മത വിജ്ഞാനീയങ്ങളുടെ പൈതൃകധാരയെ ഈര്‍പ്പം കലരാതെ സംരക്ഷിക്കുകയും പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്ന മഹത്തായ ദൗത്യമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ 1951-ല്‍ രൂപം കൊണ്ട സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡും 1959-ല്‍ രൂപം കൊണ്ട ജംഇയ്യത്തുല്‍ മുഅല്ലിമീനും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. സമസ്തക്കു കീഴിലെ ഒന്‍പതിനായിരത്തി മുന്നൂറ് മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും അവയുടെ പുരോഗതിക്കാവശ്യമായ പുതിയ മാര്‍ഗങ്ങള്‍ നടപ്പിലാക്കുന്നതും ഈ സംഘടനകളാണ്.
മദ്രസാ മുഅല്ലിമീങ്ങളുടെ നാനോന്മുഖ ക്ഷേമം ലക്ഷ്യമിട്ട് 1959-ലാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊള്ളുന്നത്.വന്ദ്യരായ വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെയും പി. അബൂബക്കര്‍ നിസാമിയുടെയും കെ.പി ഉസ്മാന്‍ സാഹിബിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 413 റെയ്ഞ്ചുകളും 17 ജില്ലാ ഘടകങ്ങളുമായി പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.
മദ്രസാ മുഅല്ലിമീങ്ങള്‍ക്ക് ശാസ്ത്രീയമായ അധ്യാപനരീതികളില്‍ പരിശീലനം കൊടുക്കുന്നതോടൊപ്പം അവരുടെ അക്കാദമിക- സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയും സംഘടന പരിപാടികളാവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു. അവശ സഹായം, സര്‍വീസ് ആനുകൂല്യം, പെന്‍ഷന്‍, മരണാനന്തര ക്രിയാസഹായം, പ്രവര്‍ത്തക അലവന്‍സ്, മോഡല്‍ ക്ലാസ് അലവന്‍സ്, മദ്രസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, മുഅല്ലിം നിക്ഷേപ പദ്ധതി, കലാസാഹിത്യ മത്സരം, വിവിധ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രയോഗവത്കരിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ മുഅല്ലിം പെന്‍ഷനും നിക്ഷേപ
പദ്ധതിയും പോലുള്ള സംരംഭങ്ങള്‍ക്ക് കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ ഇപ്പോഴും ധൈര്യം കാണിക്കുന്നില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൈവരിച്ചിരിക്കുന്ന സ്വപ്‌ന സമാനമായ നേട്ടം അനാവൃതമാവുന്നത്.
പദ്ധതിയും പോലുള്ള സംരംഭങ്ങള്‍ക്ക് കേരളത്തിലെ ഇതര സാമുദായിക സംഘടനകള്‍ ഇപ്പോഴും ധൈര്യം കാണിക്കുന്നില്ലെന്നറിയുമ്പോഴാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൈവരിച്ചിരിക്കുന്ന സ്വപ്‌ന സമാനമായ നേട്ടം അനാവൃതമാവുന്നത്.
ഭൗതിക സാഹചര്യങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെയും അതിവേഗ പുരോഗതി കാരണമായി നമ്മുടെ ജീവിത പരിസരവും ആവശ്യങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ദര്‍സുകളുടെ ചുവടുപിടിച്ചു നിലവില്‍ വന്ന മദ്രസാ പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളില്‍ നിന്ന് വര്‍ത്തമാനാന്തരീക്ഷം ഏറെ പരിവര്‍ത്തിതമായി കഴിഞ്ഞു. അക്കാലങ്ങളില്‍ മദ്രസാ വിദ്യാഭ്യാസം നേടിയിരിക്കണമെന്ന് നിര്‍ബന്ധമുള്ളവരായിരുന്നു മുസ്‌ലിം സമൂഹത്തിലെ ബഹുഭൂരിഭാഗവും. അതിനു പുറമെ, ഇന്നത്തേതു പോലെ സജീവവും സുദീര്‍ഘവുമായ ഭൗതിക വിദ്യാഭ്യാസമോ ഉന്നത പഠനങ്ങളോ വിദ്യാഭ്യാസ രംഗത്തെ ദുഷ്പ്രവണതകളോ നിലനിന്നിരുന്നില്ല. സജീവമായ മതബോധവും ആധ്യാത്മിക രംഗങ്ങളിലെ ഉയര്‍ന്ന ചിന്തയും സമൂഹത്തെ മതവിജ്ഞാനത്തോടടുപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കുകയും ഭൗതിക വിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും മത വിദ്യാഭ്യാസം അലങ്കാരമോ ഐച്ഛികമോ ആവശ്യമില്ലാത്തതോ ആയി കാണുകയും ചെയ്യുന്ന തലമുറയാണ് ഇന്നു ജീവിക്കുന്നത്. വര്‍ധിച്ചു വരുന്ന ആംഗലേയ വിദ്യാലയങ്ങളും അവയിലേക്കാകര്‍ഷിക്കപ്പെടുന്ന മത - ധര്‍മ ബോധമില്ലാത്ത അനേകം വിദ്യാര്‍ത്ഥികളും വിളിച്ചോതുന്നത് ഈ ഒരു യാഥാര്‍ത്ഥ്യമാണ്.
ഇന്നത്തെ പലവിധത്തിലുള്ള സാമൂഹിക ചുറ്റുപാടുകള്‍ മത പ്രസ്ഥാനത്തിന് വെല്ലുവിളിയുയര്‍ത്തുന്നതിന് പുറമെയാണ് മുഅല്ലിമീങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. ഗള്‍ഫു കുടിയേറ്റത്തിലൂടെയും മറ്റു കച്ചവട മേഖലകളിലൂടെയും മുസ്‌ലിം സമൂഹം ആപേക്ഷികമായി സാമ്പത്തിക അഭിവൃദ്ധി നേടിക്കഴിഞ്ഞുവെങ്കിലും ഈ മാറ്റം തീരെ ചലനം സൃഷ്ടിക്കാത്ത മേഖലയാണ് മുഅല്ലിമീങ്ങളുടെ വേതന രംഗം. വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ കൂടിയാവുന്നതോടെ വലിയൊരു ശതമാനം മുഅല്ലിമീങ്ങള്‍ മറ്റുവഴികള്‍ തേടിയിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. പലരും ഭാഗ്യം തേടി ഗള്‍ഫിലേക്കും മറ്റു തൊഴിലുകളിലേക്കും ചുവടുമാറ്റുന്നു.
അധ്യാപക ക്ഷാമം, മുഅല്ലിംകളുടെ കൊഴിഞ്ഞു പോക്ക്, സമയക്കുറവ്, പഠിച്ചറിഞ്ഞ അറിവുകള്‍ക്കനുസൃതമായി പുതുതലമുറ പ്രായോഗിക ജീവിതത്തെ രൂപപ്പെടുത്താത്തത് തുടങ്ങി ഒട്ടനേകം സങ്കീര്‍ണതകള്‍ മദ്രസാ പ്രസ്ഥാനത്തിന്റെ ത്വരിതഗമനത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ പൊതു സമൂഹത്തെ ഈ സാമൂഹിക ദുരന്തത്തെ കുറിച്ച് ബോധവാന്മാരാക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ തേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷത്തില്‍ ഒരു ദിവസം മുഅല്ലിം ഡേ ആയി ആചരിക്കാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചത്. രൂക്ഷമായ സാമ്പത്തിക പരാധീനതകള്‍ കാരണം മുഅല്ലിമീങ്ങളുടെ കൊഴിഞ്ഞു പോക്കിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഅല്ലിം ക്ഷേമനിധിയിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടനുബന്ധിച്ച് നടക്കുന്നു.
മതവിദ്യാഭ്യാസത്തോട് പൊതു സമൂഹത്തില്‍ രൂപപ്പെട്ടു വരുന്ന അവഗണനാ മനോഭാവവും മഹല്ല് നേതാക്കളുടെ ശ്രദ്ധയില്ലായ്മയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാവും കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ സൃഷ്ടിക്കുക. പ്രാഥമിക മത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും മദ്രസാരംഗം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും മുഅല്ലിം ദിനത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ രൂപപ്പെടുകയും ചെയ്യണം. മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, അധ്യാപക ജോലിയുടെ മഹത്വം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ മഹല്ല് നേതൃത്വങ്ങളും രക്ഷാകര്‍ത്താക്കളും തിരിച്ചറിഞ്ഞാല്‍ മാത്രമേ മാറിയ സാഹചര്യത്തില്‍ മദ്രസാ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുകയുള്ളു.
അസംഘടിതത്വവും അരാജകത്വവും രൂക്ഷമായ പുതുതലമുറയെ നന്മയുടെ വഴികളിലേക്ക് തിരിച്ചുവിടുകയെന്നതാണ് മുഅല്ലിം ഡെ നല്‍കുന്ന മറ്റൊരു സന്ദേശം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുക വഴി വിദ്യാര്‍ഥികളെ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുമ്പോള്‍ മദ്രസകളില്‍ ഈ സംവിധാനം അന്യമാണ്. മകനെ/മകളെ ഒന്നാം തരത്തില്‍ ചേര്‍ത്താല്‍ പിന്നെ തിരിഞ്ഞുനോക്കണമെന്നില്ല. ഇത്തരം സമ്പര്‍ക്കമില്ലായ്മ മൂലം കുട്ടികള്‍ ദുഷിച്ചുപോവാന്‍ സാധ്യതകളേറെയാണെന്ന് മനസ്സിലാക്കി രക്ഷാകര്‍തൃ സമൂഹത്തിന് മദ്രസയും അധ്യാപകരുമായി ബന്ധമുണ്ടാക്കാനും ആശയ വിനിമയങ്ങള്‍ നടത്താനും സന്ദര്‍ഭങ്ങളുണ്ടാക്കി അവ ഉപയോഗപ്പെടുത്തണം. അതോടൊപ്പം മുസ്‌ലിം സമൂഹത്തിന്റെ ചരിത്രമോ പാരമ്പര്യ വിശേഷങ്ങളോ തിരിച്ചറിയാത്ത, ഭൗതിക ലബ്ധി മാത്രം ലക്ഷ്യം വെക്കുന്ന സമുദായത്തിലെ ആധുനിക പൗരവിഭാഗങ്ങളെ ജ്ഞാന പാരമ്പര്യങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്താനും മതവിദ്യാഭ്യാസത്തിനാവശ്യമായ നൂതന സൗകര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനും മുഅല്ലിം ഡേയില്‍ സമയം കണ്ടെത്തണം.
ഉപരി സൂചിത ആശയങ്ങളെ പ്രയോഗ പഥത്തിലെത്തിക്കേണ്ടത് നമ്മുടെ മദ്രസാ മുഅല്ലിംകളെന്ന വലിയ സമൂഹമാണ്. എന്നാല്‍ മതവിദ്യാഭ്യാസത്തോടു സമൂഹം കാണിക്കുന്നതിലേറെ രൂക്ഷമായ അവഗണനയാണ് മതാധ്യാപകര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. അംഗബലത്തില്‍ വളരെയേറെ ഉണ്ടായിട്ടും സമരപ്രഖ്യാപനങ്ങളോ പ്രതിഷേധപ്രകടനങ്ങളോ ഇല്ലാതെ അവര്‍ തലമുറകള്‍ക്ക് മതവിദ്യയുടെ പ്രകാശം തെളിച്ചു കൊടുക്കുന്നു. അതുകൊണ്ട് മുഅല്ലിം സമൂഹത്തെ ആവശ്യമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചുകൊടുത്ത് മഹല്ലിന്റെ ഔന്നത്യത്തിനും സാമുദായിക പുരോഗതിക്കും വിശിഷ്യ വിദ്യാര്‍ഥികളുടെ നാനോന്മുഖ നന്മക്കും വിനിയോഗിക്കാനുതകുന്ന നയനിലപാടുകള്‍ മുഅല്ലിം ദിനത്തില്‍ രൂപീകൃതമാവണം. സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അസാന്മാര്‍ഗികതക്കെതിരെ ബോധവത്കരണം നടത്താനും ദിനം പ്രതി ശിഥിലമാവുന്ന സാമൂഹിക-കുടുംബ ബന്ധങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും സാധ്യമാവുന്ന രീതിയില്‍ കെട്ടുറപ്പുള്ള മഹല്ല് സംവിധാനങ്ങള്‍ക്ക് മുഅല്ലിമീങ്ങളെ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ വളരെ വലിയ മാറ്റങ്ങള്‍ സാധ്യമാവും.-- ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി(ചന്ദ്രിക)