നിക്ഷേപത്തട്ടിപ്പ്‌: അബ്ദുല്‍നൂറിനെ കുറ്റിപ്പുറത്ത്‌ കൊണ്‌ടുവന്ന്‌ തെളിവെടുത്തു;20 കോടി നല്കാൻ തയ്യാറായെന്നും വാർത്ത‍

കുറ്റിപ്പുറം: കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ ഒന്നാംപ്രതിയും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ കൂട്ടാളിയുമായിരുന്ന  അബ്ദുല്‍ നൂറിനെ കുറ്റിപ്പുറത്ത്‌ കൊണ്‌ടുവന്നു തെളിവെടുത്തു. ഇന്നലെ പുലര്‍ച്ചെയാണ്‌ കേസന്വേഷിക്കുന്ന മലപ്പുറം ക്രൈം ബ്രാഞ്ച്‌ സി.ഐ. എം മുഹമ്മദ്‌ ഹനീഫയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അബ്ദുല്‍നൂറിനെ കൊണ്‌ടുവന്നത്‌. നൂറിന്റെ കുറ്റിപ്പുറം–തിരൂര്‍ റോഡിലുള്ള ഷാന്‍ എന്റര്‍പ്രൈസസിലും തെക്കേ അങ്ങാടിയിലുള്ള വീട്ടിലും കൊണ്‌ടുവന്നാണു തെളിവെടുത്തത്‌. 
അബ്ദുല്‍ നൂറിന്റെ വീട്ടില്‍ നിന്ന്‌ മുമ്പ്‌ പോലിസ്‌ പിടിച്ചെടുത്ത നാടന്‍തോക്ക്‌ വട്ടംകുളം മുതൂര്‍ സ്വദേശി പുലാപ്പറമ്പില്‍ ഹംസ മുസ്‌ല്യാര്‍ (60) നല്‍കിയതാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്‌ അന്വേഷണസംഘം അബ്ദുല്‍ നൂറിനെയുമായി ഹംസ മുസ്‌ല്യാരുടെ വീട്ടിലും തെളിവെടുപ്പ്‌ നടത്തി. 
ഹംസ മുസ്‌ല്യാരുടെ വീട്ടില്‍ നിന്ന്‌ ഒരു എയര്‍ഗണ്‍ അന്വേഷണസംഘം പിടിച്ചെടുത്തു. നാട്ടില്‍ മന്ത്രവാദ ചികില്‍സയും യൂനാനി ചികില്‍സയും നടത്തിവരുന്ന ഹംസ മുസ്‌ല്യാര്‍ വര്‍ഷങ്ങളായി അബ്ദുല്‍നൂറിന്റെ സഹായിയും ഉപദേശകനുമായി പ്രവര്‍ത്തിച്ചുവരുന്നയാളാണ്‌. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഹംസമുസ്‌ല്യാരെ കോടതി റിമാന്‍ഡ്‌ചെയ്‌തു. അന്വേഷണസംഘം വെള്ളിയാഴ്‌ച അബ്ദുല്‍ നൂറിനെ തെളിവെടുപ്പിനായി കുറ്റിപ്പുറത്ത്‌ കൊണ്‌ടുവരുമെന്നു നേരത്തെ പറഞ്ഞിരുന്നെങ്കിലും

അന്നു പണം നഷ്ടപ്പെട്ടവരുടെ യോഗം കുറ്റിപ്പുറത്ത്‌ ചേരുന്നതുകൊണ്‌ട്‌ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി തെളിവെടുപ്പ്‌ മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അതീവ രഹസ്യമായാണു തെളിവെടുപ്പിന്‌ അന്വേഷണസംഘം അബ്ദുല്‍ നൂറുമായി എത്തിയതെങ്കിലും വിവരം അറിഞ്ഞതോടെ നിക്ഷേപകരും പൊതുജനങ്ങളും തെളിവെടുപ്പു നടക്കുന്ന അബ്ദുല്‍ നൂറിന്റെ സ്ഥാപനത്തിലേക്കും വീട്ടിലേക്കും ഒഴുകിയെത്തുകയായിരുന്നു. കനത്ത പോലിസ്‌ ബന്തവസോടെയായിരുന്നു തെളിവെടുപ്പ്‌. ഒരുലക്ഷം രൂപയ്ക്ക്‌ മാസത്തില്‍ 5000 മുതല്‍ 7000 രൂപ വരെ ലാഭം വാഗ്‌ദാനംചെയ്‌തായിരുന്നു ആയിരക്കണക്കിനു നിക്ഷേപകരില്‍ നിന്നും അബ്ദുല്‍ നൂര്‍ കോടികള്‍ തട്ടിയെടുത്തത്‌. ആദ്യ മാസങ്ങളില്‍ ലാഭവിഹിതം കൃത്യമായി നല്‍കിയിരുന്നെങ്കിലും പിന്നീടു ലാഭംകിട്ടാതായതോടെയാണ്‌ നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവന്നത്‌.തട്ടിപ്പിനു പിന്നിൽ വിഘടിത വിഭാഗത്തിലെ പ്രമുഖരുടെ സഹായമുന്ടെന്നാണ് വിവരം.