ഇസ്ലാമിക ചരിത്രത്തിലെ കറുത്ത ഒരു ഏടാണ് കര്‍ബലാ പോരാട്ട ചരിത്രം. മുസ്ലിം ലോകം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ചരിത്രം. അങ്ങനെ ഒരു സംഭവചരിത്രം വായിക്കാനില്ലായിരുന്നുവെങ്കില്‍ എന്ന് മുസ്ലിം ലോകം ആഗ്രഹിച്ചു പോവുന്ന ഒരു ചരിത്രം. തല്‍ സംഭവത്തിന്റെ ലഭ്യമായ ഒരു സംഗ്രഹം ഇപ്രകാരം വായിക്കാം:
ഹിജ്‌റ 60ലാണ് കര്‍ബലാ പോരാട്ടം അരങ്ങേറുന്നത്. മുആവിയയുടെ മരണാനന്തരം മകന്‍ യസീദ് അധികാരമേറ്റെടുത്തു. 30 വയസ്സായിരുന്നു അന്ന് യസീദിന്റെ പ്രായം. അധികാരമേറ്റെടുത്ത ഉടനെ ഇമാം ഹുസൈന്‍(റ) തനിക്ക് ബൈഅത്ത് ചെയ്യണമെന്ന് യസീദ് ഉത്തരവിറക്കുകയും ചെയ്‌തു. ഉസ്‌മാന്‍(റ)വിന്റെ ഘാതകന്‌മാരെ ചൊല്ലി ഇമാം അലി(റ)വും മുആവിയ(റ)വും തമ്മില്‍ നില നിന്നിരുന്ന ഒരു അഭിപ്രായ വ്യത്യാസത്തില്‍ നിന്നും ഉടലെടുത്ത വൈരാഗ്യ മനോഗതിയാണ് മുആവിയയുടെ മകനായ യസീദിനെകൊണ്‌ട് അങ്ങനെ ഒരു ഉത്തരവിറക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഇമാം ഹുസൈന്‍(റ) യസീദിനെ ബൈഅത്ത് ചെയ്യുവാന്‍ തയ്യാറായില്ല. അദ്ദേഹം കുടുംബസമേതം മക്കയിലേക്കു യാത്രയായി. ഇതേ സമയം തനിക്കു ബൈഅത്ത് ചെയ്‌തില്ലെങ്കില്‍ ഹുസൈന്‍(റ)വിന്റെ ശിരസ്സ് തനിക്കെത്തിക്കണമെന്ന് യസീദ് മദീനയിലെ ഗവര്‍ണ്ണറായിരുന്ന വലീദിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തിരുന്നു.
മറ്റൊരു വശത്തില്‍, ഇതേ സമയം, ക്രൂരനായ യസീദിന്റെ ഭരണത്തില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം നല്‍കി നിങ്ങള്‍ ഞങ്ങളുടെ ഭരണാധികാരിയാകണമെന്ന് അപേക്ഷിച്ചുകൊണ്‌ടുള്ള കൂഫക്കാരുടെ കത്തുകള്‍ നിരന്തരം ഇമാം ഹുസൈന്‍(റ)വിന് എത്തിക്കൊണ്‌ടിരുന്നു. ഖൈസ്, ഹിജാസ്, ഹബീബ്, മുസയ്യബ് തുടങ്ങിയവരായിരുന്നു കത്തയച്ചിരുന്നത്. (എന്നാല്‍ കാര്യത്തോടടുത്തപ്പോള്‍ ഇവരെല്ലാം കാലുമാറുകയും ഹുസൈന്‍(റ) വഞ്ചിക്കുകയും ആണുണ്‌ടായത്. ഇവരെ വിശ്വസിച്ച് നന്‌മയെ നിലനിര്‍ത്താനും തിന്‌മയെ നാമാവശേഷമാക്കാനും തിരിച്ച ഹുസൈന്‍(റ)വിന് ഇവര്‍ ഒടുവില്‍ നല്‍കിയ ഉപദേശം യസീദിനെ അംഗീകരിക്കാനായിരുന്നു.)
കൂഫക്കാരുടെ കത്തുകള്‍ ലഭിച്ച ഹുസൈന്‍(റ) കാര്യങ്ങളുടെ നിജസ്‌ഥിതി അറിഞ്ഞു വരുന്നതിന് അബൂത്വാലിബിന്റെ പൌത്രന്‍ മുസ്ലിമിബ്‌നു അഖീലിനെ ദൂതനായി നിയോഗിച്ചു. ഇദ്ദേഹത്തില്‍ നിന്നും ലഭിച്ച പ്രഥമ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഇമാം ഹുസൈന്‍(റ) ഹിജ്‌റ 60 ദുല്‍ഹജ്ജ് 8ന് മക്കയില്‍ നിന്നും കൂഫയിലേക്ക് പുറപ്പെട്ടു. എന്നാല്‍ യാത്രക്കിടെ നടുക്കുന്ന ആ വാര്‍ത്ത ഹുസൈന്‍(റ)വിന്റെ ചെവികളിലെത്തി - തന്റെ ദൂതന്‍ മുസ്ലിമിബ്‌നു അഖീലിനെ വഴിയില്‍ വെച്ച് ഇറാഖ് ഗവര്‍ണ്ണര്‍ ഉബൈദുല്ലാഹിബ്‌നുസിയാദ് വധിച്ചിരിക്കുന്നു. കൂഫക്കാര്‍ക്കിടയില്‍ തല്‍്‌വാര്‍ത്ത ഒരു പ്രതികരണവും സൃഷ്‌ടിച്ചതുമില്ല. തല്‍ സംഭവം ഹുസൈന്‍(റ)വിനെ ദു:ഖിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്‌തു.
എങ്കിലും ഹുസൈന്‍(റ) യാത്ര തുടര്‍ന്നു. ഒടുവില്‍ കൂഫയില്‍ യൂഫ്രട്ടീസ് നദിക്കു സമീപം തമ്പടിച്ചു. മുഹര്‍്‌റം മൂന്നിനായിരുന്നു ഇത്. മുഹര്‍്‌റം ഒമ്പതിന് യസീദിന്റെ സൈന്യവും യൂഫ്രട്ടീസ് നദീ തീരത്തെത്തി. യസീദിനെ ബൈഅത്ത് ചെയ്യുവാന്‍ വീണ്‌ടും ഹുസൈന്‍(റ)വിനെ സൈനിക തലവന്‍ നിര്‍ബന്ധിപ്പിച്ചു. ബൈഅത്ത് ചെയ്‌തില്ലെങ്കില്‍ കൂട്ടക്കൊല നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തല്‍സമയം ഹുസൈന്‍(റ) ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു: “യസീദുമായി ഡമസ്‌കസില്‍ വെച്ച് നേരിട്ടു ചര്‍ച്ചയാകാം. അല്ലെങ്കില്‍ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തില്‍ പോയി തന്നെ താമസിക്കാന്‍ അനുവദിക്കുക.”
ഇമാം ഹുസൈന്‍(റ)വിന്റെ തല്‍ നിര്‍ദ്ദേശത്തെ യസീദ് തള്ളി. കീഴടങ്ങിയില്ലെങ്കില്‍ വധിക്കുവാന്‍ ഉത്തരവിടുകയും ചെയ്‌തു. അതുപ്രകാരം മുഹര്‍്‌റം 10ന് പ്രഭാതത്തോടെ ഹുസൈന്‍(റ)വിന് കീഴടങ്ങാന്‍ അനുവദിച്ച സമയം കഴിഞ്ഞെന്നു പറഞ്ഞ് യസീദിന്റെ സൈന്യം ഹുസൈന്‍(റ)വിനേയും സംഘത്തേയും കടന്നാക്രമിച്ചു. പോരാട്ടം അസ്‌തമയം വരെ നീണ്‌ടു നിന്നു. ഒടുവില്‍ നബി(സ)യുടെ ഇഷ്‌ട ഭാജനവും മുസ്ലിം ലോകത്തിന്റെ ആത്മീയ നേതാവുമായിരുന്ന ഹുസൈന്‍(റ) രക്തസാക്ഷിത്വം വരിച്ചു. ഒപ്പം അവിടുത്തെ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും അനുചരന്‌മാരും - ഇന്നലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
കര്‍ബലാ പോരാട്ടത്തില്‍ ആകെ എത്രപേര്‍ മരണപ്പെട്ടിട്ടുണെ്‌ടന്നതില്‍ അഭിപ്രായ ഭിന്നതകളുണ്‌ട്. 82പേര്‍ ശഹീദായതായി ശംസുള്ളഹീറ, പേജ് 83ല്‍ പ്രതിപാദിക്കുന്നു. ബിഹാറുല്‍ അന്‍്‌വാറിന്റെ നിരീക്ഷണത്തില്‍ 61 പേരും ചൌതാ സിതാരയുടെ അഭിപ്രായത്തില്‍ 72 പേരും ശഹീദായതായി കാണാം. നബി കുടുംബത്തില്‍ നിന്നും 16 പേര്‍ ശഹീദായതായാണ് രേഖപ്പെട്ടുകാണുന്നത്.
നബി കുടുംബത്തിലെ നാലു പേരാണ് കര്‍ബലാ പോരാട്ടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇമാം അലി സൈനുല്‍ ആബിദീന്‍ (കേരളീയ സയ്യിദുമാരുടെ, ഹുസൈനി തലമുറയുടെ, പിതാമഹന്‍), ഇദ്ദേഹത്തിന്റെ മകന്‍ മുഹമ്മദുല്‍ ബാഖിര്‍, ഹസന്‍(റ)വിന്റെ മകന്‍ ഹസനുല്‍ മുസന്ന(റ), അലി(റ)വിന്റെ മകന്‍ അബ്ബാസിന്റെ മകന്‍ ഫള്‌ല്‍ എന്നിവരാണവര്‍.(അവ.അഖ്‌സ)