പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ശൈഖ് സായിദ് അവാര്‍ഡ്

ഡിസം: 2ന് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും 
ഹൈദരലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ശില്‍പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ത്ഥം ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നല്‍കുന്ന ശൈഖ് സായിദ് അവാര്‍ഡിന് ഈ വര്‍ഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. 
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനും മതസൗഹാര്‍ദവും മതമൈത്രിയും ദൃഢപ്പെടുത്തുന്നതിനും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വ്യാപകമായ എന്‍ട്രികളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിംഗ് കമ്മിറ്റി ഹൈദരലി തങ്ങളെ ഏകകണ്ഠമായി അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശില്‍പവും പ്രശസ്തിപത്രവും ഗള്‍ഫ് മലയാളികള്‍ നല്‍കുന്ന സവിശേഷമായ സ്‌നേഹസമ്മാനവും അടങ്ങുന്നതാണ് പുരസ്‌കാരം. യു.എ.ഇ. ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. 
വാര്‍ത്താസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, എം.വി. കുഞ്ഞാമു, കെ.കെ. അബ്ദുസലാം, കെ.ടി. വാസുദേവന്‍, സി.കെ. അബൂബക്കര്‍, പി.എം. കോയ എന്നിവര്‍ സംബന്ധിച്ചു.