ലോകത്തെ സ്വാധീനിച്ച മുസ്‌ലിം പണ്ഡിതരില്‍ വീണ്ടും - ഡോ. ബഹാഉദ്ദിന്‍ മുഹമ്മദ് നദ്‌വി

തിരൂരങ്ങാടി: ലോകത്തെ സ്വാധീനിച്ച മത പണ്ഡിതരുടെ പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഡോ.ബഹാഉീദ്ദീന്‍ നദ്‌വി. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്റ്റാറ്റജിക് സ്റ്റഡീസ് സെന്റര്‍ നവംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ നദ്‌വി ഇടം നേടിയത്.
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്‌വി, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍, പേഴ്‌സനല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ്‌റും ശിയാ പണ്ഡിതനുമായ കല്‍ബെ സ്വാദിഖ്, അല്ലാമാ സിയ മുസ്ഥഫ എന്നിവരാണ് മത പണ്ഡിതരുടെ ഗണത്തില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച മറ്റു പണ്ഡിതര്‍.
പാണ്ഡിത്യം, രാഷ്ട്രീയം, കായികം, സാംസ്‌കാരികം, മതസ്ഥാപന മേധാവിത്വം, ബിസിനസ്, മീഡിയ, ജീവ കാരുണ്യം, മത പ്രബോധനം, ശാസ്ത്ര സാങ്കേതികം, ഖുര്‍ആന്‍ പാരായണം, മതമൗലികവാദം തുടങ്ങി പന്ത്രണ്ടു മേഖലകളിലായി ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വത്തെയാണ് 'ദി മുസ്‌ലിം 500' എന്ന പേരില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് വിപുലമായ ഗവേഷണം നടത്തിയതിനു ശേഷം പ്രസിദ്ധീകരിക്കുന്ന 'മുസ്‌ലിം 500' 2009 ലാണ് പ്രഥമപ്രസാധനം ആരംഭിച്ചത്.
മത സ്ഥാപന മേധാവികളുടെ പട്ടികയില്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫതിസുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ക്കും  സ്ഥാനമുണ്ട്. ഡോ. എ.പി.ജെ അബ്ദുല്‍ കലാം, ബി.എസ് അബ്ദുറഹ്മാന്‍, മുഫ്തി അഖ്തര്‍ റസാ ഖാന്‍ ഖാദിരി, ഖമറുസ്സമാന്‍ ആസ്മി, ബദ്‌റുദ്ദീന്‍ അജ്മല്‍, സയ്യിദ് അമീന്‍ മിയാന്‍ ഖാദിരി, എ.ആര്‍ റഹ്മാന്‍, മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ സാഹിബ്, ഡോ. തൈക്ക ശുഹൈബ് എന്നിവരാണ് വിവിധ മേഖലകളിലായി പട്ടികയില്‍ ഇടം പിടിച്ച മറ്റു ഇന്ത്യക്കാര്‍.