ചെമ്പരിക്ക ഖാസിയുടെ മരണം: സിബിഐ കണ്ടെത്തൽ വിചിത്രം - SKSSF അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി

അബുദാബി: സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷനും അനവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുള്ള മൗലവിയുടെ മരണം കേവലമൊരു ആത്മഹത്യയായി ചിത്രീകരിച്ച സി.ബി.ഐ കണ്ടെത്തൽ ഏറെ വിചിത്രവും അവിശ്വസനീയവുമാണെന്ന്എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സർവ്വാദരണീയനും മത പണ്ഡിതനും വന്ദ്യവയോധികനുമായ ഒരു വ്യക്തി ഇസ്‌ലാം നിഷിദ്ധമാക്കിയ മാർഗ്ഗത്തിലൂടെ തൻറെ ജീവൻ വെടിഞ്ഞു എന്നത് അദ്ദേഹത്തെ അറിയുന്ന ഏതൊരാൾക്കും ഉൾകൊള്ളാൻ പോലും സാധ്യമല്ല. ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ടി കടൽ തീരത്തെ പാറക്കെട്ടിൽ കയറി കടലിലേക്ക്‌ ചാടേണ്ടതുണ്ടോ എന്ന് ഏതൊരു പിഞ്ചുകുട്ടിപോലുംചോദിച്ചു പോകും.
താൻ രചിച്ച അറബിക് കാവ്യത്തിന്റെ പരിഭാഷയുടെ കുറിപ്പുകളെടുത്ത് അവയെ ആത്മഹത്യാ കുറിപ്പായി ചിത്രീകരിക്കാനായിരുന്നു ആദ്യം അന്വേഷിച്ച ലോകൽ പോലീസ് ശ്രമിച്ചത്. അത് പാളിയപ്പോൾ 'ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കാം, പിന്നീട് അത് ബന്ധുക്കൾ എടുത്തുമാറ്റിയാതായിരിക്കാം' എന്ന് ഒരു തെളിവിന്റെയും പിൻബലമില്ലാതെ മനക്കഥയുണ്ടാക്കി സി.ബി.ഐ റിപ്പോർട്ടിൽ എഴുതി. ഇങ്ങിനെ സത്യത്തോട് കൂറ് പുലർത്താത്തതും എന്നാൽ കൊലപാതകമാണ് എന്നതിന് നിരവധി തെളിവുകൾ ഉണ്ടായിട്ടും കേസന്വേഷണ തുടക്കത്തിൽ സി.ബി.ഐ ഉദ്യോഗസ്ഥർ തന്നെ കൊലപാതകമെന്ന് വെളുപ്പെടുത്തിയിട്ടും അവസാനം അന്വേഷണ റിപ്പോർട്ടിൽ വസ്തുതക്ക് നിരക്കാത്ത രീതിയിൽ എഴുതപ്പെട്ടത് എന്ത് കൊണ്ടെന്നതും ആരെയൊക്കെ സംരക്ഷിക്കാനാണ് എന്നുതുംകൂടി വെളിപ്പെടുത്തേണ്ടത് സി.ബി.ഐയുടെ ബാധ്യതയാണ്. കേസന്വേഷണം പുരോഗതയിലായിരിക്കെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ലാസറിനെ പെട്ടന്ന് സ്ഥലം മാറ്റിയതും പിന്നീട് നിര്‍ജ്ജീവമായ കേസ്‌ പെട്ടന്നൊരു ദിവസം കേസന്വേഷണം അവസാനിപ്പിച്ച്‌ കൊണ്ട് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതും ഏറെ ദുരൂഹതയുണ്ടാക്കുന്നു. സിബിഐ അന്വേഷിച്ച് ആത്മഹത്യയായിരുന്നെന്നു എഴുതിത്തള്ളിയ കേസ് പിന്നീട് സമര്‍ഥരായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു കൊലപാതകരെ കണ്ടെത്തിയിട്ടുണ്ട്. സിസ്റ്റര്‍ അഭയാ കേസ്‌, മലബാര്‍ സിമെന്റ്സ്‌ ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്‍ കേസ്‌ എന്നിവ അവയില്‍ ചിലതുമാത്രമാണ്.
ആയതിനാല്‍ സി.എം അബ്ദുള്ള മൗലവി വധക്കേസ്‌ സി.ബി.ഐയുടെ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ട് വരണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാര്‍ , വൈസ് പ്രസിഡണ്ടുമരായ സത്താര്‍ കുന്നുംകൈ, ഇബ്രാഹിം ബെളിഞ്ചം, ഓര്‍ഗ. സെക്രെട്ടറി അഷ്‌റഫ്‌ മീനാപ്പീസ്‌, ട്രെഷറര്‍ അഹ്മദ്‌ സകരിയ്യ കളനാട്‌, സെക്രെട്ടറി ശരീഫ്‌ പള്ളത്തെടുക്ക, ഷെരീഫ്‌ ചേറൂണി, ഇസ്മായില്‍ ഉദിനൂര്‍ , കമാല്‍ മല്ലം ചെര്‍ക്കള, എന്നിവര്‍ സംസാരിച്ചു.