ഇന്ന് 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ മമ്പുറം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു;
വാഹനങ്ങള്‍ വി.കെ. പടി മമ്പുറം ലിങ്ക് റോഡ് വഴി തിരിച്ചു വിടേണ്ടതാണ്.
തിരൂരങ്ങാടി: കേരളത്തിലെ ആത്മീയ-മത-സാംസ്‌കാരിക രംഗങ്ങളില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച കൊടിയിറങ്ങും. മതപ്രഭാഷണം, കൂട്ടസിയാറത്ത്, ദിക്ര്‍ ദുആ സമ്മേളനം, മൗലീദ് സദസ്സുകള്‍ തുടങ്ങി വിവിധയിനം പരിപാടികളാണ് ഒരാഴ്ചക്കാലം മഖാമില്‍ അരങ്ങേറിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ മമ്പുറത്തെത്തി. രാവിലെ 9.30 മുതല്‍ തുടങ്ങുന്ന അന്നദാനത്തോടെയാണ് നേര്‍ച്ചയുടെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമാവുക. അന്നദാനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ നേര്‍ച്ചയ്ക്ക് ഔദ്യോഗിക വിരാമമാവും. ജനത്തിരക്ക് മാനിച്ച് ചൊവ്വാഴ്ച എട്ടു മണി മുതല്‍ വൈകീട്ട് ആറുമണി വരെ മമ്പുറം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വി.കെ. പടി മമ്പുറം ലിങ്ക് റോഡ് വഴി തിരിച്ചു വിടേണ്ടതാണ്.