മമ്പുറം തങ്ങളുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തണം: ഹൈദരലി തങ്ങള്‍

മമ്പുറം: മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും സ്വാതന്ത്ര സമരത്തില്‍ അതുല്യമായ നേതൃത്വം വഹിക്കുകയും പിന്നാക്ക കീഴാള വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ നിസ്തുല പങ്ക് വഹിക്കുകയും ചെയ്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ചരിത്രം സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
മമ്പുറം തങ്ങളുടെ 175-ാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് നടന്ന ദിക്‌റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ നവോത്ഥാന നായകരായി ചിത്രീകരിക്കപ്പെടുന്നവരേക്കാള്‍ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മമ്പുറം തങ്ങള്‍ക്ക് സാധിച്ചിരുന്നു. ജാതി മത ഭേദമന്യേ എല്ലാവരും അഭയം തേടിയിരുന്നത് മമ്പുറം തങ്ങളിലായിരുന്നു. എന്നാല്‍ ആ ചരിത്ര ഭാഗങ്ങളൊക്കെയും പുതു തലമുറക്ക് അന്യമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സൈദ് മുഹമ്മദ് നിസാമി
മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ - ദുആ സദസിന് നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, വി.പി അബ്ദുല്ല കോയ തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അയ്യായ ഉസ്താദ് സംസാരിച്ചു.