അക്കാദമിക് സഹകരണം: മലേഷ്യന്‍ സര്‍വകലാശാലയും ദാറുല്‍ ഹുദായും കൈകോര്‍ക്കുന്നു

ക്വലാലംപൂര്‍: മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തിലുള്ള ദാറുല്‍ ഹുദാ സംഘം മലേഷ്യന്‍ സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ ഐ.ഐ.യു.എം ഡെപ്യൂട്ടി റെക്ടര്‍ പ്രൊഫ. അബ്ദുല്‍ അസീസ് ബര്‍ഗൂസും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ആഗോള തലത്തിലെ തന്നെ പ്രമുഖ ഇസ്‌ലാമിക സര്‍വകലാ ശാലകളിലൊന്നായി ഗണിക്കപ്പെടുന്ന ഐ.ഐ.യു.എമ്മുമായുള്ള സഹകരണം ദാറുല്‍ ഹുദാക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. ഇറാനിലെ അല്‍ മുസ്ഥഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്‌സിറ്റി, ലിബിയയിലെ അല്‍ഫാതിഹ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.