനെട്ടെന്ന് വാശി പിടിക്കുന്നത് അസംബന്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
18 വയസ്സിന് മുമ്പേ മുഴുവന്‍ പെണ്‍കുട്ടികളേയും കല്യാണം കഴിപ്പിച്ചയക്കണമെന്ന നിലപാടാണ് മത സംഘടനകള്‍ക്കുള്ളതെന്ന രീതിയില്‍ ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അപലപനീയമാണ്. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ 18 വയസ്സിന് മുമ്പുള്ള വിവാഹം നടക്കുമ്പോള്‍ അതിന് നിയമപരിരക്ഷ നല്‍കണമെന്ന് മാത്രമേ മതപണ്ഡിതര്‍ ആവശ്യപ്പെട്ടുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഉള്ഹിയത്ത് നാം അറിയേണ്ടത് വിഷയത്തില്‍ കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ ക്ലാസെടുത്തു. അഹ്മദ്കുട്ടി ബാഖവി ആധ്യക്ഷ്യം വഹിച്ചു. പി മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
- Darul Huda Islamic University