ശൈഖുനാ പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ വഫാത്തായി

ജനാസ ഖബറടക്കം  ഇന്ന്‌(ഞായറാഴ്ച) രാത്രി 9.മണിക്ക്‌ പാറന്നൂര്‍ ജുമാ മസ്‌ജിദ്‌ ഖബറിസ്ഥാനില്‍ 
കോഴിക്കോട്‌: എട്ടരപതിറ്റാണ്ടു കാലമായി കേരളീയ മുസ്ലിം സമൂഹത്തിന്‌ ദിശാബോധം നല്‌കി സത്യസാക്ഷിത്വത്തിന്റെ വിളക്കുമാടമായി പ്രോജ്വലിച്ചു നിന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷറര്‍ ശൈഖുനാ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്ലിയാര്‍ (75) നിര്യാതനായി. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ഉച്ചക്ക്‌ ഒരു മണിക്കായിരുന്നു അന്ത്യം. ഇന്ന്‌ വൈകുന്നേരത്തോടെ മയ്യിത്ത്‌ നമസ്‌കാരങ്ങള്‍ ആരംഭിക്കും. രാത്രി ഒമ്പതു മണിയോടെ പാറന്നൂര്‍ ജുമാ മസ്‌ജിദ്‌ ഖബറിസ്ഥാനില്‍ ജനാസ ഖബറടക്കും. 
കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാര്‍ – ഉമ്മാത്ത ദമ്പതികളുടെ നാലാമത്തെ മകനായി കോഴിക്കോട്‌ പാറന്നൂര്‍ പുല്‍പറമ്പ്‌ വീട്ടിലാണ്‌ ശൈഖുനായുടെ ജനനം. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകർന്ന് നല്‌കിയ വന്ദ്യപിതാവില്‍ നിന്നു തന്നെയാണ്  ഖുര്‍ആന്‍ പഠനവും പൂര്‍ത്തീകരിച്ചത്‌. തുടര്‍ന്ന്‌ ചെറുശോല അഹ്മദ്‌ കുട്ടിയെന്നവരില്‍ നിന്ന്‌ അറബി മലയാളത്തോടൊപ്പം മതപഠനവും സ്വായത്തമാക്കി.
എട്ടു വര്‍ഷത്തെ സ്‌കൂള്‍ പഠനത്തിനു ശേഷം മത പഠനത്തിലേക്ക്‌ തിരിഞ്ഞ അദ്ധേഹം സുപ്രസിദ്ധ കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്ലിയാരുടെ മങ്ങാട്‌ ദര്‍സില്‍ ചേർന്ന് എട്ടു വര്‍ഷവും ജ്യേഷ്‌ട സഹോദരന്‍ അഹ്മദ്‌ കോയ മുസ്ലിയാരുടെ കീഴില്‍ മലയമ്മ ദര്‍സിൽ ഒരു വര്‍ഷവും ചേരുന്ന് പഠനം നടത്തി. ഇപ്രകാരം 12 വര്‍ഷം നീണ്ടുനിന്ന ദര്‍സ്‌ പഠനത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വലിഹാത്ത് കോളേജിൽ നിന്നും "ബാഖവി" ബിരുദം നേടി മത മേഖലയിലേക്ക് തിരിഞ്ഞു. 
താമരശ്ശേരിക്കടുത്ത കടവൂര്‍, കത്തറമ്മല്‍ എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തി. ഒരു വര്‍ഷം കാസര്‍ഗോഡ്‌ സഅദിയ്യയില്‍ പ്രിന്‍സിപ്പലായും രണ്ടു വര്‍ഷം വീതം ചാലിയത്തും കാവന്നൂരും ആറു വര്‍ഷം തിരുവള്ളൂരും തുടര്‍ന്ന്‌ കൊടുവള്ളി രിയാളു സ്വാലിഹീനിലും കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക്‌ കോളേജിലും അദ്ധ്യാപകനായ അദ്ദേഹം സമസ്‌ത കോഴിക്കോട്‌ ജില്ലാ പ്രസിഡണ്ട്‌ പദവിയും വഹിച്ചിരുന്നു. റിയാദ്‌ കോഴിക്കോട്‌ ജില്ലാ മുസ്ലിം ഫെഡറേഷന്റെ പണ്ഡിത പ്രതിഭാ പുരസ്‌കാരത്തിന്‌ അര്‍ഹനായിട്ടുണ്ട്‌.
1981 ല്‍ സമസ്‌ത കേന്ദ്ര മുശാവറയിലെ അംഗമാവുകയും പിന്നീട്‌ സമസ്‌തയുടെ ട്രഷററായി തിരെഞ്ഞെടുക്കപെടുകയും ചെയ്‌തു.സ്വന്തം പിതാവിന് മഹല്ലി ദര്‍സ് നടത്തിക്കൊടുത്ത ചരിത്രവും അദ്ദേഹത്തിനുണ്ട്.ശംസുല്‍ ഉലമയുടെ വിയോഗത്തിന് ശേഷം ആദ്യ മുശാവറയില്‍ തന്നെ സമസ്തയുടെ ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ടു.  ഇതിന്‌ പുറമെ വിദ്യഭ്യാസ ബോര്‍ഡ്‌ എക്‌സിക്യൂട്ടിവ് മെമ്പര്‍, കൊടുവള്ളി രിയാളുസ്വാലിഹീന്‍ ജനറല്‍ സെക്രെട്ടറി, സി.എം മഖാം വൈസ്‌ പ്രസിഡണ്ട്‌, നരിക്കുനി മജ്‌മഅ്‌ പ്രസിഡണ്ട്‌ തുടങ്ങിയപദവികൾക്കൊപ്പം കൊടുവള്ളി താമരശ്ശേരി ഭാഗങ്ങളിലെ നാല്‍പതോളം മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിച്ചിരുന്നു.
കൊടുവള്ളി സ്വദേശി അബൂബക്കര്‍ മുസ്ലിയാരുടെ മകള്‍ ഉമ്മു കുല്‍സുവാണ്‌ ഭാര്യ മക്കള്‍: മുഹമ്മദ്‌ അസ്‌ലം ബാഖവി, അബ്ദുല്‍ ലത്തീഫ്‌ ഫൈസി, അബ്ദുല്‍ ജലീല്‍ ബാഖവി, ഡോ. അബൂബക്കര്‍, ഉബൈദ്‌ ഫൈസി, സഈദ്‌ ഫൈസി, മൈമൂന, താലിയാത്ത്‌, ഫാത്തിമ സുഹ്‌റ. ജാമാതക്കള്‍: മുഹമ്മദ്‌ ബാഖവി വാവാട്‌, അബ്ദു റസാഖ്‌ മുസ്ലിയാര്‍ പന്നൂര്‍, മുനീര്‍ ഫൈസി എളേറ്റില്‍, നദീറ മുയിപ്പോത്ത്‌, ഷരീഫ പറമ്പില്‍ ബസാര്‍, നജ്‌മുന്നീസ പുവാട്ട്‌ പറമ്പ്‌, ജുവൈരിയ്യ പുല്ലാളൂര്‍, ഫാത്തിമ സുഹ്‌റ നരിക്കുനി, ജസീന വാവാട്‌.
ജീവിത വിശുദ്ധിയുടെ ഉയരങ്ങള്‍ കീഴടക്കിയ വിനായാന്വിത പണ്ഡിത പ്രതിഭയായിരുന്നു പാറന്നൂര്‍ ഇബ്രാഹീം മുസ്ലിയാരെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.സമസ്ത  കേരള മുസ്ലിം എംപ്ലോയീസ്‌ അസ്സോസിയേഷന്‍ പ്രസിഡണ്ട്‌ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രെട്ടറി മുസ്‌തഫ മുണ്ടുപാറ എന്നിവരും മറ്റു നേതാക്കളും അനുശോചിച്ചു.
ശൈഖുനായെ കുറിച്ച്‌ ഇപ്പോള്‍ കേരള ഇസ്ലാമിക്‌ റൂമില്‍ നടക്കുന്ന അനുസ്‌മരണവും ഖത്മുൽ ഖുര്‍ആന്‍ പാരായണവും കേള്‍ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക