മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയേറി; ഇന്നു മുതൽ ഞായറാഴ്ച വരെ മതപ്രഭാഷണപരമ്പര

സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങൾ പതാകയുയർത്തുന്നു
തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയേറി. ഖുതുബുസ്സമാന്‍ അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയ്ക്കാണ് സയ്യിദ് അഹ്മദ് ജിഫ്‌രി മമ്പുറം പതാക ഉയര്‍ത്തിയതോടെ തുടക്കം കുറിച്ചത്. വൈകീട്ട് നടന്ന കൂട്ടസിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. 
വൈകീട്ട് നടന്ന ഉദ്ഘാടനസമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അധ്യക്ഷതവഹിച്ചു. ആറുമുതല്‍ 11വരെ ളുഹര്‍ നമസ്‌കാരാനന്തരം മഖാമില്‍ മൗലിദ്, ദുആ മജ്‌ലിസ് നടക്കും. ഏഴിന് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 
6,8,9,10 തിയ്യതികളില്‍ രാത്രി മഗ്‌രിബ് നിസ്‌കാരാനന്തരം മതപ്രഭാഷണങ്ങള്‍ നടത്തും. 11ന് വൈകീട്ട്
നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിക്കും. സൈദ് മുഹമ്മദ് നിസാമി മമ്പുറം സയ്യിദലവി തങ്ങള്‍ അനുസ്മരണപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ്-ദുആ മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 12ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അന്നദാനം നടക്കും. ഉച്ചയ്ക്ക് രണ്ടിന് മൗലീദ് ഖത്തംദുആയോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങും.
മമ്പുറത്ത്‌ നടക്കുന്ന മതപ്രഭാഷണങ്ങളുടെയും  ദുആ മജ്‌ലിസിന്റെയും  തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ സംപ്രേഷണം ചെയ്യും. എന്നാല്‍ ക്ലാസ്സ്‌ റൂമില്‍ ഇന്നു രാത്രി നടക്കുന്ന സംവാദമടക്കമുള്ള പരിപാടികളുടെ ഭാഗമായോ പ്രധാന ചര്‍ച്ചയുടെ അവസരങ്ങളിലോ ലൈവ്‌ സംപ്രേഷണം ലഭ്യമായിരിക്കില്ലെന്നും അഡ്‌മിന്‍ ഡെസ്‌ക്‌ അറിയിച്ചിട്ടുണ്ട്‌. പരിപാടിയുടെ തല്‍സമയ സംപ്രേഷണത്തിന്‌ ഇവിടെയും റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെയും ക്ലിക്ക്‌ ചെയ്യുക.