"സി.ബി.ഐ. അഡീഷണല്‍ എസ്.പി. നന്ദകുമാരന്‍ നായരുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയോടും പൊതുസമൂഹ ത്തോടുമുള്ള വെല്ലുവിളിയാണെന്നും നേതാക്കൽ"
കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും സമസ്‌ത സീനിയര്‍ ഉപാധ്യക്ഷനും ഉത്തരമലബാറിന്റെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിലെ നവോത്ഥാന തേരാളിയുമായിരുന്ന ഖാസി സി.എം. അബ്‌ദുള്ള മൌലവിയുടെ കൊലപാതക കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഖാസി സംയുക്ത സമരസമിതി ഭാരവാഹികള്‍ആരോപിച്ചു.
ഖാസിയുടെ മരണത്തിന് മാസങ്ങള്‍ക്കുമുമ്പുതന്നെ തിരക്കഥയെഴുതി വളരെ വിദഗ്‌ധമായി നടപ്പിലാക്കിയ നാടകത്തിന്റെ അന്ത്യമാണ് ഖാസിയുടെ കൊലപാതകം. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാതെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനുമുമ്പായും ലോക്കല്‍ പോലീസ് ഖാസിയുടെ മരണത്തെ ആത്മഹത്യയായി ചിത്രീകരിക്കുകയും ചെയ്‌തത് തന്നെ ഖാസിയുടെ മരണം കൊലപാതകമാണെന്നുള്ള ഒന്നാമത്തെ തെളിവാണ്.
നിരവധി സംഘടനകളുടെയും ബന്ധുക്കളുടെയും പ്രക്ഷോഭസമരങ്ങളുടെയും സംസ്ഥാന കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെയും ഫലമായി ലഭിച്ച സി.ബി.ഐ. അന്വേഷണം ആദ്യഘട്ടത്തില്‍ ശരിയായ രീതിയില്‍ പോയെങ്കിലും ഇടയ്ക്കുവെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് മാറ്റിയത് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നെന്ന് അന്നുതന്നെ സമൂഹത്തിന് മനസ്സിലായതാണ്.
ഖാസി കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് ഒരു കാറില്‍ പണ്ഡിതവേഷ ധാരികളായ നാലഞ്ചോളം പേര്‍ കടുക്കകല്ലിന് സമീപത്ത് വരികയും പാറക്കുമുകളില്‍ ചുറ്റിക്കറങ്ങി തിരിച്ചുപോവുകയുമുണ്ടായ സംഭവം ദൃക്‌സാക്ഷികള്‍ സി.ബി.ഐ.ക്ക് കൈമാറിയിരുന്നു. കൂടാതെ ഖാസി കൊല്ലപ്പെട്ട രാത്രി 3 മണിക്ക് ഒരു വെളുത്ത കാര്‍ കടുക്കകല്ലിന് സമീപത്ത് നിര്‍ത്തിയിട്ടതും ഏകദേശം പ്രസ്‌തുത സമയത്തുതന്നെ ഒരു നിലവിളികേട്ടതും സാക്ഷികള്‍ മൊഴിനല്‍കിയിട്ടും ഇതൊന്നും പരിശോധിക്കാതെ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് ഫയല്‍ ക്ലോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ വന്‍ലോബികള്‍ തന്നെ കിണഞ്ഞ്‌പരിശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
ബഹു. കേരള ഹൈക്കോടതിയില്‍ കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ അഞ്ചോളം ഹര്‍ജികള്‍ വാദത്തിനായി പരിഗണിക്കാനിരിക്കെ അന്വേഷിച്ച പല കേസുകളിലും ബഹു.ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സി.ബി.ഐ. അഡീഷണല്‍ എസ്.പി. നന്ദകുമാരന്‍ നായര്‍ ഫൈനല്‍ റിപ്പോര്‍ട്ട് ട്രയല്‍ കോര്‍ട്ടില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കേരള ഹൈക്കോടതിയോടും പൊതുസമൂഹ ത്തോടുമുള്ള വെല്ലുവിളിയായിട്ട് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും സംയുക്തസമരസമിതി ഭാരവാഹികള്‍ അറിയിച്ചു.