ഹജ്ജിന്റെ പുണ്യംനേടി അള്ളാഹുവിന്റെ അതിഥികള്‍ മടങ്ങിയെത്തി; ആദ്യസംഘത്തില്‍ 300 പേര്‍, മടക്കവരവ് 15 വരെ തുടരും.

ഹാജിമാരെ സ്വീകരിക്കുന്ന
 ബന്ധുക്കളുടെതിരക്ക് 
കൊണ്ടോട്ടി: പുണ്യംതേടി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവര്‍ വ്യാഴാഴ്ച മടങ്ങിയെത്തി. 300 പേരടങ്ങിയ ആദ്യസംഘം 3.15നാണ് കോഴിക്കോട്ട് വിമാനമിറങ്ങിയത്. ആദ്യസംഘത്തില്‍ 148 പുരുഷന്‍മാരും 152 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മുസ്‌ലിയാര്‍, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, ഇ.സി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ഹാജിമാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
'തിരക്കുണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല. ആദ്യദിവസങ്ങളില്‍ ഭക്ഷണം പ്രശ്‌നമായിരുന്നു. പ്രവാസി സംഘടനകളുടെ ഭക്ഷണം കിട്ടിയതോടെ ആപ്രശ്‌നവും തീര്‍ന്നു. സന്തോഷത്തോടെ ഹജ് നിര്‍വഹിക്കാന്‍ പറ്റി'-
മുക്കം നെല്ലിക്കാപ്പറമ്പ് വലിയപറമ്പ് വീരാന്‍കുട്ടി പറഞ്ഞു. മകള്‍ ഫാത്തിമയ്‌ക്കൊപ്പമാണ് വീരാന്‍കുട്ടി ഹജ്ജ് നിര്‍വഹിച്ചത്. വളണ്ടിയര്‍മാരുടെ സഹായം ലഭിച്ചതിനാല്‍
പ്രയാസമൊന്നും കൂടാതെ ഹജ്ജ് നിര്‍വഹിക്കാനായതായി കുന്ദമംഗലം ചാത്തന്‍കാവ് നടുക്കണ്ടിയില്‍ കോയയും മുഹമ്മദും പറഞ്ഞു. 
ഹാജിമാരെ സ്വീകരിക്കാന്‍ രണ്ട്മണി മുതല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. ലഗേജുകള്‍ പരിശോധന നടത്തുന്നതിനിടെ വൈദ്യുതിത്തകരാര്‍ സംഭവിച്ചത് സമയം വൈകിച്ചു. ലഗേജ് പരിശോധനയ്ക്കും പുറത്തെത്തിക്കാനും മറ്റും വളണ്ടിയര്‍മാര്‍ സഹായിച്ചു. അഞ്ച് മണിയോടെയാണ് ഹാജിമാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. ഹാജിമാര്‍ക്കുള്ള സംസം വെള്ളം വിമാനത്താവളത്തില്‍ വിതരണം ചെയ്തു. ഈ വര്‍ഷം 8817 തീര്‍ഥാടകരാണ് ഹജ്ജിന് പുറപ്പെട്ടത്. ഹാജിമാരുടെ മടക്കവരവ് 15 വരെ തുടരും.