മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഇന്ന് കൊടിയുയരും; റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ച 12ന് സമാപിക്കും. അഞ്ചിന് നാലുമണിക്ക് സമസ്ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ട സിയാറത്തോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ച ആരംഭിക്കുക. സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം പതാക ഉയര്‍ത്തും. 
വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറുമുതല്‍ 11വരെ ഉച്ചയ്ക്ക് ഒന്നിന് മൗലീദ്, സ്വലാത്ത്, ദുആ എന്നിവ നടക്കും. ആറ്, എട്ട്, ഒമ്പത്, 10 തീയതികളില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം മതപ്രഭാഷണങ്ങള്‍ നടക്കും. ഏഴിന് വ്യാഴാഴ്ച വൈകീട്ട് മഖാം മജ്‌ലിസില്‍ നടക്കുന്ന സ്വലാത്ത്, ദുആ മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 11ന് വൈകീട്ട് മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണവും ദിക്‌റ് ദുആ സമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷതവഹിക്കും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 12ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി (കോഴിക്കോട്) അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന സമാപനച്ചടങ്ങുകള്‍ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.