അന്നദാന വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു |
മമ്പുറം: ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തി.
സമാപന ദിവസമായ ഇന്നലെ ജാതി മത ഭേദമന്യേ മമ്പുറത്തെത്തിയ ഒരു ലക്ഷത്തിലേറെപേര്‍ക്ക് അന്നദാനം നടത്തി.
വൈദേശികാധിപത്യത്തിനെതിരെ പ്രമുഖ പണ്ഡിതനും സൂഫി വര്യനും ദേശസ്‌നേഹം ആവേശമാക്കി മാറ്റിയ പടനായകനും സാംസ്‌കാരിക വിപ്ലവത്തിന്റെ പ്രചാരകനുമായിരുന്ന മമ്പുറം തങ്ങളുടെ 175-ാം ആണ്ടു നേര്‍ച്ചയാണിന്നലെ കൊടിയിറങ്ങിയത്.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ട സിയാറത്തിനും പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേര്‍ച്ചക്ക് തുടക്കമായത്.
നേര്‍ച്ച തുടങ്ങിയത് മുതല്‍ മഖാമിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. മഖ്ബറ സന്ദര്‍ശകരെ കൊണ്ട് തിങ്ങിനിറഞ്ഞു. ദിക്‌റുകളും ദുആകളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ മഖാം മജ്‌ലിസില്‍ നടന്ന ദിക്‌റ്, സ്വലാത്ത്, മൗലീദ്, ദുആ എന്നിവയിലും ഉദ്ഘാടന സമ്മേളനത്തിലും കൊടികയറ്റത്തിലും നാലു ദിവസത്തെ മത പ്രഭാഷണ പരമ്പരയിലും ദിക്‌റ് ദുആ മഹാ സമ്മേളനത്തിലും ലക്ഷക്കണക്കിന് വിശ്വാസികള്‍
പങ്കെടുത്തു.
പങ്കെടുത്തു.
നേര്‍ച്ച സമാപന ദിവസമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ജാതി മത ഭേദമന്യേ ജനം ഒഴുകിത്തുടങ്ങിയിരുന്നു. അന്നദാനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മഖാം പരിസരം വിശ്വാസികളാല്‍ ജനസാഗരം തീര്‍ത്തു.
400 ചാക്ക് (200 ക്വിന്റല്‍) അരി 400 ചെമ്പുകളിലായി പാകം ചെയ്ത നെയ്‌ചോറ് ഒരു ലക്ഷത്തിലേറെ പാക്ക് ചെയ്ത് ബോക്‌സുകളിലാക്കിയാണ് വിതരണം ചെയ്തത്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നൂറോളം പാചകക്കാരുടെ നേതൃത്വത്തില്‍ പാകം ചെയ്ത് പാക്കറ്റുകളിലാക്കിയ ഭക്ഷണം മമ്പുറത്തെ വിതരണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആരംഭിച്ച പാചകം ഇന്നലെ ഉച്ച വരെ നീണ്ടു.
നാട്ടുകാര്‍, ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ മറ്റു ഭാരവാഹികളും വളണ്ടിയര്‍മാരും നേതൃത്വം നല്‍കി. മമ്പുറം മഹല്ലിലുള്ളവര്‍ക്ക് ഭക്ഷണക്കിറ്റ് വാഹനങ്ങളില്‍ വീട്ടിലെത്തിക്കുകയായിരുന്നു. രാവിലെ 9.30 മുതല്‍ 2 മണി വരെയാണ് അന്നദാനത്തിന് നിശ്ചയിക്കപ്പെട്ടിരുന്ന സമയമെങ്കിലും ജനത്തിരക്ക് കാരണം നിശ്ചിത സമയവും കഴിഞ്ഞ് മണിക്കൂറുകളോളം ഭക്ഷണ വിതരണം നീണ്ടു.
മമ്പുറം ബ്രാഞ്ച് മദ്രസയില്‍ നടന്ന അന്നദാന വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. രണ്ട് മണിക്ക് നടന്ന ഖത്തം ദുആ സമാപന സമ്മേളനത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍, വി.പി അബ്ദുല്ലക്കോയതങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി മുഹമ്മദ് ബാഖവി, പി ഇസ്ഹാഖ് ബാഖവി, ചെമ്മുക്കന്‍കുഞ്ഞാപ്പുഹാജി, കെ.എം സൈതലവി ഹാജി, സി.കെ മുഹമ്മദ്ഹാജി, ഇല്ലത്ത് മൊയ്തീന്‍ഹാജി, യു ശാഫിഹാജി, കെ.പി ഷംസുദ്ദീന്‍ഹാജി, റഷീദ് ഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, ഇബ്രാഹീം ഹാജി പങ്കെടുത്തു.