ശൈഖുനാ സി.എം ഉസ്താദ് |
കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയും പ്രമുഖ ഗോളശാസ്ത്ര വിദഗ്ധനുമായിരുന്ന ശൈഖുനാ സി.എം. അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ച് സി.ബി.ഐയുടെ പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശൈഖുനാ യുടെ മകന് മുഹമ്മദ് ശാഫി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സി.ബി.ഐക്കും മറ്റ് ബന്ധപ്പെട്ട അധികൃതര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായി.
2010 ഫെബ്രുവരി 15-ന് രാവിലെയാണ് ചെമ്പരിക്ക കടുക്കക്കല്ല് പാറക്കെട്ടിനടുത്ത് കടലില്‍ ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആദ്യം നടത്തിയ അന്വേഷണങ്ങള്‍ കേസിന്റെ വഴിതിരിച്ചുവിടുന്നതായിരുന്നുവെന്ന് തുടക്കംമുതല്‍ തന്നെ ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മരണത്തിന് ഒരുമാസത്തിനുള്ളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുകയും കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം ആശാവഹമായി പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പെടുന്നനെ സ്ഥലം മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് ഖാസിയുടെ മരുമകന് അഹമ്മദ് ശാഫി ദേളി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതുവരെയുള്ള അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അഹമ്മദ് ശാഫി ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തും ഖാസി സംയുക്ത സമരസമിതിയും ജില്ലാ എസ്.കെ.എസ്.എസ്.എഫും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ കര്‍ശന താക്കീതിന്റെ ഫലമായി സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ റിപോര്‍ട്ട് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതേ തുടര്‍ന്ന് പ്രസ്തുത അന്വേഷണ റിപോര്‍ട്ട് റദ്ദ് ചെയ്യണമെന്നും കോടതിയുടെ നിരീക്ഷണത്തില്‍ എസ്.പിക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്മാരെക്കൊണ്ട് കേസന്വേഷണം നടത്തണമെന്നും കോടതിയോട് ഹര്‍ജിക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ വാദത്തിനായി എടുക്കാതെ പലതവണയായി നീട്ടികൊണ്ടു പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പിതാവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാരണവുമില്ലായിരുന്നെന്നും ഖാസിയുടെ മരണം അപകടമരണമല്ലെന്നും പ്രത്യേക ടീമിനെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മകന് മുഹമ്മദ് ശാഫി പ്രമുഖ അഭിഭാഷകന് ഷൈജാന് സി. ജോര്‍ജ് മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്.
ഈ ഹര്‍ജിയിലാണ് സി.ബി.ഐക്കും മറ്റു അധികൃതര്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായത്. ഈ കേസ് മുമ്പുനല്‍കിയ ഹര്‍ജികളോടൊപ്പം തന്നെ വാദം കേള്‍ക്കുന്നതിനായി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.