കൊണ്ടോട്ടി: കര്‍ശന നിബന്ധനയും മാനദണ്ഡങ്ങളും ഹജ്ജ് അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നു. ഒരുമാസത്തിനിടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 9282 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഒരുമാസത്തിനകം 25000-ത്തോളം അപേക്ഷകള്‍ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
ഹജ്ജ് കമ്മിറ്റി മുഖേന നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന തീരുമാനമാണ് അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് നിഗമനം. കൂടാതെ സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട് നമ്പര്‍ ബോധ്യപ്പെടുത്തുന്നതിന് കാന്‍സല്‍ ചെയ്ത ചെക്ക് നല്‍കല്‍ തുടങ്ങിയ നിബന്ധനകളും അപേക്ഷകള്‍ വൈകിപ്പിക്കുന്നു. ഇത്തവണ സാമ്പത്തികച്ചെലവും വര്‍ധിക്കും.
മാര്‍ച്ച് 20 വരെയാണ് ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നത്. റിസര്‍വ് കാറ്റഗറിക്കാര്‍ അപേക്ഷയോടൊപ്പം യഥാര്‍ഥ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നാണ് നിബന്ധന. പലരും ഇപ്പോഴാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. ഹജ്ജ് പാസ്‌പോര്‍ട്ടുകള്‍ വേഗത്തില്‍ അനുവദിക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്ക് അവസാന സമയത്തായിരിക്കും അപേക്ഷ നല്‍കാനാവുക. ഇനിയുള്ള ദിവസങ്ങളില്‍ അപേക്ഷകളുടെ പ്രവാഹമുണ്ടാവുമെങ്കിലും കഴിഞ്ഞ വര്‍ഷത്തെയത്ര എണ്ണമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 49429 അപേക്ഷകള്‍ ലഭിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിലും ഹജ്ജ് അപേക്ഷകളുടെ വരവില്‍ കുറവുണ്ട്. നിലവില്‍ കൂടുതല്‍ അപേക്ഷകളെത്തിയത് മഹാരാഷ്ട്രയിലാണ്. 10647 അപേക്ഷകരാണ് ഇതുവരെയുള്ളത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയില്‍ 42022 അപേക്ഷകളുണ്ടായിരുന്നു. ഗുജറാത്തില്‍ 8000 അപേക്ഷകളും ഉത്തര്‍പ്രദേശില്‍ 6467 അപേക്ഷകളുമാണ് ഇതുവരെ ലഭിച്ചത്.
ഹജ്ജ്: നേരത്തെ ഔദ്യാഗിക സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത്തവണയും അപേക്ഷിക്കാം
കൊണ്ടോട്ടി: മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് വളണ്ടിയര്‍മാരായോ ഹജ്ജ് സംബന്ധമായ ഔദ്യാഗിക ആവശ്യങ്ങള്‍ക്കോ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പോയവര്‍ക്ക് ഹജ്ജിന് അപേക്ഷ നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഹജ്ജ് എന്ന നിബന്ധന ഈ വിഭാഗക്കാര്‍ക്ക് ബാധകമല്ലെന്ന് ഹജ്ജ് കമ്മിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി. പ്രവാസി പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കോ, ഇന്ത്യക്കാരുടെ വിദേശികളായ ജീവിതപങ്കാളികള്‍ക്കോ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നല്‍കാനാകില്ല.
സംവരണം എ, ബി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് ഒരേ കവറില്‍ അപേക്ഷിക്കാമെങ്കിലും ഹജ്ജ് -2013ന് ഇവരെ സംവരണം ബി വിഭാഗത്തിലാകും പരിഗണിക്കുക. അപേക്ഷകരുടെ അന്യസംസ്ഥാനക്കാരായ ബന്ധുക്കളെ അപേക്ഷയില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് മഹ്റം ആയി പ്രത്യേക അനുമതിയോടെ ഇത്തരക്കാരെ പരിഗണിക്കും. വികലാംഗര്‍ക്ക് സാധാരണഗതിയില്‍ അപേക്ഷ നല്‍കാനാകില്ല. എന്നാല്‍, ഇയാളുടെ ഉത്തരവാദിത്തം യാത്രയിലുടനീളം വഹിക്കാമെന്ന ഉറപ്പില്‍ സഹായിക്കൊപ്പം യാത്ര അനുവദിക്കും. നാലാം തവണ ഹജ്ജിന് അപേക്ഷിക്കുന്ന സ്ത്രീഅപേക്ഷകരുടെ മഹ്റം മരിച്ചിട്ടുണ്ടെങ്കില്‍ മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരക്കാര്‍ക്ക് പുതിയ മഹ്റത്തെ കണ്ടെത്താനാകും. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് റിസര്‍വ് കാറ്റഗറിയില്‍ അപേക്ഷ നല്‍കാന്‍ സഹായി നിര്‍ബന്ധമാണ്. എന്നാല്‍, സഹായിയില്ലാതെ ഇവര്‍ക്ക് ജനറല്‍ വിഭാഗത്തില്‍ അപേക്ഷിക്കാം.