ആത്മീയ സാഗരമായി അറഫസമ്മേളനം; ഹാജിമാർ ഇന്ന് മുസ്തലിഫയിലേക്ക്..

അറഫ സംഗമത്തിൽ നിന്ന് ഒരു ദ്രശ്യം
അറഫ: പാപമുക്തിയുടെ പാഥേയവുമായി ആഴിയുടെയും ആകാശത്തിന്റെയും അതിരുകള്‍ താണ്ടി പ്രപഞ്ചനാഥന്റെ വിളി കേട്ട് വിശ്വാസി ലക്ഷങ്ങളുടെ മഹാസംഗമത്തിന് പ്രപഞ്ചവിശുദ്ധിയുടെ മക്കയുടെ മണല്‍തരികള്‍ ഒരിക്കല്‍കൂടി ഹജ്ജ്കര്‍മത്തിന് സാക്ഷിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിശുദ്ധിയുടെ വെണ്‍മപുരണ്ട ശുഭ്രവസ്ത്രമണിഞ്ഞെത്തിയ സ്ത്രീപുരുഷന്മാര്‍ അറഫയില്‍ ഒത്തുകൂടി.
ഇസ്‌ലാമിക വിശ്വാസപ്രമാണത്തിന്റെ പഞ്ചശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മം നിറവേറ്റി ആത്മസാഫല്യമടയാന്‍ എത്തിയവരുടെ മനം അപാരചൈതന്യം പകര്‍ന്നു. നട്ടുച്ചക്ക് ജ്വലിച്ചുനില്‍ക്കുന്ന സൂര്യനുതാഴെ ഭക്തിയുടെ മേലാപ്പ് മൂടിയ കൂടാരങ്ങളില്‍ ഉയര്‍ന്നുകേട്ടത് തല്‍ബിയത്ത് മന്ത്രവും മനമുരുകിയുള്ള പ്രാര്‍ഥനയും.
(അറഫ സംഗമ ദ്രശ്യങ്ങൾ-അറബിക് ചാനൽ ന്യൂസ്‌ )
അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) തന്റെ ഹജ്ജത്തുല്‍വദാഇല്‍ വിടവാങ്ങല്‍ പ്രസംഗം കേട്ട് സ്വഹാബികളുടെ മിഴിനീര്‍വീണ അറഫയുടെ മണ്ണില്‍ ഇബ്രാഹിം നബിയുടെ സന്താനപരമ്പരയില്‍പെട്ട അവര്‍ മനമുരുകി പ്രാര്‍ഥിച്ചു.സ്വര്‍ഗീയ സുഖത്തിനും പാപമോചനത്തിനായുള്ള തേട്ടവുമായിരുന്നു...
ഇരുകരങ്ങളുയര്‍ത്തി പ്രപഞ്ചനാഥനോട് അവര്‍ അഭ്യര്‍ഥിച്ചത്. 188 രാജ്യങ്ങളിലെത്തിയവരൊക്കെയും ളുഹ്ര്‍ മുതല്‍ അസ്തമയം വരെ വിശാലമൈതാനിയില്‍ അണിനിരന്നു. നമിറ പള്ളിയില്‍ സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ പ്രസംഗം കേട്ട ശേഷം നിസ്‌കാരം കഴിഞ്ഞ് ദിക്ര്‍ ദുആകളിലായി പരന്നൊഴുകി. ശനിയാഴ്ച രാത്രി മുതല്‍ മിനയില്‍ പ്രാര്‍ഥനയുമായി കഴിഞ്ഞിരുന്ന അല്ലാഹുവിന്റെ അതിഥികളൊക്കെയും ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ അറഫയെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. മുകളില്‍ ആകാശവും താഴെ ഭൂമിയുമായി കണ്ണെത്താദൂരം പരന്നുകിടക്കുന്ന അറഫയിലേക്കുള്ള നാനാവഴികളും വെളുപ്പിനു തന്നെ വെണ്‍നുരനിറഞ്ഞ സാഗരം പോലെയായിരുന്നു. മൂന്നേമുക്കാല്‍ ലക്ഷത്തോളം ഹാജിമാര്‍ അറഫ പ്രാര്‍ഥനക്ക് മശാഇര്‍ ട്രെയിന്‍ വഴി യാത്ര ചെയ്തപ്പോള്‍ മറ്റുള്ളവര്‍ കാല്‍നടയായും വാഹനങ്ങളിലായും കൃത്യസമയത്ത് തന്നെ അറഫയിലെത്തിച്ചേര്‍ന്നു.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയില്‍നിന്നെത്തിയ തീര്‍ഥാടകരൊക്കെയും അറഫ പ്രാര്‍ഥനയുടെ മുഹൂര്‍ത്തത്തിന് മുമ്പായി തന്നെ നമിറ പള്ളിക്ക് ചുറ്റുവട്ടത്തായി താവളമടിച്ചു. ളുഹ്‌റിനു മുമ്പ് തീര്‍ഥാകരെല്ലാവരെയും അറഫയിലെത്തിക്കാനും അസ്തമയത്തിന് മുമ്പ് ആരെയും പുറത്തുവിടാതിരിക്കാനും മുതവ്വിഫുമാര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തി.
വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെയായിരുന്നു ആ പവിത്രമണ്ണില്‍ അവര്‍ അണിചേര്‍ന്ന് നിന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും അതുല്യത്യാഗ പരമ്പരയുടെ അനശ്വര സ്മരണകളുണര്‍ത്തിയുള്ള മാനവ സംഗമം വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പ്രധാന ചടങ്ങായി. സഊദിയില്‍ ഇന്നാണ് ബലിപെരുന്നാള്‍. കേരളത്തില്‍ നാളെയാണ് പെരുന്നാള്‍.
കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബലുറഹ്മ കണ്ണില്‍പെട്ടതോടെ എല്ലാവരും കൈകളുയര്‍ത്തി കരളുരുകി പ്രാര്‍ഥനയാരംഭിച്ചു. മാനവരാശിക്ക് പ്രായോഗിക പദ്ധതിയായി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ചരിത്രപ്രസിദ്ധമായ ഖുത്ബ ഇവിടെവെച്ചായിരുന്നു നടത്തിയത്.
രണ്ടു നേര നിസ്‌കാരങ്ങള്‍ ഒരേ ഇമാമിന്റെ നേതൃത്വത്തില്‍ നിസ്‌കരിച്ച് കണ്ണീരില്‍ ചാലിച്ച പ്രാര്‍ഥനകളുമായി അവര്‍ അറഫയില്‍ മുഴുവന്‍ ചെലവഴിച്ചു. ദുല്‍ഹിജ്ജ 9 അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി അസ്തമയത്തിന് വഴിമാറിയതോടെ ജനലക്ഷങ്ങള്‍ മുസ്ദലിഫയെ ലക്ഷ്യമാക്കി അടുത്ത ചടങ്ങിനായി അറഫയില്‍നിന്ന് യാത്രതിരിച്ചു. മുസ്ദലിഫയില്‍ രാപാര്‍ത്തും കല്ലുകള്‍ ശേഖരിച്ചും അവശേഷിക്കുന്ന കര്‍മങ്ങള്‍ക്കായി ഇന്ന് പുലര്‍ച്ചെ വീണ്ടും മിനയില്‍ തിരിച്ചെത്തി.
ഇന്നത്തെ പ്രധാന കര്‍മം പിശാചിന്റെ പ്രതീകമായ ജംറക്കുനേരെയുള്ള കല്ലേറാണ്. ഹജ്ജിനെത്തിയവരെല്ലാം നിശ്ചിത സമയത്തിനകം നിര്‍ണിതസ്ഥലത്ത് പൂര്‍ത്തിയാക്കേണ്ട കര്‍മത്തിലെ തിക്കുംതിരക്കും നിയന്ത്രിക്കുന്നതിന് വിപുലമായ സുരക്ഷ സന്നാഹം ഒരുക്കിയിട്ടുണ്ട്. കല്ലേറ് കര്‍മത്തിനു ശേഷം തലമുടി കളഞ്ഞ് ഹജ്ജില്‍നിന്നും അര്‍ധവിരാമമാകും. മസ്ജിദുല്‍ ഹറാമിലെത്തി പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്ന ജനലക്ഷങ്ങള്‍ അവശേഷിക്കുന്ന ചടങ്ങുകള്‍ക്കായി മൂന്നു ദിവസംകൂടി മിനയില്‍ തങ്ങും. വ്യാഴവും വെള്ളിയുമായി മിനയില്‍നിന്ന് മടങ്ങുന്ന ഹാജിമാര്‍ മസ്ജിദുല്‍ ഹറാമിലെത്തി വിടവാങ്ങല്‍ ത്വവാഫിനു ശേഷം നാട്ടിലേക്ക് തിരിക്കും.(കടപ്പാട്- എം.വി.എ അബൂശുഐബ്‌)