വ്യാജ കേശം;അനുമതിയില്ലാത്ത 4o കോടിയുടെ പള്ളിനിര്‍മാണത്തിന് പണിപ്പിരിവ് നടന്നതായും സത്യവാങ്മൂലം

4o കോടിയുടെ പള്ളി എന്ന പേരിൽ കാന്തപുരം
 പ്രചരിപ്പിച്ചിരുന്ന പള്ളിയുടെ ഫോട്ടോ 
കൊച്ചി: വിവാദ കേശ വിഷയത്തില്‍ ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍  കേശം സൂക്ഷിക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പള്ളി നിര്‍മാണത്തിന് വേണ്ടി പണപ്പിരിവ് നടക്കുന്നതായി വ്യക്തമാക്കി . പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നുവെന്ന പേരില്‍ ശഹ്‌റെ മുബാറക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ പദ്ധതികളുള്ളതായും എന്നാല്‍ ഇതിന് അനുമതിയിെല്ലന്നും ഇന്റലിജന്‍സ് എ.ഡി.ജി.പി കഴിഞ്ഞ മാര്‍ച്ച് 25 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ആഭ്യന്തര വകുപ്പിനുവേണ്ടി അണ്ടര്‍ സെക്രട്ടറി കെ.ബി അനിതാ കുമാരി കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യാജ കേശം
പണപ്പിരിവിനെ കുറിച്ചും തിരുകേശത്തിന്റെ ആധികാരികതയെക്കുറിച്ചും പരാതിയുള്ളവര്‍ തെളിവ് നല്‍കിയാല്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണെന്നും ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചു.
യു.എ.ഇ ഭരണാധികാരിയായിരുന്ന അഹമ്മദ് ഖസറജില്‍ നിന്നാണ് കേശം തനിക്ക് ലഭിച്ചതെന്നാണ് കാന്തപുരത്തിന്റെ വിശദീകരണമെന്നും എന്നാല്‍ ഖസറജി മന്ത്രിയെല്ലന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. അതേസമയം തിരുകേശം മുംബൈയില്‍ നിന്നും വാങ്ങിയതാണെന്നാണ് സമസ്തയുടെ ആരോപണമെന്നും ആഭ്യന്തരവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പറയുന്നു.
കേശത്തിന്റെ ആധികാരികതയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വടകര സ്വദേശി യു.സി അബു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിവാദകേശത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. അതേസമയം വിവാദകേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മതവിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും തിരുകേശത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കാന്‍ നിലവില്‍ സംവിധാനമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലെ നിലപാട്. സര്‍ക്കാര്‍ നിലപാടിനെതിരെ സമസ്ത ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് ആഭ്യന്തര വകുപ്പ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.(അവ.ചന്ദ്രിക)