കാസറകോട്ടെ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉന്നതതല ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം : SKSSF കാസര്‍ഗോഡ്

കാസറകോട് : കാസറകോട്ടെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് അറുതി വരുത്താന്‍ ജില്ലയിലുണ്ടായ കൊലപാതകങ്ങളെ കുറിച്ച് ഉന്നതതല ഏജന്‍സിയെ കൊണ്ട് പുനരന്വേഷണം നടത്തി യധാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് കടുത്ത ശിക്ഷ നല്‍കണമെന്ന് SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാസറകോടിന്റെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഗൂഡാലോചന നടത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഒരു ശിക്ഷയും നല്‍കാതെ കോടതി വെറുതെ വിടുന്നത് നിത്യസംഭവമായിരിക്കയാണ്. ഇതിന്ന് പ്രധാന കാരണം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ച് കൊണ്ട് FIR തയ്യാറാക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പരാജയവും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കഴിവ്‌കേടുമാണ്.
കാസറകോട്ടുണ്ടായ രണ്ട് പ്രധാനപ്പെട്ട കൊലപാതകങ്ങളായ ആരിക്കാടി സ്വദേശി അസ്ഹറിന്റെയും കേളുഗുഡ്ഡെയിലെ റിഷാദിന്റെയും കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളേയും കോടതി അടുത്തടുത്തായി വെറുതെ വിട്ടു. ഈ സംഭവം മുഖേന ആര്‍ക്കും ആരേയും കൊലപ്പെടുത്താമെന്നും ഒരു ശിക്ഷയും ലഭിക്കില്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്. ഇത് കൊലപാതകങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും അധികരിക്കാനെ ഉപകരിക്കുകയുള്ളൂ. ആയതിനാല്‍ ജില്ലയില്‍ നടന്ന മുഴുവന്‍ വര്‍ഗ്ഗീയ കൊലപാതകങ്ങളും പുനരന്വേഷണം നടത്തി കോടതി വെറുതെ വിട്ട മുഴുവന്‍ പ്രതികളേയും ശിക്ഷിക്കാനുള്ള ചുറ്റുപാടുണ്ടാക്കണമെന്നും അത് വഴി ജില്ലയില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിന്ന് അറുതി വരുത്തണമെന്നും പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
- Secretary, SKSSF Kasaragod Distict Committee