ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങ്; സഹമന്ത്രി ഇ. അഹമ്മദ് സംബന്ധിച്ചു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹ
മ്മദ് 
അടക്കമുള്ളവർ കഅ്ബ 
കഴുകല്‍ 
ചടങ്ങിനു  ശേഷം പുറത്തു വരുന്നു  
മക്ക: മക്ക: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഹിജ്റ വര്‍ഷാരംഭത്തിലെ കഅ്ബ കഴുകല്‍ ചടങ്ങ് തിങ്കളാഴ്ച നടന്നു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രതിനിധിയായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ചടങ്ങിന് നേതൃത്വം നല്‍കി. 
തിങ്കളാഴ്ച രാവിലെ കഅ്ബാലയത്തിലത്തെിയ അമീര്‍ ഖാലിദ് അല്‍ഫൈസലിനെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. 
തുടര്‍ന്ന് ഗവര്‍ണറും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിവിധ നാടുകളില്‍ നിന്നുള്ള അതിഥികളും ചേര്‍ന്ന് കഅ്ബക്കുള്ളില്‍ കയറി. ശുദ്ധമായ പനിനീര്‍ ദ്രാവകം ചേര്‍ത്ത സംസം വെള്ളം പ്രത്യേക പട്ടുതുണിയില്‍ മുക്കി കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ തുടച്ചു. അകത്തു തറ കഴുകി.
ശേഷം പരമ്പരാഗത താക്കോല്‍ കൈമാറ്റം നടന്നു. 
തുടര്‍ന്ന് കഅ്ബ പ്രദക്ഷിണം ചെയ്ത അമീര്‍ ഖാലിദ് സുന്നത്ത് നമസ്കാരം നിര്‍വഹിച്ചതോടെ ചടങ്ങിനു സമാപനമായി.
കഅ്ബക്ക് ഇനി പുതിയ താക്കോല്‍
 താക്കോൽ കൈമാറ്റ ചടങ്ങ് 
കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച കഅ്ബയുടെ പൂട്ടും താക്കോലും പുതുക്കി സ്ഥാപിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് നിര്‍ദേശിച്ചത്. അതുപ്രകാരം ഹറം കാര്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പൂട്ട് രൂപകല്‍പന ചെയ്തു. 18 കാരറ്റ് സ്വര്‍ണം പൂശിയ നിക്കല്‍ കൊണ്ടാണ് പുതിയ താക്കോലും പൂട്ടും നിര്‍മിച്ചത്. കഅ്ബാലയത്തിന്റെ പുതിയ പൂട്ടിന് 6 ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ലാഇലാഹ ഇല്ലല്ലാ മുഹമ്മദുറസൂലുല്ലാ എന്നും രണ്ടാം ഭാഗത്ത് തിരുഗേഹങ്ങളുടെ സേവകന്റെ ഉപഹാരമെന്നും മൂന്നാം ഭാഗത്ത് അബ്ദുല്ല രാജാവെന്നും നാലാം ഭാഗത്ത് ഹിജ്‌റ 1434 എന്നും അഞ്ചാം ഭാഗത്ത് സൂറത്തുല്‍ മാഇദയിലെ 97 ാം വചനവും ആറാം ഭാഗത്ത് സൂറത്തുല്‍ ആലുഇംറാനിലെ 97 ാം വചനവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്.
പഴയ പൂട്ടും താക്കോലും ഹറം വകുപ്പിന്റെ മ്യൂസിയത്തിലേക്ക് മാറ്റുന്നതിന് മക്ക ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. പരിപാടിയില്‍ അമീര്‍ സുഊദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ്, ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ഖുസൈം, ഒ.ഐ.സി സെക്രട്ടറി ജനറല്‍ പ്രഫ. അക്മലുദ്ദീന്‍ ഇഹ്സാന്‍ ഓഗ്ലു, മക്ക മേയര്‍ ഡോ. ഉസാമ അല്‍ബാര്‍റ്, അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് അല്‍ഖുദൈരി, ഹജ്ജ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹാതിം ഖാദി തുടങ്ങിയവരും ഇസ്ലാമിക ലോകത്തെ ക്ഷണിക്കപ്പെട്ട വ്യക്തികളും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു എന്നിവര്‍ സംബന്ധിച്ചു.- സി.കെ ഷാക്കിര്‍