ഹിജ്റ1435; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികൾ

ഇസ്‌ലാമിക പുതുവര്‍ഷപ്പുലരിയെ കാത്തിരിക്കുകയാണു ലോകമെങ്ങുമുള്ള വിശ്വാസികള്‍. ഇസ്‌ലാമിക കലണ്ടറായ ഹിജ്‌റയുടെ 1435ാം വര്‍ഷത്തിനാണു തുടക്കമാകാന്‍ പോകുന്നത്‌. മുഹറമാണു ഹിജ്‌റ കലണ്ടറിലെ ആദ്യമാസം. ദുല്‍ഹജ്‌ അവസാനത്തേതും. സൌദിയിലും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളിലും ഇന്നു ദുല്‍ഹജ്‌ 29 ആണ്‌. കേരളത്തിലും മറ്റും ഇന്ന്‌ 28 ആയതേ ഉള്ളൂ. സൌദിയില്‍ ഇന്നു സന്ധ്യയ്ക്കു മാസപ്പിറവി കണ്ടാല്‍ പുതുവര്‍ഷത്തിനു തുടക്കമാകും. നാളെ മുഹറം ഒന്നായിരിക്കും. മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്‌ചയായിരിക്കും പുതുവര്‍ഷം തുടങ്ങുക. സൌദിയുടെ ഔദ്യോഗിക കലണ്ടറായ ഉമ്മുല്‍ഖുറ പ്രകാരം ഇന്നു മാസപ്പിറവി കാണുമെന്നാണു സൂചന. തിങ്കളാഴ്‌ച മുഹറം ഒന്നായിട്ടാണു രേഖപ്പെടുത്തിയിട്ടുള്ളത്‌. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) മക്കയില്‍നിന്നു മദീനയിലേക്കു പലായനം ചെയ്‌ത തീയതി അടിസ്‌ഥാനമാക്കിയാണു ഹിജ്‌റ കലണ്ടര്‍. ചന്ദ്രമാസം അടിസ്‌ഥാനമാക്കിയുള്ള ഈ കലണ്ടറിന്‌ ഒരു വര്‍ഷത്തില്‍ 354 ദിവസമേയുള്ളൂ. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ചു 11 ദിവസം കുറവ്‌. ഓരോ 33 വര്‍ഷത്തിലും ഒരു വര്‍ഷത്തിന്റെ വ്യത്യാസം. എഡി 622 ആണു ഹിജ്‌റയിലെ ഒന്നാം വര്‍ഷം.
(മദീനയില്‍ നിന്ന്‌ മുഹമ്മദ്‌ അനീസിന്റെ റിപ്പോര്ട്ടോടെ)