ഒരിടത്ത് ഒന്നിലധികം തവണ ജുമുഅ പറ്റില്ലെന്ന് സമസ്ത ഫത് വാ കമ്മിറ്റി

കോഴിക്കോട്: ഒരു മഹല്ലില്‍ ഒന്നിലധികം തവണ ജുമുഅ അനുവദനീയമല്ലെന്ന് സമസ്ത ഫത് വാ കമ്മിറ്റി. കഴിഞ്ഞയാഴ്ച വളാഞ്ചേരി മര്‍കസില്‍ വാഫി ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ഫിഖ് ഹ് സെമിനാറിന്‍റെ നിരീക്ഷണത്തെ നിരാകരിച്ചു കൊണ്ടാണ് സമസ്ത ഫത് വാ കമ്മിറ്റി സുപ്രധാന ഫത് വ പുറപ്പെടുവിച്ചത്.
സ്ഥലം മതിയാകാതെ വന്നാല്‍ ആവശ്യത്തിനനുസരിച്ച് അതേ മഹല്ലില്‍ തന്നെ മറ്റു സ്ഥലങ്ങളില്‍ ജുമുഅ അനുവദനീയമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ അതേ പള്ളിയില്‍ തന്നെ പല തവണകളായി ജുമുഅ നടത്തുക എന്നത് പ്രവാചകന്‍റെ കാലം മുതല്‍ മുസ്ലിംകള്‍ക്കിടയില്‍ നടന്നു വന്ന ചര്യക്ക് എതിരും ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറഞ്ഞതിന് വിരുദ്ധവുമാണ്. അതുകൊണ്ട് തന്നെ അത്തരം ജുമുഅകള്‍ അനുവദനീയവുമല്ല- ഫത് വയില്‍ പറയുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഫത് വാ കമ്മിറ്റി യോഗത്തില്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ബാപ്പു മുസ്ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.