സമദാനിക്ക് കുത്തേറ്റ സംഭവം; "മഹല്ലുകളില്‍ സൗഹാര്‍ദ്ദന്തരീക്ഷം സ്ഥാപിക്കാന്‍ അനുവദിക്കാത്തവരെ കരുതിയിരിക്കണമെന്ന്" എസ്.വൈ.എസ്

മലപ്പുറം: നന്മയുടെയും സാഹോദര്യത്തിന്റെയും വിളനിലമായ മഹല്ലുകളില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവരെ അക്രമം അഴിച്ച് വിട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ വൈ. പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.
മധ്യസ്ഥ ശ്രമത്തിനിടെ കുത്തേറ്റ സമദാനിയെ സയ്യിദ്
സാദിഖ് അലി തങ്ങള്  ആശുപത്രിയിൽ സന്ദര്ശിക്കുന്നു
കോട്ടക്കല്‍ കുറ്റിപ്പുറം മഹല്ലിലുണ്ടായ പ്രശ്‌നങ്ങളും മധ്യസ്ഥ ശ്രമത്തിനിടെ ജനപ്രതിനിധിയും സര്‍വാദരണീയനുമായ അബ്ദുസ്സമദ് സമദാനിയെ അക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പട്ടു. ഹാജി.കെ മമ്മദ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.
Related News:  
സമദാനിക്ക് കുത്തേറ്റ സംഭവം
ഇന്നലെ രാവിലെ 8.30നാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പ് ഉടലെടുത്ത കുറ്റിപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റു പദവിയുമായി ബന്ധപ്പെട്ട പള്ളിത്തര്‍ക്കം ഒത്തുതീര്‍പ്പാക്കാനെന്ന വ്യാജേന യാണ് ചങ്കുവെട്ടിക്കുണ്ട് പുളിക്കല്‍ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ(66) സമദാനിയുടെ വീട്ടിൽ എത്തിയത്. . ഇയാളുടെ ബന്ധുവും മറ്റു രണ്ടുപേരും കൂടെയുണ്ടായിരുന്നു. ചര്ച്ചക്കു ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും അകത്തു കയറി സമദാനിക്ക് നേരെ കത്തി വീശുകയായിരുന്നു..
നേരത്തെ ഓഫീസ് മുറിയില്‍ സ്വീകരിച്ചിരുത്തിയ സമദാനി പ്രശ്‌നപരിഹാരത്തിന് തന്നാലാകുംവിധം സഹായം ചെയ്യാമെന്ന് പറഞ്ഞ് നല്ല നിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ കൂടെയുള്ളവരോട് തനിക്ക് ഒറ്റക്ക് സമദാനിയെ ഒന്നുകൂടി കാണണമെന്ന് പറഞ്ഞു വീണ്ടും മുറിയിലെത്തി.
കസേരയിലിരിക്കുകയായിരുന്ന സമദാനിയെ അകത്തുനിന്നു കതക് കുറ്റിയിട്ടതിനു ശേഷം അരയില്‍ കരുതിയ കത്തിയെടുത്ത് കുത്താന്‍ പാഞ്ഞടുക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ സമദാനിയുടെ മൂക്കിനു കുത്തേല്‍ക്കുകയും ചെയ്തു. പുറത്തുള്ളവര്‍ നിലവിളി കേട്ട് ഓടിയെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ സമദാനി രക്തം വാര്‍ന്ന് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. കത്തി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുഞ്ഞാവ ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ സമദാനിയെ നാട്ടുകാര്‍ ഉടന്‍ കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനും കണ്ണിനുമിടയില്‍ ഒരു സെന്റിമീറ്റര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പരിക്ക് ഗുരതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മിംസ് സി.ഇ.ഒ ഡോ. മോഹനകൃഷ്ണന്‍, അത്യാഹിത വിഭാഗം മേധാവി ഡോ. യാസര്‍ അറഫാത്ത്, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. അബ്ദുല്‍ അസീസ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2008 ആഗസ്ത് 28ന് കോട്ടക്കല്‍ കുറ്റിപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റ് പദവിയെച്ചൊല്ലി കുഞ്ഞാവയുടെ പിതാവ് പുളിക്കല്‍ മുഹമ്മദ്ഹാജിയുടെ നേതൃത്വത്തില്‍ ആലിന്‍ചുവട് ജുമുഅത്ത് പള്ളിയില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
മുഹമ്മദ്ഹാജിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മഹല്ല്കമ്മിറ്റി ജനറല്‍ബോഡി മാറ്റിയതാണ് ആക്രമണത്തിനു കാരണം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് ദിക്ര്‍ സദസ് നടക്കുന്നതിനിടെ മുഹമ്മദ്ഹാജിയും മക്കളും സഹോദരങ്ങളും പള്ളിയിലുള്ളവരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിയിരുന്നു. കുഞ്ഞാവയാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നത്.
അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മുഹമ്മദ്ഹാജിയുടെ രണ്ടുമക്കള്‍ മരിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട കേസ് അടുത്ത് വിധിപറയാനിരിക്കെയാണ് മധ്യസ്ഥ ശ്രമമെന്ന വ്യാജേന കുഞ്ഞാവ സമദാനിയുടെ വീട്ടിലെത്തിയത്. ഇതിനുവേണ്ടി ആറുമാസമായി സമദാനിയെ ഫോണില്‍ വിളിച്ച് സമയം ചോദിക്കുകയായിരുന്നു.(അവ.ഓണ്‍ലൈൻ ഡസ്ക്)