മദ്‌റസകളിൽ "മുഅല്ലിം ഡെ" ദിനാചരണം നവം.17-ന്; ക്ഷേമനിധി ഫണ്ട് ശേഖരണത്തിനു തുടക്കമായി

തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമുള്ള സമസ്തയുടെ മദ്‌റസകളിലെ ഒരു ലക്ഷത്തോളം അദ്ധ്യാപകര്‍ക്ക് വിവിധ പദ്ധതികളിലായി സഹായങ്ങള്‍ നല്‍കിവരുന്ന ക്ഷേമനിധിയുടെ വിഭവസമാഹരണത്തിനായി 17-ന് 'മുഅല്ലിം ഡെ' (അദ്ധ്യാപക ദിനം) ആചരിക്കുന്നു. പ്രസ്തുത ദിവസം സമസ്തയുടെ 9357 മദ്‌റസകളിലും രക്ഷകര്‍തൃസംഗമം നടത്തും. അതോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സദസ്സ്, ഗൃഹസന്ദര്‍ശനം, മണ്‍മറഞ്ഞുപോയ പ്രവര്‍ത്തകരെ അനുസ്മരിക്കല്‍, മഖ്ബറ സിയാറത്ത്, ദീനീ പ്രവര്‍ത്തകരെ ആദരിക്കല്‍, ക്ഷേമനിധി ഫണ്ട് ശേഖരണം തുടങ്ങിയവയും നടക്കും. 'മുഅല്ലിം മന്‍സില്‍' പദ്ധതിയുടെ ഭാഗമായി നിര്‍ദ്ധനരായ ഇരുപത് മദ്‌റസാ അദ്ധ്യാപകര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയുമുണ്ട്. പ്രസ്തുത സംരംഭങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.അബൂബക്ര്‍ മൗലവി ചേളാരി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം പ്രസംഗിച്ചു.