ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്; തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നു

പട്ടിക്കാട് : ജാമിഅ: നൂരിയ്യ: അറബിയ്യ: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ബഹുജനങ്ങളില്‍ വ്യവസ്ഥാപിതമായ ഇസ്‌ലാമിക പഠനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നു. ശിഹാബ് തങ്ങള്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗ് ആണ് തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് നേതൃത്വം നല്‍കുക. സംസ്ഥാനത്ത് 10 പഠനകേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുക.
വിവിധ തലങ്ങളിലുള്ളവരെ ലക്ഷ്യമാക്കി ഹൃസ്വകാല - ദീര്‍ഘകാല കോഴ്‌സുകള്‍ ഡിസ്റ്റന്‍സ് സ്‌കൂളിംഗിന് കീഴില്‍ ആരംഭിക്കും. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഖുര്‍ആനിലെ എല്ലാ അധ്യായങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ദ്വിവത്സര കോഴ്‌സാണ് ആദ്യം തുടങ്ങുക.
പാണക്കാട് ചേര്‍ന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ആലോചനായോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ , മുഹമ്മദ് ഫൈസി അടിമാലി, രണ്ടാര്‍ക്കര മീരാന്‍ മൗലവി, സി.കെ.അബ്ദുല്ല മാസ്റ്റര്‍ പട്ടാമ്പി, .കെ.അബ്ദുല്‍ ഖാദര്‍ വൈരംങ്കോട്, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, സുലൈമാന്‍ ചേറൂര്‍ , വി.ടി.ശിഹാബുദ്ദീന്‍ , കെ.അബ്ദുല്‍ അസീസ് പ്രസംഗിച്ചു. റഷീദ് ഫൈസി നാട്ടുകല്‍ സ്വാഗതം പറഞ്ഞു.
- Secretary Jamia Nooriya