ദാറുല്‍ ഹുദാ സമ്മേളനം 2014 ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍

450 യുവ പണ്ഡിതർ പുറത്തിറങ്ങും
ചെമ്മാട് : ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി ബിരുദദാന സമ്മേളനം 2014 ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ നടത്താന്‍ തീരുമാനമായി. സ്ഥാപനത്തിലെ പതിനാല്, പതിനഞ്ച്, പതിനാറ് ബാച്ചുകളിലായി പഠനം പൂര്‍ത്തിയാക്കിയ 418 മലയാളി യുവപണ്ഡിതരെയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ്ലാമിക് ആന്‍റ് കണ്ടംപററി സ്റ്റഡീസില്‍ പഠനം പൂര്‍ത്തിയാക്കിയ 34 ഉത്തരേന്ത്യന്‍ യുവപണ്ഡിതരെയും സമുദായത്തിനായി സമ്മേളനം സമര്‍പ്പിക്കും. ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഥിമ സഹ്റാ ഇസ്ലാമിക് വനിതാ കോളേജിലും മമ്പുറം സയ്യിദ് അലവി മൌലദ്ദവീല ഹിഫ്ള് കോളേജിലും പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള ബിരുദ പത്രവും സമ്മേളനത്തില്‍ നല്‍കപ്പെടും. മത-സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്ചിച്ചു കൊണ്ട് നടത്തപ്പെടുന്ന സമ്മേളനത്തിനു വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദാറുല്‍ ഹുദായിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും കലാപ്രതിഭകള്‍ മാറ്റുരക്കുന്ന സിബാഖ് ഇന്‍റര്‍ കൊളീജിയറ്റ് ആര്‍ട്സ് ഫെസ്റ്റും സമ്മേളനത്തിന് മുന്നോടിയായി നടക്കും.