വഖഫ് സ്വത്തുക്കള്‍ വരുതിയിലാക്കാന്‍ ജമാഅത്ത് നീക്കം

തിരൂര്‍: വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡ് രജിസ്‌ട്രേഷനില്‍നിന്ന് മാറ്റി സംഘടനക്കു കീഴില്‍ കൊണ്ടുവരാന്‍ ജമാഅതെ ഇസ്‌ലാമിക്കാരുടെ ആസൂത്രിത നീക്കം. തിരൂര്‍ മംഗലം ചേന്നരക്കടുത്തുള്ള പെരുന്തിരുത്തി പുതിയ ജുമാമസ്ജിദും അനുബന്ധ സ്ഥാപനങ്ങളും വഖഫ് രജിസ്‌ട്രേഷനില്‍നിന്നു മാറ്റി ജമാഅതെ ഇസ്‌ലാമിയുടെ കേരള മസ്ജിദ് കൗണ്‍സിലിനു കീഴില്‍ കൊണ്ടുവരാനുളള നീക്കം ഇതിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. വഖഫ് സ്വത്ത് അന്യാധീനപ്പെടുത്താനുള്ള ജമാഅത്ത് നീക്കത്തിനെതിരെ ബന്ധപ്പെട്ടവര്‍ വഖഫ് ബോര്‍ഡിനു പരാതി നല്‍കിയിട്ടുണ്ട്.
'വഖഫ് ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ നിരവധി മഹല്ലുകള്‍' എന്ന തലക്കെട്ടില്‍ മാര്‍ച്ച് ഒന്നിന് ജമാഅത്ത് പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്താലുള്ള ആനുകൂല്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് മഹല്ലുകള്‍ ഇതില്‍നിന്നും വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് ജമാഅത്ത് പത്രം പരിഭവപ്പെടുന്നത്. 
ഇതേസമയത്തുതന്നെയാണ് നിലവില്‍ വഖഫ് രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളെ അതില്‍നിന്ന് മാറ്റി സംഘടനാ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഒരുഭാഗത്ത് ശ്രമം നടക്കുന്നതും. വഖഫ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ആരും ഗൗരവമായി എടുക്കുന്നില്ലെന്ന് വരുത്തിതീര്‍ത്ത് തങ്ങളുടെ നീക്കങ്ങള്‍ക്ക് മറയിടാനാണ് ജമാഅത്ത് നേതൃത്വം ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
വഖഫ് ബോര്‍ഡ് നിയമപ്രകാരം 1961 ജനുവരി 25ന് 139ാം നമ്പര്‍ ആയി തിരൂര്‍ താലൂക്കിലെ ചേന്നര അംശം പെരുന്തിരുത്തി ദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പുതിയ ജുമാമസ്ജിദും ചുറ്റുമുള്ള 77 സെന്റ് സ്ഥലവും മറ്റു സ്ഥാപനങ്ങളുമാണ് ജമാഅത്തുകാര്‍ ഇടപെട്ട് വഖഫ് ബോര്‍ഡിനുകീഴില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാരായ പാലക്കവളപ്പില്‍ തണ്ടത്ത് നൗഷാദ്, പി.ടി അബ്ദുല്‍ ഗഫൂര്‍, പി.കെ സൈനുദ്ദീന്‍, പി.കെ ഷറഫുദ്ദീന്‍, കെ.പി താജുദ്ദീന്‍, കെ. ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ ബോര്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു. വഖ്ഫ് പ്രമാണത്തിനു വിരുദ്ധമായി മുത്തവല്ലിയെ സ്വാധീനിച്ചാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ജമാഅത് നിയന്ത്രണത്തിലുള്ള ട്രസ്റ്റിനു കീഴിലേക്ക് മാറ്റയിരിക്കുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പള്ളിയുടെ വഖ്ഫ് പ്രമാണപ്രകാരം മുത്തവല്ലിയായി വരേണ്ട പിന്‍ഗാമികളോടോ നിലവിലുണ്ടായിരുന്ന കമ്മിറ്റി അംഗങ്ങളോടോ പള്ളി മെമ്പര്‍മാരോടോ പള്ളി സ്വകാര്യ ട്രസ്റ്റിനു കൈമാറുന്ന കാര്യം ആരായുക പോലുമുണ്ടായില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.
പുരാതനമായ പള്ളിയും അതിനോടു ചേര്‍ന്നുള്ള മദ്രസയും കാലങ്ങളായി ഇസ്‌ലാമിക പ്രബോധന രംഗത്ത്് നിറഞ്ഞു നില്‍ക്കുന്ന സ്ഥാപനമാണ്. 
സംഘടനാ നേതൃത്വത്തിന്റെ ഒത്താശയോടെ പാരമ്പര്യമഹല്ലുകള്‍ സംഘടനക്കു കീഴില്‍ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണ് ജമാഅത്തെ ഇസ്്‌ലാമി പ്രവര്‍ത്തകര്‍ പുതിയ കയ്യേറ്റത്തിനു തുടക്കമിട്ടിരിക്കുന്നതെന്ന് ആരോപണമുണ്ട്. അടുത്ത കാലത്തായി മഹല്ല്് പിടിച്ചടക്കിയ ജമാഅത്ത് നേതൃത്വം ഇപ്പോള്‍ വഖഫ് ബോര്‍ഡ് അറിയാതെ സ്ഥാപനം തങ്ങളുടെ മസ്്ജിദ് കൗണ്‍സിലിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണ്.മഹല്ലിലെ പതിനാറു കുടുംബങ്ങള്‍ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ക്കെതിരെ ഊരുവിലക്കും ഭീഷണിയും വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി് ജമാഅത്ത് നേതൃത്വം കുതന്ത്രം വിജയിപ്പിച്ചെടുക്കുകയായിരുന്നു. ജമാഅത്ത് നേതാവായ വഖഫ് ബോര്‍ഡ് മെമ്പറാണ് പള്ളിയെയും മദ്രസ്സയെയും വഖഫ് ബോര്‍ഡില്‍ നിന്നു പ്രസ്ഥാനത്തിലേക്കു മാറ്റാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വഖഫ് ബോര്‍ഡ് സര്‍ക്കാറിന്റേതാണെന്നും ജനാധിപത്യ സര്‍ക്കാര്‍ ഇസ്‌ലാമിക ദൃഷ്ട്യാ താഗൂത്താ(പൈശാചിക ഭരണം)ണെന്നുമാണ് ജമാഅത് വിശ്വസിച്ചിരുന്നത്.
അതിനാല്‍ ഏക ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മസ്ജിദ് കൗണ്‍സിലിനു കീഴിലേക്ക് വഖഫുകള്‍ മാറ്റി സ്ഥാപിക്കുന്നത് അനുവദനീയമാണെന്നുമാണ് പ്രദേശവാസികളായ ജമാഅത്തുകാരെ നേതൃത്വം വിശ്വസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇത്തരം കുതന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമെന്നു സംഘടന വിശേഷിപ്പിക്കുന്ന സര്‍ക്കാരിന്റെ വഖഫ് ബോര്‍ഡില്‍ ജമാഅത്ത് കയറിക്കൂടിയതെന്നും ആരോപണമുണ്ട്.
ജമാഅത്തുകാര്‍ പൊതുവെ പള്ളികള്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടുവരികയാണ് പതിവ്. ഇവ വഖഫ് ബോര്‍ഡിലേക്കു അടുപ്പിക്കാറില്ല. ജമാഅത്ത് പള്ളികള്‍ മിക്കതിന്റെയും സ്ഥിതി ഇതാണെന്നിരിക്കെയാണ് വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷനെച്ചൊല്ലി വാര്‍ത്ത പ്രസിദ്ധീകരിച്ച് തങ്ങളുടെ ഗൂഢശ്രമങ്ങള്‍ക്ക് മറയിടാന്‍ ജമാഅതെ ഇസ്‌ലാമിക്കാര്‍ ശ്രമിക്കുന്നത്.വഖഫ് കയ്യേറ്റങ്ങള്‍ ഇന്ത്യയിലെങ്ങും വ്യാപകമാണ്. പാര്‍ലമെന്റില്‍ പലതവണ ഇതേക്കുറിച്ച് വാദങ്ങള്‍ മുഴങ്ങിയിട്ടുണ്ടെങ്കിലും പരിഹരിക്കാനാവശ്യമായ നടപടികളുണ്ടായിട്ടില്ല. വഖഫ് സ്വത്തില്‍ നിന്ന് ഒന്നും മറ്റു കാര്യങ്ങളിലേക്കു നീക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാമിക പ്രമാണം. എന്നാല്‍ വഖഫ് സ്വത്തിനെ വഖഫല്ലാതാക്കുന്ന മാഫിയ പ്രവര്‍ത്തനത്തിനാണ് ജമാഅത്തുകാര്‍ തുടക്കമിട്ടിരിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.